ടീമിലില്ല; മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം
കോപ അമേരിക്ക വിജയത്തിന് ശേഷം ഒരു മാസത്തോളം പരിശീലനത്തിൽ നിന്ന് വിട്ടു നിന്ന മെസ്സി ഈയിടെയാണ് ഗ്രൗണ്ടിലിറങ്ങിയത്.
പാരിസ്: ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റ മത്സരത്തിന് ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിനെതിരെയുള്ള മത്സരത്തിന് ടീം പ്രഖ്യാപിച്ച കോച്ച് മൊറിഷ്യോ പൊച്ചെറ്റിനോ മെസ്സിക്കും നെയ്മറിനും ഇടം നൽകിയില്ല.
അർജന്റീനയുടെ ലിയാൻഡ്രോ പെരെഡസും ടീമിലില്ല. എന്നാൽ യൂറോ വിജയിച്ച ഗോൾകീപ്പർ ഡോണറുമ്മ, എയ്ഞ്ചൽ ഡി മരിയ, മാർക്വിഞ്ഞോസ്, മാർകോ വെറാറ്റി എന്നിവർ ടീമിലിടം നേടി. ശനിയാഴ്ച സ്ട്രാസ്ബർഗിനെതിരെ നടന്ന മത്സരത്തിലും മെസ്സി കളത്തിലുണ്ടായിരുന്നില്ല. കോപ അമേരിക്ക വിജയത്തിന് ശേഷം ഒരു മാസത്തോളം പരിശീലനത്തിൽ നിന്ന് വിട്ടു നിന്ന മെസ്സി ഈയിടെയാണ് ഗ്രൗണ്ടിലിറങ്ങിയത്.
'എല്ലാം പോസിറ്റീവാണ്. ടീമിൽ നല്ല അന്തരീക്ഷമാണുള്ളത്. മെസ്സി വേഗത്തിൽ ടീമുമായി ഇണങ്ങി വരുന്നു'- പരിശീലനത്തിനിടെ പൊച്ചെറ്റിനോ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് താരം എംബാപ്പെ ടീം വിടില്ലെന്നും കോച്ച് വ്യക്തമാക്കി. 'എംബാപ്പെ ഞങ്ങളുടെ കളിക്കാരനാണ്. അവൻ ഈ സീസണിൽ ഇവിടെയുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' - പൊച്ചെറ്റിനോ വ്യക്തമാക്കി.
Adjust Story Font
16