ഒരേ പൊളി, ഇത് പുതിയ അവതാരമോ; വെംബ്ലിയിൽ നിറഞ്ഞാടിയ മെസി
ഒരേറ്റക്കുറച്ചിലുമില്ലാതെ പറയാം, ഇതാ വെംബ്ലിയിലെ മെസി മാജിക്
വെംബ്ലി: ഡിഫൻഡിങ്, ടാക്ലിങ്, പ്രസ്സിങ്, പ്ലേ മേക്കിങ്, ഡ്രിബ്ളിങ്, ഷൂട്ടിങ്... യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള 'ഫൈനലിസിമ' മത്സരത്തിൽ മൈതാനം കണ്ടത് പുതിയ മെസിയെ. ബാഴ്‌സലോണയിൽനിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ ശേഷം സൂപ്പർ താരത്തിന്റെ കളിപ്പെരുമയെ കുറിച്ച് സംശയം തോന്നിയവർക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ മിന്നുംഫോം. ഒരേറ്റക്കുറച്ചിലുമില്ലാതെ പറയാം, ഇതാ കണ്‍തുറന്നു കാണൂ, വെംബ്ലിയിലെ മെസി മാജിക്.
34-ാം വയസ്സിലും ഇറ്റാലിയൻ പ്രതിരോധത്തിന് പിടിപ്പതു പണിയുണ്ടാക്കി മെസി. പലപ്പോഴും ഫൗൾ ചെയ്തു വീഴ്ത്തിയാണ് അസൂറിപ്പട മെസി മെനഞ്ഞ ആക്രമണത്തെ ചെറുത്തുനിന്നത്. ഇന്റർമിലാൻ സ്‌ട്രൈക്കർ ലൗതാറോ മാർടിനസിന്റ പിന്നിലായാണ് മെസി കളിയാരംഭിച്ചത്. ലോസൽസയും എയ്ഞ്ചൽ മരിയയുമായിരുന്നു ഇരുവിങ്ങുകളിലും. രണ്ടു പേരും മെസിക്ക് നല്ല പിന്തുണ നൽകി. പല പൊസിഷനുകളിലേക്കും മാറിമാറി നിന്ന് ഇറ്റാലിയൻ പ്രതിരോധത്തിന്റെ മാർക്കിങ്ങിൽനിന്ന് കുതറിമാറുകയും ചെയ്തു.
ഡീപ് മിഡ്ഫീൽഡിലേക്ക് ഇറങ്ങി വന്ന് കളി മെനയുന്ന രീതി കണ്ടു പലകുറി. ഇങ്ങനെയൊരു മുന്നേറ്റത്തിൽനിന്നാണ് അർജന്റീന ആദ്യ ഗോൾ നേടിയത്. മൈതാന മധ്യത്തു നിന്ന് മെസ്സിയെ ലക്ഷ്യമാക്കി പാസ് വരുമ്പോൾ മൂന്നു പ്രതിരോധ താരങ്ങൾ ഇറ്റാലിയൻ ഡിഫൻസിലുണ്ടായിരുന്നു. വലതുബാക്ക് ഡി ലോറൻസോ ഉയർത്തിയ കായിക വെല്ലുവിളി നേരിട്ട് ബോക്‌സിന്റെ വലതുമൂലയിലേക്ക് കടന്നു കയറിയ മെസ്സി പന്ത് കൈമാറി. ഗോൾകീപ്പർ ഡോണറുമ്മയ്ക്ക് പിടി കൊടുക്കാതെ കടന്നു പോയ പന്ത് പോസ്റ്റിലേക്ക് ടാപ് ഇൻ പണിയേ ലൗതാറോ മാർട്ടിനസിനുണ്ടായിരുന്നുള്ളൂ.
രണ്ടാം ഗോൾ മാർട്ടിനസും ഡി മരിയയും തമ്മിലുള്ള ധാരണയിൽ നിന്നായിരുന്നു. ഡോണറുമ്മയ്ക്ക് മുകളിലൂടെ അയത്‌ന ലളിതമായി ചിപ് ചെയ്താണ് മരിയ ഗോൾ നേടിയത്. മെസ്സിയുടെ അസിസ്റ്റിൽനിന്ന് ഡിബാലയാണ് മൂന്നാം ഗോൾ നേടിയത്. ഡോണറുമ്മയുടെ മികവൊന്നു കൊണ്ടു മാത്രമാണ് കളിയില്‍ മെസ്സി ഗോള്‍ നേടാതെ പോയത്.
മെസി മാത്രമല്ല, ഒരു സംഘമെന്ന നിലയിൽ അർജന്റൈൻ ടീം ഇന്നലെ കാണിച്ച ഒത്തൊരുമയാണ് എടുത്തു പറയേണ്ടത്. ക്രിസ്റ്റ്യൻ റൊമേറോയും നിക്കൊളാസ് ഒട്ടമെൻഡിയും അടങ്ങുന്ന പ്രതിരോധം, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, മെസ്സി നേതൃത്വം കൊടുത്ത മിഡ്ഫീൽഡ്, ബഞ്ചിൽനിന്നെത്തിയ പൗളോ ഡിബാല എന്നിവരെല്ലാം മികച്ചു നിന്നു.
വിജയത്തോടു കൂടി ഖത്തർ ലോകകപ്പിലെ ഹോട് ഫേവറിറ്റുകളായി മാറി അർജന്റീന. യൂറോ കപ്പ് ജേതാക്കളായിട്ടും ഇറ്റലിക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 11 മാസത്തിനിടെ രണ്ടാം അന്താരാഷ്ട്ര കിരീടമാണ് ലയണൽ മെസ്സിയുടേത്. 2021 ജൂലൈയിൽ നേടിയ കോപ കിരീടമാണ് ആദ്യത്തേത്. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്.
കോച്ച് ലയണൽ സ്‌കലോണിക്ക് കീഴിൽ സ്വപ്‌നതുല്യമായ കളിയാണ് നിലവിൽ ലാറ്റിനമേരിക്കൻ സംഘം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 32 കളികളിൽ അർജന്റീന തോറ്റിട്ടില്ല. 2019 കോപ അമേരിക്ക ഫൈനലിൽ ബ്രസീലിൽ നിന്നേറ്റ തോൽവിയാണ് അവസാനത്തേത്.
Adjust Story Font
16