'മെസി എന്നെ മറികടന്നാൽ 50 വയസ് വരെ ഞാൻ കളിക്കും'; വ്യക്തമാക്കി ഇതിഹാസതാരം
പി.എസ്.ജിയിൽ മെസ്സി അത്ര മികച്ച അരങ്ങേറ്റമല്ല കുറിച്ചിട്ടുള്ളത്. ലീഗ് വൺ കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ ആറു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്
പാരിസ്: ഒരു പതിറ്റാണ്ടോളം ബാഴ്‌സലോണയുടെ വിശ്വസ്ത താരമായിരുന്നു ബ്രസീലിയൻ ഡിഫൻഡർ ഡാനി ആൽവസ്. 2008 മുതൽ 2016 വരെ ടീമിനായി ബൂട്ടുകെട്ടിയ താരം 2021ൽ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് തിരിച്ചുവരവിനു ശേഷം 39കാരൻ വീണ്ടും ബാഴ്‌സയോട് വിടപറയുന്നത്.
നീണ്ട കരിയറിനിടയിൽ ബാഴ്‌സയ്ക്കടക്കം 43 കിരീടനേട്ടങ്ങളുടെ ഭാഗമാകാൻ ഡാനിക്കായിട്ടുണ്ട്. പ്രായം നാൽപതോടടുക്കുന്ന താരം ഉടൻ വിരമിച്ചേക്കുമെന്ന് അടുത്തിടെ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെല്ലാം ഡാനി തന്നെ നേരിട്ട് തള്ളിയിരിക്കുകയാണ്. കിരീട നേട്ടത്തിൽ തന്നെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി മറികടന്നാൽ 50 വയസ് വരെ കളി തുടരുമെന്നാണ് ഡാനി തമാശരൂപേണെ പ്രതികരിച്ചിരിക്കുന്നത്.
കിരീടനേട്ടത്തിൽ ഡാനിക്കു തൊട്ടുപിറകിലുണ്ട് മെസ്സി. 41 കിരീടങ്ങളാണ് അർജന്റീന ഇതിഹാസത്തിന്റെ പേരിലുള്ളത്. മെസിക്കാണെങ്കിൽ ഡാനിയെക്കാൾ നാല് വയസ് പ്രായം കുറവുമാണ്. ബാഴ്സയിലെ പഴയ സഹതാരത്തിന്‍റെ റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് ഇനി അധികകാലം വേണ്ടിവരില്ലെന്നുറപ്പ്. എന്നാൽ, പി.എസ്.ജിയിൽ അത്ര മികച്ച അരങ്ങേറ്റമല്ല മെസ്സി കുറിച്ചിട്ടുള്ളത്. ലീഗ് 1 കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ ആറു ഗോൾ മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്.
തിരിച്ചുവരവിനു ശേഷം കഴിഞ്ഞ ജൂണിലാണ് ഡാനി ബാഴ്‌സ വിടുന്നത്. നിലവിൽ മെക്‌സിക്കോ ലീഗായ 'ലിഗ എം.എക്‌സ്' ക്ലബ് പ്യൂമാസ് യു.എൻ.എ.എമ്മിനു വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ ദിവസം ഇ.എസ്.പി.എൻ റിപ്പോർട്ടർ ഹ്യൂഗോ സാഞ്ചസിനോടാണ് ഭാവിപദ്ധതികളെക്കുറിച്ച് ഡാനി വെളിപ്പെടുത്തിയത്.
പുതിയ ക്ലബിനൊപ്പം എന്റെ കായികക്ഷമത തെളിയിക്കാൻ ഇനിയും ഒരു വർഷംകൂടിയുണ്ട്. എനിക്കൊരു പ്രശ്‌നവുമില്ല. ഇനിയും എനിക്ക് കളിക്കാനാകുമെന്ന് അവർക്കുമുന്നിൽ തെളിയിക്കണം. വേറിട്ട ശൈലി പിന്തുടരുന്ന മെക്‌സിക്കോയിൽ ഒത്തൊരുമിച്ചുനിന്ന് മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുകയും യുവതാരങ്ങളെ മുന്നോട്ടുകൊണ്ടിവരികയും ചെയ്യണം-ഡാനി പറഞ്ഞു.
ഭാവിയെക്കുറിച്ച് ആലോചിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഡാനി വ്യക്തമാക്കി. ഭാവി എപ്പോഴും അജ്ഞാതമാണ്. ജീവിതം അങ്ങനെ മുന്നോട്ടുപോകട്ടെ എന്ന നിലപാടാണുള്ളത്. മെസ്സി എന്നെ മറികടന്നാൽ 50 വയസുവരെ താൻ കളിക്കുമെന്നും ഡാനി ആൽവസ് കൂട്ടിച്ചേർത്തു.
Summary: "If Messi passes me (in titles) I'm going to play until I'm 50" - Dani Alves makes hilarious statement about PSG superstar Lionel Messi and retirement
Adjust Story Font
16