Quantcast

അത്യുന്നതങ്ങളിൽ ഒരേയൊരു മിശിഹാ; കിരീടധാരണത്തിനു പൊൻതൂവൽ

ഇതു രണ്ടാം തവണയാണ് ലയണൽ മെസി 'ഫിഫ ദി ബെസ്റ്റ്' ആയി തിരഞ്ഞെടുക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-28 03:49:09.0

Published:

28 Feb 2023 2:23 AM GMT

LionelMessiFIFAthebest2022, FIFAthebest2022
X

പാരിസ്: ഗോൾനേട്ടത്തിലും അസിസ്റ്റിലും മൈതാനത്തെ മുന്നേറ്റങ്ങളിലും ലയണൽ മെസിയോടു മുട്ടാൻ പോന്ന താരങ്ങളുണ്ടായിരുന്നു 2022ല്‍; കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമെല്ലാം. എന്നാൽ, ഖത്തർ ലോകകപ്പിലെ ആ കിരീടനേട്ടം ഒന്നു മാത്രം മതി; മെസി ലോകത്തെ ഫുട്‌ബോൾ പ്രേമികളുടെയെല്ലാം ഹൃദയത്തിലെ 'ബെസ്റ്റാ'കാൻ. ഇപ്പോഴിതാ ഫിഫയും പ്രഖ്യാപിച്ചിരിക്കുന്നു; പോയ വർഷത്തെ 'ദി ബെസ്റ്റ്' മെസി തന്നെയെന്ന്.

അർജന്റീനയും മെസിയും ഫുട്‌ബോളിൽ ഉയിർത്തെഴുന്നേറ്റ വർഷമായിരുന്നു 2022. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സൗദിയോടേറ്റ അപ്രതീക്ഷിത തോൽവി. അതിനുശേഷം മെസിയുടെ ചിറകിലേറിയാണ്, അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. ഫുട്‌ബോൾ മൈതാനത്തെ, ആ മെസി മാജിക്കിനിപ്പോൾ ഫിഫയും കിരീടം ചാർത്തിയിരിക്കുകയാണ്.

അർജന്റീന ജനതയുടെ 36 വർഷത്തെ കാത്തിരിപ്പിനാണ് മെസിയും സംഘവും ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ അവസാനം കുറിച്ചത്. ഫുട്‌ബോൾ ദൈവങ്ങളെല്ലാം കാത്തുകാത്തിരുന്ന ആ നിമിഷം, മിശിഹാ സമ്പൂർണനാകുന്ന, ഇതിഹാസമായിത്തീരുന്ന ഒരു അപൂർവമുഹൂർത്തവുമായിത്തീർന്നു.

'ഫിഫ ദി ബെസ്റ്റ്' റീബ്രാൻഡിങ്ങിനുശേഷം ഇതു രണ്ടാം തവണയാണ് മെസി ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. 2019ലായിരുന്നു ആദ്യത്തെ പുരസ്‌കാരം. അതിനുമുന്‍പ് അഞ്ചുതവണ ഫിഫയുടെ 'വേൾഡ് പ്ലേയർ ഓഫ് ദ ഇയർ' പുരസ്‌കാരവും താരത്തെ തേടിയെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ(2016, 2017), റോബർട്ട് ലെവൻഡോവ്‌സ്‌കി(2020, 2021) എന്നിവരും രണ്ടു തവണ 'ഫിഫ ദി ബെസ്റ്റ്' ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ലുക്ക മോഡ്രിച്ചിന് ആയിരുന്ന ഈ നേട്ടം.

Summary: Lionel Messi selected as the 'FIFA the best' player of 2022

TAGS :

Next Story