Quantcast

യു.എസില്‍ മെസിക്കുനേരെ കുപ്പിയേറ്; ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്‍റര്‍ മയാമി-ലോസ് ആഞ്ചൽസ് മത്സരത്തിനുശേഷമായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    5 Sep 2023 4:18 AM GMT

Lionel Messi narrowly escapes from getting hit by water bottle, Lionel Messi hit by water bottle, bottle attack against Lionel Messi, Lionel Messi, Inter Miami Vs Los angeles FC, Lionel Messi
X

ലോസ് ആഞ്ചൽസ്: ഇന്റർ മയാമി മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിൽ സൂപ്പർ താരം ലയണൽ മെസിക്കുനേരെ കുപ്പിയേറ്. ഇന്നലെ കാലിഫോർണിയയിലെ ബി.എം.ഒ സ്‌റ്റേഡിയത്തിൽ ലോസ് ആഞ്ചൽസ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിനുശേഷമായിരുന്നു സംഭവം. തലനാരിഴയ്ക്കാണു താരം ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.

മത്സരത്തിനുശേഷം അൽപനേരം ഗ്രൗണ്ടിൽ ചെലവഴിച്ച ശേഷമാണ് മെസി ഡ്രെസിങ് റൂമിലേക്കു മടങ്ങിയത്. അമേരിക്കൻ നടൻ ഓവൻ വിൽസൻ, ലോസ് ആഞ്ചൽസ് താരം ജിയോർജിയോ കെല്ലിനി ഉൾപ്പെടെ പ്രമുഖർ താരത്തെ പരിചയപ്പെടാനും സംസാരിക്കാനും എത്തിയിരുന്നു. ഇതിനുശേഷം ഗ്രൗണ്ട് വിടുമ്പോഴായിരുന്നു ഗാലറിയിൽനിന്ന് ഒരു ആരാധകൻ താരത്തെ ലക്ഷ്യമിട്ട് ബോട്ടിൽ എറിഞ്ഞത്.

ഇന്റർ മയാമിയിലെ മെസിയുടെ പ്രത്യേക അംഗരക്ഷകനായ യാസീൻ ചുയേകോ ഈ സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം പെട്ടെന്ന് ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മെസിയെ ഡ്രെസിങ് റൂമിലെത്തിച്ചു. നേരത്തെ, മത്സരത്തിനിടയിലും ഒരു ആരാധകൻ മെസിയെ തൊടാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഇത് അംഗരക്ഷകൻ ഇടപെട്ട് തടയുകയായിരുന്നു.

അതേസമയം, മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി ലോസ് ആഞ്ചൽസിനെ തകർത്തത്. മെസിയുടെ അസിസ്റ്റിലായിരുന്നു ഇതിൽ രണ്ടു ഗോളും പിറന്നത്. മയാമിക്കായി 14-ാം മിനിറ്റിൽ ഫാകുണ്ടോ ഫറിയാസും 51-ാം മിനിറ്റിൽ ജോർഡി ആൽബയും 83-ാം മിനിറ്റിൽ ലയനാർഡോ കാംപനയുമാണു ലക്ഷ്യംകണ്ടത്. 90-ാം മിനിറ്റിൽ റയാൻ ഹോളിങ്‌സ്‌ഹെഡ് ആണ് ലോസ് ആഞ്ചൽസിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.

Summary: Lionel Messi narrowly escapes from getting hit by bottle after Inter Miami's win over Los Angeles FC

TAGS :

Next Story