മെസ്സിയുടെ പി.എസ്.ജി ഷർട്ടുകൾ വിറ്റു തീർന്നു; വെറും അര മണിക്കൂറിനുള്ളിൽ!
107.99 യൂറോ (9,408 രൂപ) ആയിരുന്നു ജഴ്സി അടക്കുന്ന കിറ്റിന്റെ വില
പാരിസ്: കണ്ണടച്ചു തുറക്കും മുമ്പെ വിറ്റു പോയി! പറയുന്നത് മെസ്സിയുടെ പിഎസ്ജി ജഴ്‌സിയെ കുറിച്ചാണ്. ബാഴ്‌സലോണയിൽ നിന്ന് ഫ്രഞ്ച് വമ്പന്മാരുടെ നിരയിലേക്ക് കൂടുമാറിയെത്തിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ ജഴ്‌സി വിറ്റു പോയത് വെറും മുപ്പത് മിനിറ്റിനുള്ളില്‍.
പിഎസ്ജിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലാണ് ജഴ്‌സി വിൽപ്പനയ്ക്ക് വച്ചിരുന്നത്. 107.99 യൂറോ (9,408 രൂപ) ആയിരുന്നു ജഴ്സിയടങ്ങുന്ന കിറ്റിന്റെ വില. എത്ര ജഴ്‌സിയാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ല. ഹോം, എവേ കിറ്റുകൾ സ്റ്റോറില്‍ വില്പനയ്ക്കുണ്ടായിരുന്നു.
മെസ്സി അണിയുന്ന മുപ്പതാം നമ്പർ ജഴ്‌സിയാണ് ചൂടപ്പം പോലെ വിറ്റു പോയത്. ബാഴ്സയില്‍ പത്താം നമ്പറിലാണ് ഇറങ്ങിയിരുന്നത് എങ്കിലും പിഎസ്ജിയില്‍ സുഹൃത്തും ബ്രസീൽ താരവുമായ നെയ്മർ ആ നമ്പര്‍ അണിയുന്നതു കൊണ്ട് മെസ്സി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. രണ്ടു വർഷത്തേക്കാണ് പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ. 35,000,000 യൂറോയാണ് (304.97 കോടി) പ്രതിവർഷം മെസ്സിയുടെ പ്രതിഫലം.
അതിനിടെ, കരാർ ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട താരത്തിന്റെ താമസ വിവരങ്ങൾ പുറത്തുവന്നു. ഒരു രാത്രിക്ക് 13.5 ലക്ഷം രൂപ വിലയുള്ള പഞ്ചനക്ഷത്ര ഹോട്ടൽ മുറിയാണ് മെസ്സിക്കായി ക്ലബ് ബുക്ക് ചെയ്തിരുന്നത്. പാരിസിലെ ലെ റോയൽ മൊൻക്യൂ ഹോട്ടലിലായിരുന്നു മെസ്സിയുടെയും കുടുംബത്തിന്റെയും താമസം. ഹോട്ടൽ ബാൽക്കണിയിൽ നിന്ന് താരം ആയിരക്കണക്കിന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
Adjust Story Font
16