റഫീന്യക്ക് ഞാൻ മാപ്പ് നൽകുന്നു; അദ്ദേഹം വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതാകില്ല -ലയണൽ സ്കലോണി

ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള ബ്രസീൽ സൂപ്പർ താരം റഫീന്യയുടെ പ്രസ്താവനയിൽ പ്രതികരണവുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി. ബ്രസീലുമായുള്ള വിജയത്തിന് ഷേശം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് സ്കലോണി നിലപാട് പറഞ്ഞത്.
‘‘റഫീന്യക്ക് ഞാൻ മാപ്പുനൽകുന്നു. അദ്ദേഹം ബോധപൂർവം പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല. സ്വന്തം ടീമിനെ പ്രതിരോധിക്കുന്നതിനിടെ പറഞ്ഞതാണ്. പ്രസ്താവന നടത്തിയാലും ഇല്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ കളിയും അവർ അവരുടെ കളിയും കളിക്കണം. അദ്ദേഹം ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്ന് ഉറപ്പുള്ളതിനാൽ ഞാനദ്ദേഹത്തിന് മാപ്പുനൽകുന്നു’’ -സ്കലോണി പ്രതികരിച്ചു.
മത്സരത്തിന് മുന്നോടിയായി റഫീന്യ അർജന്റീനക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. അർജന്റീനയെ അവരുടെ മണ്ണിലിട്ട് പരാജയപ്പെടുത്തുമെന്നും ഗോളടിക്കുമെന്നും പറഞ്ഞ റഫീന്യ സഭ്യമല്ലാത്ത പദപ്രയോഗങ്ങളും നടത്തിയിരുന്നു.
മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തിരുന്നു. ഹൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജൂലിയാനോ സിമിയോണി എന്നിവരാണ് അർജന്റീനക്കായി ഗോളടിച്ചത്.
Adjust Story Font
16