യുനൈറ്റഡിനു തിരിച്ചടി; ലോകകപ്പിലെ മിന്നുംതാരം ഗാക്‌പോയെ പൊക്കി ലിവർപൂൾ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിട്ടിരുന്ന താരമാണ് ഡച്ച് മുന്നേറ്റനിരക്കാരൻ കോഡി ഗാക്‌പോ
ലണ്ടൻ: ലോകകപ്പിൽ മിന്നും പ്രകടനത്തിലൂടെ ആരാധകശ്രദ്ധ നേടിയ നെതർലൻഡ്‌സ് താരം കോഡി ഗാക്‌പോയെ റാഞ്ചി ലിവർപൂൾ. ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിൽനിന്നാണ് ഗാക്‌പോയെ ലിവർപൂൾ സ്വന്തമാക്കിയത്. ഡച്ച് മുന്നേറ്റ താരം ഗാക്‌പോയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് അവസാന നിമിഷംവരെ നീക്കം നടത്തിയിരുന്നു.
പി.എസ്.വി തന്നെയാണ് ലിവർപൂളുമായി കരാറിലെത്തിയ വിവരം പുറത്തുവിട്ടത്. 40-50 മില്യൻ യൂറോ(ഏകദേശം 400 കോടി രൂപ) ട്രാൻസ്ഫർ തുകയ്ക്കാണ് താരത്തെ സ്വന്തമാക്കിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്. കരാർ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി താരം ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് പി.എസ്.വി അറിയിച്ചു.
ഇത്തവണ ലോകകപ്പിൽ നെതർലൻഡ്‌സിനു വേണ്ടി മൂന്നു ഗോളാണ് ഗാക്‌പോ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സെനഗൽ, ഇക്വഡോർ, ഖത്തർ ടീമുകൾക്കെതിരെയായിരുന്നു നിർണായക ഗോളുകൾ. എന്നാൽ, അർജന്റീനയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലക്ഷ്യം കാണാനായില്ല. ഡച്ച് ലീഗിലും മികച്ച ഫോമിലാണ് താരം. ഈ സീസണിൽ പി.എസ്.വി ഐന്തോവനു വണ്ടി 14 മത്സരങ്ങളിൽനിന്നായി ഒൻപത് ഗോളും 12 അസിസ്റ്റുമാണ് ഗാക്‌പോയുടെ പേരിലുള്ളത്. അഞ്ച് യൂറോപ്പ ലീഗ് മത്സരങ്ങളിൽനിന്നായി രണ്ട് അസിസ്റ്റും മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പിലെ കിടിലൻ പ്രകടനത്തിനു പിന്നാലെ തന്നെ യുനൈറ്റഡ് 23കാരനിൽ നോട്ടമിട്ടിരുന്നു. തുടർന്ന് ക്ലബ് വൃത്തങ്ങൾ താരവുമായും പി.എസ്.വിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായായിരുന്നു ഗാക്‌പോയെ ടീം കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായാണ് അവസാനനിമിഷം ഗാക്‌പോയെ ലിവർപൂൾ റാഞ്ചുന്നത്.
ഐന്തോവനിൽ ജനിച്ച കോഡി ഗാക്‌പോ 2007ൽ പി.എസ്.വിയിലൂടെത്തന്നെയാണ് ഫുട്‌ബോൾ കരിയറിനു തുടക്കമിട്ടത്. 2016ൽ ഡച്ച് ക്ലബായ ജോങ് പി.എസ്.വിയുടെ സീനിയർ ടീമിലെത്തി. 2019ൽ വീണ്ടും പി.എസ്.വി ഐന്തോവനിൽ തിരിച്ചെത്തിയ താരം സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. 2017-22 കാലയളവിൽ 159 മത്സരങ്ങളിൽനിന്നായി 55 ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 'ഡച്ച് ഫുട്‌ബോളർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Summary: Liverpool have beaten Manchester United in the race to sign Dutch winger Cody Gakpo after agreeing a deal with PSV Eindhoven
Adjust Story Font
16