Quantcast

ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി; എഫ്.എ കപ്പ് ലിവർപൂളിന്

MediaOne Logo

Web Desk

  • Updated:

    2022-05-14 19:27:40.0

Published:

14 May 2022 7:11 PM GMT

ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി; എഫ്.എ കപ്പ് ലിവർപൂളിന്
X

ലണ്ടൻ: ഇംഗ്ലീഷ് എഫ്.എ കപ്പ് കിരീടം ലിവർപൂളിന്. വെംബ്ലിയിൽ നടന്ന കരുത്തരുടെ പോരിൽ ചെൽസിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുർഗൻ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും കളി ഗോൾരഹിതമായതിനെ തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സഡൻ ഡെത്തിൽ ചെൽസി താരം മേസൺ മൗണ്ടിന്റെ കിക്ക് തടഞ്ഞ് ഗോൾകീപ്പർ അലിസൻ ബെക്കർ ലിവർപൂളിന്റെ ഹീറോയായി.

(Liverpool wins FA cup beating Chelsea in penalty shootout)

നിശ്ചിത സമയത്ത് ഇരുവശത്തും നിരവധി അവസരങ്ങൾ പിറന്നെങ്കിലും ഗോൾ പിറന്നില്ല. എക്‌സ്ട്രാ ടൈമിൽ പക്ഷേ, ടീമുകൾ ഷൂട്ടൗട്ട് ലക്ഷ്യമിട്ടാണ് കളിക്കുന്നതെന്നു തോന്നി. ഷൂട്ടൗട്ടിൽ ചെൽസിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്ടൻ സെസാർ അസ്പിലിക്വെറ്റയുടെ ഷോട്ട് സൈഡ് ബാറിൽ തട്ടി പാഴായിരുന്നു.

ലിവർപൂളിനു വേണ്ടി കിക്കെടുത്ത ആദ്യ നാലുപേരും ലക്ഷ്യം കണ്ടപ്പോൾ സദിയോ മാനെയുടെ നിർണായകമായ അഞ്ചാം കിക്ക് ചെൽസി കീപ്പർ എഡുവാർഡ് മെൻഡി തടഞ്ഞിട്ടു. ഇതോടെയാണ് കളി സഡൻ ഡെത്തിലേക്ക് നീണ്ടത്. ഇരുടീമുകളുടെയും ആറാം കിക്ക് ഗോളിലെത്തിയപ്പോൾ ചെൽസിക്കു ഏഴാം കിക്കെടുത്ത മൗണ്ടിനു പിഴച്ചു. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ടെടുത്ത കിപ്പ് ബെക്കർ വീണു തടഞ്ഞു. തുടർന്ന് കിക്കെടുത്ത കോസ്റ്റന്റിനോസ് സിമികാസ് മെൻഡിക്ക് അവസരം നൽകാതെ വല കുലുക്കുകയും ചെയ്തു.

എഫ്.എ കപ്പിന്റെ ചരിത്രത്തിൽ എട്ടാം തവണയാണ് ലിവർപൂൾ കപ്പിൽ മുത്തമിടുന്നത്. ഇതിനുമുമ്പ് 2006-ലായിരുന്നു അവരുടെ കിരീടനേട്ടം. ഫെബ്രുവരിയിൽ നടന്ന ലീഗ് കപ്പ് ഫൈനലിലും ലിവർപൂൾ ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി കിരീടം നേടിയിരുന്നു.

സീസണിൽ മൂന്ന് കിരീടം (ട്രെബിൾ) ലക്ഷ്യമിടുന്ന ലിവർപൂളിന് ആത്മവിശ്വാസം പകരുന്നതായി എഫ്.എ കപ്പ് നേട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിറകിൽ രണ്ടാം സ്ഥാനത്താണവർ. രണ്ട് മത്സരം കൂടി ശേഷിക്കെ മൂന്ന് പോയിന്റിന് പിറകിലാണെങ്കിലും സിറ്റി തോറ്റാൽ ലിവർപൂളിന്റെ സാധ്യത തെളിയും. ഈ മാസം അവസാനത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുന്നുണ്ട്.

TAGS :

Next Story