ഗോൾവേട്ടക്കാരിൽ മുഹമ്മദ് സലാഹ് മുന്നിൽ; പുതുവർഷത്തിൽ വമ്പൻ ജയത്തോടെ ലിവർപൂൾ തുടങ്ങി
സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി തിളങ്ങി.
ലണ്ടൻ: പുതുവർഷത്തിലെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയത്തോടെ തുടങ്ങി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ(4-2)യാണ് കീഴടക്കിയത്. ആതിഥേയർക്കായി സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി തിളങ്ങി. 49,86(പെനൽറ്റി)മിനിറ്റുകളിലാണ് ഈജിപ്ഷ്യൻ താരം ലക്ഷ്യംകണ്ടത്. ജയത്തോടെ പോയന്റ് ടേബിളിൽ ലിവർപൂൾ ഒന്നാംസ്ഥനം നിലനിർത്തി.
രണ്ടാമതുള്ള ആസ്റ്റൺവില്ലയുമായുള്ള വ്യത്യാസം മൂന്നാക്കി ഉയർത്താനുമായി. കർട്ടിസ് ജോൺസ്(74), കോഡി ഗാപ്‌കോ(78) എന്നിവരണ് മറ്റു സ്‌കോറർമാർ. അലക്‌സാണ്ടർ ഇസഹാഖ്(54), സ്‌വെൻ ബോട്ട്മാൻ(81) ന്യൂകാസിലിനായി ഗോൾനേടി. ഇരട്ടഗോളോടെ പ്രീമിയർലീഗ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ സലാഹ് ഒന്നാമതെത്തി. 14 ഗോളോടെ എർലിങ് ഹാളണ്ടിനൊപ്പമാണെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ലിവർപൂൾ 34 തവണയാണ് ന്യൂകാസിൽ പോസ്റ്റിലേക്ക് ഷോട്ടുതിർത്തത്. ലക്ഷ്യത്തിലേക്ക് 15 തവണയും. ലഭിച്ച സുവർണാവസരങ്ങൾ നഷ്ടമാക്കിയില്ലെങ്കിൽ കൂടുതൽ ഗോൾ നേടാൻ ടീമിനാകുമായിരുന്നു. എന്നാൽ അഞ്ച് തവണ മാത്രം ലിവർപൂൾ ബോക്‌സിലെത്തിയ സന്ദർശകർ മത്സരത്തിൽ തീർത്തും നിറംമങ്ങി. ആദ്യപകുതിയിൽ ഗോൾനേടാനാതെപോയത് മാത്രം ആശ്വാസമായി. തുടർതോൽവികളോടെ ടോപ്പ് ഫൈവിലുണ്ടയിരുന്ന ന്യൂകസിൽ ഒൻപതാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Adjust Story Font
16