'ഇതു സങ്കടത്തിന്‍റെ ക്രിസ്മസ്'; ഗസ്സ കൂട്ടക്കുരുതിയിൽ വേദന പങ്കുവച്ച് മുഹമ്മദ് സലാഹ്
കുടുംബങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന വേളയായ ക്രിസ്മസ് ഇത്തവണ സങ്കടത്തിന്റേതാണെന്ന് സലാഹ്
ലണ്ടൻ: ഗസ്സയിലെ കൂട്ടക്കുരുതിയിൽ വേദന പങ്കുവച്ച് ഫുട്‌ബോൾ താരം മുഹമ്മദ് സലാഹിന്‍റെ ക്രിസ്മസ് സന്ദേശം. കുടുംബങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് ഇത്തവണ സങ്കടത്തിന്റേതാണെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗസ്സയിലെ കുരുതിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ മറക്കരുതെന്ന് താരം ആവശ്യപ്പെട്ടു.
''കുടുംബങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന വേളയാണ് ക്രിസ്മസ്. പശ്ചിമേഷ്യയിൽ തുടരുന്ന അതിക്രൂരമായ യുദ്ധം, പ്രത്യേകിച്ചും ഗസ്സയിലെ കുരുതികളും വിനാശങ്ങളുമെല്ലാം കാരണം സങ്കടത്തിലാണ് ഇത്തവണ ഞങ്ങൾ ക്രിസ്മസിലേക്കു കടക്കുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയാണ് ഞങ്ങൾ. അവരെ മറക്കരുത്. അവരുടെ യാതനകൾ ശീലമാക്കരുത്. ക്രിസ്മസ് ആശംസകൾ.''-സലാഹ് കുറിച്ചു.
ഇതിനുമുൻപും ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി താരം രംഗത്തെത്തിയിരുന്നു. അതിക്രൂരമായ ആക്രമണവും ക്രൂരതകളുമാണ് ഗസ്സയിൽ നടക്കുന്നതെന്ന് താരം കുറ്റപ്പെടുത്തി. ഗസ്സയ്ക്ക് മാനുഷിക സഹായം എത്തിക്കാൻ ലോകനേതാക്കൾ രംഗത്തിറങ്ങണമെന്നും വിഡിയോ സന്ദേശത്തിൽ സലാഹ് അഭ്യർത്ഥിച്ചു.
''ഇത്തരമൊരു സമയത്ത് സംസാരിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. കണക്കില്ലാത്ത ആക്രമണവും ഹൃദയം പിളർക്കുന്ന ക്രൂരതകളുമാണു നടക്കുന്നത്. എല്ലാ ജീവിതവും വിശുദ്ധവും സംരക്ഷണം അർഹിക്കുന്നതുമാണ്. കഴിഞ്ഞ ആഴ്ചകളിൽ നടക്കുന്ന സംഭവങ്ങൾ അസഹനീയമാണ്. കുടുംബങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു. ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കണം.''-വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് അടിയന്തരമായി മാനുഷികസഹായം എത്തിക്കേണ്ടതുണ്ട്. അവിടെയുള്ളവർ ഭീകരമായ അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലെ ആ ആശുപത്രിക്കാഴ്ചകൾ അതിഭീകരമാണ്. ഗസ്സ ജനതയ്ക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചുകൊടുക്കണം. കൂടുതൽ കുരുതികൾ തടയാൻ ഒന്നിച്ചുവരണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെടുകയാണ്. മനുഷ്യത്വമാണു നിലനിൽക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
Summary: ''With the brutal war going on in the Middle East, especially the death and destruction in Gaza, this year we get to Christmas with very heavy hearts'': Liverpool star Mohamed Salah
Adjust Story Font
16