Quantcast

പ്രതിഫലത്തിൽ ക്രിസ്റ്റ്യാനോക്കും മീതെ; സലാഹ് സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

സലാഹിനെ വില്‍ക്കില്ലെന്ന നിലപാടിലാണ് ലിവര്‍‌പൂള്‍

MediaOne Logo

Web Desk

  • Published:

    25 Aug 2023 8:46 AM GMT

പ്രതിഫലത്തിൽ ക്രിസ്റ്റ്യാനോക്കും മീതെ; സലാഹ് സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
X

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദിലേക്കെന്ന് റിപ്പോർട്ട്. പ്രതിവർഷം 65 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് സലാഹ് അൽ ഇത്തിഹാദുമായി കരാറിലെത്തിയതായി ബിഇൻ സ്‌പോർട്‌സ് ചാനൽ റിപ്പോർട്ടു ചെയ്തു. മൂന്നു വർഷത്തേക്കാണ് കരാർ. എന്നാൽ ലിവർപൂളോ അൽ ഇത്തിഹാദോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിനെ സ്വന്തമാക്കാൻ മേജർ സോക്കർ ലീഗിലെ (എംഎൽഎസ്) എൽഎ ഗാലക്‌സി മുമ്പിൽ വച്ച തരത്തിലുള്ള ഓഫറാണ് ഇത്തിഹാദിന്റേത്. ഭാവിയിൽ സ്വന്തം എംഎൽഎസ് ക്ലബ് ഉണ്ടാക്കാം എന്നതായിരുന്നു ആ കരാറിലെ പ്രധാന ധാരണ. ഇതിഹാസ താരം ലയണൽ മെസ്സി ഇപ്പോൾ കളിക്കുന്ന ഇന്റർ മയാമി രൂപവത്കരിക്കപ്പെട്ടത് അങ്ങനെയാണ്. ഈ സീസണില്‍ മെസ്സിക്ക് പുറമേ, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരുമായും ഇന്റർ മയാമി കരാറിലേർപ്പെട്ടിരുന്നു.

കുടുംബത്തിന് പ്രൈവറ്റ് ജെറ്റ് അല്ലെങ്കിൽ അൺലിമിറ്റഡ് വിമാന ടിക്കറ്റ്, സൗദി ടൂറിസം അംബാസഡർ, ക്ലബിൽ നിക്ഷേപം എന്നിവയും വാഗ്ദാനം ചെയ്യപ്പെട്ടതായി ബിഇൻ സ്‌പോർട്‌സ് റിപ്പോർട്ടു ചെയ്യുന്നു. ഏകദേശം 62 ദശലക്ഷം പൗണ്ടാണ് അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് നൽകുന്ന വാർഷിക പ്രതിഫലം. (കൊമേഴ്‌സ്യൽ കരാറുകൾ, ഇമേജ് റൈറ്റ്‌സ് എന്നിവയിൽനിന്നുള്ള 111 ദശലക്ഷം പൗണ്ട് ഇതിന് പുറമേയാണ്)

കഴിഞ്ഞ വർഷമാണ് സലാഹുമായുള്ള കരാർ ലിവർപൂൾ പുതുക്കിയത്. ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായ സലാഹിന് ആഴ്ചയിൽ 400,000 പൗണ്ട് (ഏകദേശം 4.15 കോടി) ആണ് വേതനം. കഴിഞ്ഞ ആറു സീസണിൽ ക്ലബിന്റെ ടോപ് സ്‌കോററാണ്. കോച്ച് യുർഗൻ ക്ലോപ്പുമായുള്ള സലാഹിന്റെ ബന്ധം ഈയിടെ മോശമായെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. പ്രീമിയര്‍ ലീഗില്‍ ചെൽസിക്കെതിരെയുള്ള മത്സരത്തിന്റെ 77-ാം മിനിറ്റിൽ തന്നെ കളത്തിൽ നിന്ന് പിൻവലിച്ചതിൽ സലാഹ് അതൃപ്തി പ്രകടിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചത്.

കളിക്ക് ശേഷം ഇതേക്കുറിച്ച് ക്ലോപ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'ഇക്കാര്യത്തിൽ ഞാൻ അവനുമായി സംസാരിച്ചിട്ടില്ല. ആ മത്സരത്തിൽ അവന് ഗോൾ കണ്ടെത്താൻ കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അദ്ദേഹത്തിന്റെ നിരാശ മനസ്സിലാക്കാം. എന്നാൽ ഞാനാണ് ടീമിന്റെ മാനേജർ. ആ സമയത്ത് പുതിയ കളിക്കാരെയാണ് കളത്തിൽ വേണ്ടിയിരുന്നത്. അതു കൊണ്ടാണ് സബ്സ്റ്റിറ്റ്യൂഷൻ നടത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം എല്ലാ അർത്ഥത്തിലും ശരിയായിരുന്നു.' - എന്നായിരുന്നു ക്ലോപ്പ് പറഞ്ഞിരുന്നത്.

അതിനിടെ, സലാഹിനെ വിൽക്കാൻ ലിവർപൂൾ സന്നദ്ധമല്ലെന്ന് പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റു ചെയ്തു. വിഷയത്തിൽ ഒരു തരത്തിലുള്ള കൂടിയാലോചനകളും ലിവർപൂൾ പരിഗണിക്കുന്നില്ലെന്നാണ് റൊമാനോ ട്വീറ്റ് ചെയ്തത്.

റയലില്‍നിന്ന് കരിം ബെൻസേമ, സെൽറ്റിക്കിൽനിന്ന് ജോട്ട, ചെൽസിയിൽനിന്ന് എൻഗോള കാന്റെ, ലിവർപൂളിൽനിന്ന് ഫാബിഞ്ഞോ എന്നീ വമ്പന്മാരെ അൽ ഇത്തിഹാദ് ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story