Quantcast

കളംമാറി പരീക്ഷിക്കാൻ മാനേജർമാർ; പ്രീമിയർ ലീഗിൽ കൂടുമാറ്റത്തിന് അരങ്ങൊരുങ്ങി

സ്പാനിഷ് ക്ലബ് ബാഴ്സലോണ, ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്, പ്രീമിയർലീഗിലെ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളും പുതിയ മാനേജറെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

MediaOne Logo

Sports Desk

  • Updated:

    2024-05-28 17:53:45.0

Published:

28 May 2024 5:38 PM GMT

കളംമാറി പരീക്ഷിക്കാൻ മാനേജർമാർ; പ്രീമിയർ ലീഗിൽ കൂടുമാറ്റത്തിന് അരങ്ങൊരുങ്ങി
X

'എന്തുകൊണ്ടാണ് കിരീടങ്ങൾകൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്. ഞാൻ മുൻപുള്ളതിനേക്കാൾ മികച്ചതായി എന്ന് അതിന് അർത്ഥമില്ല'. തോൽവിയറിയാതെ 51 മത്സരങ്ങളുമായെത്തിയ സാബി അലോൺസോയോയുടെ ബയേൺ ലെവർകൂസനെ മുട്ടുകുത്തിച്ച് യൂറോപ ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം അറ്റലാന്റ പരിശീലകൻ ജിയോൻ പിയറോ ഗാസ്‌പെരിനി പറഞ്ഞത് ഇങ്ങനെയായിരുന്നു.

66ാം വയസിൽ കരിയറിലെ ആദ്യ മേജർ കിരീടം നേടിയ ഗാസ്‌പെരിനിയുടെ ഈ വാക്കുകൾക്ക് മോഡേൺ ഡേ ഫുട്‌ബോളിൽ ഏറെ പ്രസക്തിയുണ്ട്. മാനേജറുടെ പേരും പെരുമയും കിരീടം നേടി കൊണ്ടുതരുന്ന കാലമൊക്കെ മാറിവരികയാണ്. മറ്റു മേഖലയിലേതുപോലെ തലമുറമാറ്റം യൂറോപ്പിലെ അതിവേഗ ലീഗായ പ്രീമിയർലീഗിലേക്കും കടന്നുവന്നു കഴിഞ്ഞു. മുൻപ് സ്വന്തമാക്കിയ ട്രോഫികളുടെ കണക്കെടുപ്പോ വിജയശതമാനമോ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. തങ്ങളുടേതായൊരു ബ്രാൻഡുണ്ടാക്കാൻ കഴിയുമോ. എതിരാളിയുടെ തന്ത്രമറിഞ്ഞുള്ള മറുതന്ത്രമൊരുക്കി കളിക്കളത്തിൽ വിജയകരമായി നടപ്പിലാക്കാനുള്ള ആത്മവിശ്വാസമുണ്ടോ. മറ്റൊരുനേട്ടവുമില്ലെങ്കിലും പ്രധാന ക്ലബിന്റെ മാനേജർ പോസറ്റ് തുറന്നിരിക്കും.

പുതിയ സീസണിന് മുന്നോടിയായി യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം തിരക്കിലാണ്. സ്പാനിഷ് ക്ലബ് ബാഴ്‌സലോണ, ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്, പ്രീമിയർലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈട്ടൻ എന്നിവരെല്ലാം പുതിയ മാനേജർമാർക്കായുള്ള ശ്രമത്തിലാണ്. മൗറീഷ്യോ പൊച്ചറ്റീനോയുടെ പിൻഗാമിയെ ചെൽസി ഇതിനകം കണ്ടെത്തികഴിഞ്ഞു. പണമൊഴുക്കി വൻതോക്കുകൾക്ക് പിറകെ പോകാതെ താഴേക്ക്‌നോക്കാനാണ് മുൻ ചാമ്പ്യൻമാർ തീരുമാനിച്ചത്. ലെസ്റ്റർ സിറ്റിയെ ഡിവിഷൻ ലീഗിൽ നിന്നും പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി നൽകിയ എൻസോ മറെസ്‌കയെയാണ് ദീർഘകാല കരാറിൽ നിയമിച്ചത്. പെപ് ഗ്വാർഡിയോളയുടെ ശിഷ്യൻ.

ഇസ്പിച് ക്ലബിനെ രണ്ടാംഡിവിഷൻ ലീഗിൽ നിന്ന് പ്രീമിയർലീഗിലേക്ക് ഉയർത്തിയ കീരൻ മക്കെന്നയാണ് പ്രമുഖ ക്ലബുകൾ നോട്ടമിടുന്ന മറ്റൊരു മാനേജർ. അത്ഭുതം തീർത്ത ഈ 38കാരനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈട്ടനും മുന്നിൽതന്നെയുണ്ട്. നേരത്തെ യുണൈറ്റഡ് യൂത്ത് ടീമിനൊപ്പമുണ്ടായിരുന്ന മക്കന്നെയെ എറിക് ടെൻ ഹാഗിന്റെ പകരക്കാരനായി ഓൾഡ് ട്രഫോർഡിലെത്തിക്കാനുള്ള നീക്കം അണിയറയിൽ ശക്തമാണ്.

മുൻ ബെൽജിയം പ്രതിരോധ താരവും ബേൺലി പരിശീലകനുമായ വിൻസെന്റ് കമ്പനിയാണ് കളംമാറിയ മറ്റൊരു പരിശീലകൻ. ഈ സീസണിൽ ബേൺലി രണ്ടാം ഡിവിഷൻ ക്ലബിലേക്ക് തരംതാഴ്ത്തൽ നേരിട്ടെങ്കിലും കമ്പനിയുടെ കോച്ചിങ് രീതികൾ ശ്രദ്ധനേടിയിരുന്നു. പ്രീമിയർലീഗിൽ പാളീസായ ഈ രീതികൾ ജർമനിയിൽ വിജയിക്കുമെന്നാണ് ബയേൺ മ്യൂണിക് കരുതുന്നത്. ടോമസ് ടുഹേലിന്റെ പകരക്കാരനായി 38 കാരനിലാണ് ക്ലബ് വിശ്വാസമർപ്പിക്കുന്നത്.

വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും ബുദ്ധിശാലിയായ മാനേജറാണ് റോബെർട്ടോ ഡി സെർബി. അതിവേഗ നീക്കങ്ങളിലൂടെ ബ്രൈട്ടനെ പ്രീമിയർലീഗിലെ മുൻനിര ക്ലബായി ഉയർത്തികൊണ്ടുവന്ന 44 കാരൻ യുവതാരങ്ങളെ കണ്ടെത്തി പെർഫോം ചെയ്യിക്കുന്നതിലും മുന്നിലാണ്. ബ്രൈട്ടനിലൂടെ താരപരിവേഷം ലഭിച്ച പല യങ് ടാലന്റുകളും ഇന്ന് പ്രമുഖ ക്ലബിലെ പ്രധാനികളാണ്. ഇതുവഴി ട്രാൻസ്ഫർ മാർക്കറ്റിലും ക്ലബ് വലിയ ലാഭം കൊയ്തു. 2022-23 സീസണിൽ ഡിസെർബിക്ക് കീഴിൽ ഇറങ്ങിയ ബ്രൈട്ടൻ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അത്ര അനുകൂലമായില്ല. പരിക്കും ഫോമില്ലായ്മയും വലച്ചതോടെ 11ലാണ് സീസൺ അവസാനിപ്പിച്ചത്. തുടർന്ന് ക്ലബിൽ നിന്ന് ഈ മുൻ ഇറ്റാലിയൻ പരിശീലകൻ വിടപറയുകയും ചെയ്തു. യൂറോപ്പിലെ നിരവധി ക്ലബുകളാണ് പണമെറിഞ്ഞ് ഡിസർബിക്കായി വലവിരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് റഡാറിലുള്ള പരിശീലകനാണ് മൗറീഷ്യോ പൊച്ചറ്റീനോ. ചെൽസിയിൽ മാറ്റമുണ്ടാക്കാനായില്ലെങ്കിലും വലിയ ക്ലബുകൾക്കൊപ്പം പ്രവർത്തിച്ചുള്ള പരിചയം പ്ലസ് പോയന്റാണ്. പൊച്ചറ്റീനക്ക് കീഴിൽ വലിയ താരനിരയുമായെത്തിയ ചെൽസി ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെൻഹാഗിന്റെ പകരക്കാരനായി സീനിയർ കോച്ചിനെയാണ് പരിഗണിക്കുന്നതെങ്കിൽ പൊച്ചറ്റീനോയായിരിക്കും യുണൈറ്റഡിന്റെ ഫസ്റ്റ് ചോയ്‌സ്.

ലീഗിൽ പരാജയമായ വിൻസെന്റ് കമ്പനി ജർമനിയിലേക്ക് ചേക്കേറുമ്പോൾ അവിടെ സീറോയായ ടോമസ് തുഹേലിന് പ്രീമിയർലീഗിൽ വലിയ ഡിമാൻഡാണ്. 2012ന് ശേഷം ആദ്യമായി ബയേൺ മ്യൂണികിന് ബുണ്ടെസ് ലീഗ കിരീടം നഷ്ടമായത് ടുഹേൽ കാലഘട്ടത്തിലാണ്. ഇതോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനാണ് മുൻ ചെൽസി മാനേജർ തീരുമാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തുഹേലിനായി രംഗത്തുണ്ട്. ഇവർക്ക് പുറമെ വെസ്റ്റ് ഹാം മാനേജർ ഡേവിഡ് മൊയസ്, അയാക്‌സ് മാനേജർ ഫ്രാൻസെസ്‌കോ ഫാരിയോലി, ലുട്ടെൻ ടൗൺ കോച്ച് റോബർട്ട് എഡ്വേഡ്‌സ് എന്നിവരെയും പുതിയ വേഷത്തിൽ അടുത്ത സീസണിൽ കാണാം.

TAGS :

Next Story