Quantcast

ഫോഡൻ ഹാട്രിക്കിൽ സിറ്റി, രണ്ടടിച്ച് ആഴ്സനൽ: പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2024-04-04 05:23:23.0

Published:

4 April 2024 5:22 AM GMT

ഫോഡൻ ഹാട്രിക്കിൽ സിറ്റി, രണ്ടടിച്ച് ആഴ്സനൽ: പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
X

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആധികാരിക ജയങ്ങളോടെ കിരീട പ്രതീക്ഷ നിലനിർത്തി. ആസ്റ്റൺവില്ലയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തകർത്തപ്പോൾ ല്യൂട്ടൺ ടൗണിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തരിപ്പണമാക്കി ആഴ്സണലും കിരീട പ്രതീക്ഷകൾ സജീവമാക്കി. സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രൂയ്ൻ, എർലിങ് ഹാളണ്ട് എന്നിവരുടെ അഭാവത്തിൽ ഹാട്രിക്കുമായി നിറഞ്ഞാടി ഫിൽ ഫോഡനാണ് കളി സിറ്റിയുടെ വരുതിയിലാക്കിയത്. 30 മത്സരങ്ങളിൽ നിന്നും 68 പോയന്റുളള്ള ആഴ്സണൽ ഒന്നാമതും 67 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്. ഒരുമത്സരം കുറച്ചു കളിച്ച ലിവർപൂൾ 67 പോയന്റുമായി രണ്ടാമതുണ്ട്.

കരുത്തരായ ആസ്റ്റൺ വില്ലയെ മൈതാനത്ത് വട്ടം കറക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ആധികാരിക ജയം നേടിയത്. 11ാം മിനിറ്റിൽ റോഡ്രിയുടെ ഗോളിലൂടെയാണ് സിറ്റി ഗോൾ വേട്ട തുടങ്ങിയത്. 20ാം മിനുറ്റിൽ ഉജ്ജ്വലമായ പാസിങ് ഗെയിമിങ്ങിലൂടെ ആസ്റ്റൺ വില്ല ഒരുഗോൾ മടക്കി​. ജോൺ ദുരാനാണ് ഗോൾ നേടിയത്. പിന്നീട് മത്സരത്തിൽ സിറ്റിയുടെ വിളയാട്ടമായിരുന്നു. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളിലൂടെ ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. താളം വീണ്ടെടുത്ത സിറ്റിക്ക് മുന്നിൽ നോക്കി നിൽക്കാനേ ആസ്റ്റൺ വില്ലക്കായുള്ളൂ. 62, 69 മിനുറ്റുകളിൽ നേടിയ ഗോളുകളിലൂടെ ഫോഡൻ സിറ്റിയുടെ ജയം ഉറപ്പാക്കി.


മറുവശത്ത് ല്യൂട്ടൺ സിറ്റി​ക്ക് ആഴ്സണലിന് മുന്നിൽ കാര്യമായ വെല്ലുവിളിയുയർത്താനായില്ല. മാർട്ടിൻ ഒഡേഗാർഡിലൂടെ 24ാം മിനുറ്റിൽ മുന്നിലെത്തിയ ആഴ്സണലിന് 44ാം മിനിറ്റിൽ സെൽഫ് ഗോളിന്റെ സഹായവും ലഭിച്ചു. ഏപ്രിൽ 6ന് ബ്രൈറ്റണിനെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം. അതേ ദിവസം തന്നെ ക്രിസ്റ്റൽ പാലസിനെതിരെയാണ് സിറ്റിയുടെ മത്സരം.

TAGS :

Next Story