Quantcast

തുടർച്ചയായ നാലാംകിരീടവുമായി സിറ്റി; മോഹനഷ്ടത്തിൽ ആഴ്സനൽ

MediaOne Logo

Sports Desk

  • Updated:

    2024-05-19 18:42:32.0

Published:

19 May 2024 5:47 PM GMT

manchester city
X

ലണ്ടൻ: ഇത്തിഹാദിൽ പെയ്ത നേർത്തമഴയിൽ പെരുമഴയായി ഇടിച്ചുപെയ്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാംമുത്തം. വിജയം അനിവാര്യമായ മത്സരത്തിൽ വെസ്റ്റ്ഹാമിനെ 3-1ന് തകർത്താണ് സിറ്റി കിരീടം തങ്ങള​ുടേത് തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. മറുവശത്ത് സിറ്റിയുടെ വീഴ്ച സ്വപ്നം കണ്ട് എമിറേറ്റ്സിൽ പന്തുതട്ടാനിറങ്ങിയ ആഴ്സനൽ എവർട്ടണെ 2-1ന് കീഴ്പ്പെടുത്തി. സീസണിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ സിറ്റിക്ക് 91ഉം ആഴ്സനലിന് 89ഉം പോയന്റാണുള്ളത്.

രണ്ടാം മിനിറ്റിൽ തന്നെ നേടിയ വെടിക്കെട്ട് ഗോളോടെ ഫിൽ ഫോഡൻ എന്തുകൊണ്ടാണ് താൻ പ്രീമിയർ ലീഗിലെ ​െപ്ലയർ ദി സീസണായതെന്ന് തെളിയിച്ചു. 18ാം മിനുറ്റിൽ ഫോഡൻ സിറ്റിയുടെ ലീഡ് വീണ്ടുമുയർത്തി. വെസ്റ്റ്ഹാമിനെ മൈതാനത്ത് കാഴ്ചക്കാരാക്കി സിറ്റി നിറഞ്ഞാട​ുകയായിരുന്നു. പലപ്പോഴും ഗോൾകീപ്പർ അരിയോലയുടെ തകർപ്പൻ സേവുകളാാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്. മത്സരത്തിന്റെ 42ാം മിനുറ്റിൽ മുഹമ്മദ് കുദുസിലൂടെ വെസ്റ്റ്ഹാം സിറ്റിയെ ഞെട്ടിച്ചു. ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോൾ സിറ്റി ഗോർകീപ്പർ ഒർട്ടേഗ​യെ സാക്ഷിയാക്കി വലയിലേക്ക്. എന്നാൽ 59ാം മിനിറ്റിൽ റോ​ഡ്രി നേടിയ ഗോളിലൂടെ സിറ്റി വിജയമുറപ്പിക്കുകയായിരുന്നു. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ പത്താം കിരീടമാണിത്. പെപ് ഗ്വാർഡിയോളക്ക് കീഴിലുള്ള അഞ്ചാംകിരീടവും.


എമിറേറ്റ്സിൽ ആഴ്സനലിന് കഴിഞ്ഞത് മോഹനഷ്ടങ്ങളുടെ മറ്റൊരു പകൽ കൂടിയാണ്. ഒരുഗോളിന് മുന്നിലെത്തിയ എവർട്ടണോട് ഒന്നിനെതിരെ രണ്ടുഗോളുകൾ തിരിച്ചടിച്ച് ആഴ്സനൽ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയെങ്കിലും സിറ്റി വിജയിച്ചതോടെ ആരവങ്ങളില്ലാതെ മടങ്ങാനായിരുന്നു വിധി. മത്സരത്തിന്റെ 40ാം മിനിറ്റിൽ എവർട്ടൺ മുന്നിലെത്തിയെങ്കിലും 43ാം മിനുറ്റിൽ തോമിയാസോയാണ് ആഴ്സനലിനായി തിരിച്ചടിച്ചത്. ഒടുവിൽ മത്സരം അവസാനിക്കാനിരിക്കേ ൮൯ാം മിനുറ്റിൽ കൈൽ ഹാവർട്സിന്റെ വകയായിരുന്നു വിജയഗോൾ.

​​മറ്റു പ്രമുഖ മത്സരങ്ങളിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടുഗോളിന് വോൾവ്സിനെയും ടോട്ടൻഹാം എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഷെഫീൽഡ് യുനൈറ്റഡിനെയും തകർത്തു. ബ്രൈറ്റണെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡും ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്ത് ചെൽസിയും പുഞ്ചിരിയോടെ സീസൺ അവസാനിപ്പിച്ചു.

TAGS :

Next Story