Quantcast

മാഞ്ചസ്റ്റർ സിറ്റിയിൽ ഗ്വാർഡിയോളയുടെ അവസാന സീസണോ; ആശങ്കയിൽ താരങ്ങളും ആരാധകരും

പരിശീലകൻ കളംവിട്ടാൽ പിന്നാലെ പ്രധാന താരങ്ങൾ കൂടുമാറുമോയെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്.

MediaOne Logo

Sports Desk

  • Updated:

    2024-07-18 12:52:54.0

Published:

18 July 2024 12:51 PM GMT

Guardiolas last season at Manchester City; Players and fans are worried
X

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും പെപ് ഗ്വാർഡിയോളും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. വേർപെടുത്താൻ കഴിയാത്തവിധം ഇഴുകിചേർന്ന് നിൽക്കുന്നത്. 2016 ജൂണിൽ തുടങ്ങിയ ഈ വിജയയാത്ര അണമുറയാതെ വർഷങ്ങൾ പലതും കടന്നുപോയി. ഇതിനിടെ സിറ്റി കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങൾ. ഷെൽഫിലെത്തിയത് ആറ് പ്രീമിയർ ലീഗ് കിരീടം, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മാനേജർമാരിലൊരാരാണ് പെപ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ പ്രീമിയർലീഗ് സീസൺ ആരംഭിക്കാനിരിക്കെ സിറ്റിയിലെ അന്തരീക്ഷം അത്ര സുഖകരമല്ല. ഇതിനുള്ള കാരണമാകട്ടെ നേട്ടങ്ങളിലേക്കെത്തിച്ച ഇതേ മാനേജറും. മാഞ്ചസ്റ്റർ സിറ്റിയിൽ നിൽക്കുമോ അതോ പോകുമോ... പെപ് ഗ്വാർഡിയോള ഇങ്ങനെയൊരു ചോദ്യം നേരിടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതെയുള്ള തന്ത്രപരമായ ഒഴിഞ്ഞുമാറൽ. ഇതോടെ പ്രതിസന്ധിയിലായത് സിറ്റി മാനേജ്മെന്റിനാണ്. കരാർ പുതുക്കുന്നതിൽ പരിശീലകൻ പോസിറ്റീവായി പ്രതികരിക്കാത്തതിനാൽ പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. 2025 മെയ്-ജൂണിൽ കരാർ അവസാനിക്കുന്ന സ്പാനിഷ് പരിശീലകൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി മാനേജുമെന്റുമായി ഇതുവരെ ചർച്ചക്ക് തയ്യാറെടുത്തിട്ടില്ല.

കരാർ അവസാനിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അതായത് 2024 ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ മാത്രമെ പെപ് തീരുമാനമെടുക്കൂ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. ഇതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ എങ്ങനെ ഇടപെടുമെന്ന കാര്യത്തിൽ ക്ലബിനുള്ളിൽ അവ്യക്തത തുടരുകയാണ്. നിലവിൽ ടീമിലുള്ള പല സൂപ്പർ താരങ്ങളും ഗ്വാർഡിയോളയോടുള്ള വിശ്വാസത്തിലാണ് സിറ്റിയിൽ തുടരുന്നത്. കോച്ച് മാറുമെന്ന അഭ്യൂഹം പരന്നാൽ മറ്റുക്ലബിലേക്ക് ചേക്കേറുന്ന സാഹചര്യവുമുണ്ടാകും. ഇതും ക്ലബിനെ വലിയ തോതിൽ അലോസരപ്പെടുത്തുന്നു.

അടുത്ത സീസണോടെ ബെൽജിയം താരം കെവിൻ ഡിബ്രുയിനെയുടെ കരാർ അവസാനിക്കാനിരിക്കുകയാണ്. താരം തുടരുമോയെന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നായകൻ കെയിൽ വാക്കറിന് പ്രായം 34 ആയി. കരാർ പ്രകാരം രണ്ടുവർഷം കൂടി ബാക്കിയുണ്ടെങ്കിലും പുതിയ മാനേജർ വരികയാണെങ്കിൽ സ്ഥാനമുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. പോർച്ചുഗീസ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയുടെ കാര്യവും സമാനമാണ്. പെപ് സംഘത്തിലെ ചാലകശക്തിയാണെങ്കിലും പെപ് മാറുകയാണെങ്കിൽ അടുത്ത സീസണിൽ താരം ടീം വിടാനുള്ള സന്നദ്ധത അറിയിക്കാനിടയുണ്ട്. യൂറോപ്പിലെയും സൗദിയിലേയും ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. സ്പാനിഷ് താരം റോഡ്രിയേയും നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനേയും നേരത്തെതന്നെ റയൽ മാഡ്രിഡ് നോട്ടമിട്ടതാണ്. യൂറോ ചാമ്പ്യൻഷിപ്പിനിടെ ഡാനി കാർവഹാൽ പരസ്യമായി റോഡ്രിയെ റയലിലേക്ക് ക്ഷണിക്കുകയും ചെയ്തു. പെപിന്റെ ഭാവി അടിസ്ഥാനമാക്കിയായിരിക്കും ഇവരുടേയും തീരുമാനം.

2016 ജൂണിലാണ് പെപ് മാഞ്ചസ്റ്റർ സിറ്റി മാനേജറായി ചുമതലയേറ്റത്. ആദ്യ സീസണിൽ പ്രീമിയർലീഗിൽ ചെൽസിക്കും ടോട്ടനത്തിനും താഴെ മൂന്നാമതായായിരുന്നു ഫിനിഷ് ചെയ്തത്. എന്നാൽ തൊട്ടടുത്ത സീസണിൽ 100 പോയന്റുമായി ശക്തമായ തിരിച്ചുവരവ്. പിന്നീട് പെപിനും ക്ലബിനും തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. 2019-20 സീസണിൽ ലിവർപൂളിന് മുന്നിൽ അടിയറവ് വെച്ചെങ്കിലും തുടർന്നുള്ള മൂന്ന് സീസണിലും പ്രീമിയർലീഗ് കിരിടം സിറ്റിയിൽ തന്നെ നിർത്താനായി. ഖൽദൂൻ അൽ മുബാറക്കിന്റെ നേതൃത്വത്തിലുള്ള ക്ലബ് എക്‌സിക്യൂട്ടീവിനും സ്പാനിഷ് മാനേജർ തുടരണമെന്ന് അതിയായ ആഗ്രഹമാണുള്ളത്. ഇതിനാൽ 53 കാരന് കൂടുതൽ സമയം നൽകാനാണ് ക്ലബ് തീരുമാനം. പെപ് ഗ്വാർഡിയോള ആദ്യ കരാർ 2018 മെയ് മാസത്തിൽ പുതുക്കി 2021 വരെ നീട്ടി. പിന്നീട് 2023 വരെ നീട്ടിയെങ്കിലും അത് അവസാനത്തേതാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ 2022-23 ട്രെബിൾ കാമ്പെയ്‌നിന്റെ നവംബറിൽ 2025 ജൂൺ വരെ തുടരാൻ സമ്മതിക്കുകയായിരുന്നു. സമാനമായി ക്ലൈമാക്സിലെ ട്വിസ്റ്റായി പ്രിയ മാനേജർ കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്മെന്റും.

TAGS :

Next Story