ഗോളടിച്ച് ഒഡോയ്; മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് കുതിപ്പ് തുടർന്ന് നോട്ടിങ്ഹാം, 1-0
51 പോയന്റുമായി നോട്ടിങ്ഹാം ടേബിളിൽ മൂന്നാംസ്ഥാനത്താണ്.

ലണ്ടൻ: നിലവിലെ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 83ാം മിനിറ്റിൽ ഹഡ്‌സൻ ഒഡോയിയാണ് ലക്ഷ്യം കണ്ടത്. സീസണിൽ നോട്ടിങ്ഹാമിന്റെ 15ാം ജയമാണിത്.
GET IN!!! 😍 pic.twitter.com/DlpoCDq83z
— Nottingham Forest (@NFFC) March 8, 2025
തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് നോട്ടിങ്ഹാം തട്ടകമായ സിറ്റി ഗ്രൗണ്ടിൽ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. എർലിങ് ഹാളണ്ടിനെ മുൻനിർത്തിയുള്ള ആക്രമണങ്ങൾ ഫോറസ്റ്റ് ഡിഫൻസിൽ തട്ടി നിർവീര്യമായി. മറുഭാഗത്ത് വിങുകളിലൂടെയുള്ള മുന്നേറ്റത്തിലൂടെ നോട്ടിങ്ഹാം സിറ്റി ബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണം തുടർന്നു. ഒടുവിൽ 83ാം മിനിറ്റിൽ ഗ്യാലറി കാത്തിരുന്ന നിമിഷമെത്തി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഇംഗ്ലീഷ് താരം ഹഡ്‌സൻ ഒഡോയ് ആതിഥേയരുടെ വിജയമുറപ്പിച്ച ഗോൾ നേടി. ഗിബ്‌സ് വൈറ്റിൽ നിന്ന് ലഭിച്ച പന്തുമായി വലതു വിങിലൂടെ സിറ്റി ബോക്‌സിലേക്ക് മുന്നേറിയ യുവതാരം പ്രതിരോധ താരങ്ങളെ മറികടന്ന് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോൾകീപ്പർ എഡേർസനെ മറികടന്ന് വലയിൽ. ഗോൾവീണതോടെ കൂടുതൽ ഉണർന്നു കളിച്ച സിറ്റി അവസാന മിനിറ്റുകളിൽ സമനിലയെങ്കിലും നേടിയെടുക്കാൻ തുടരെ ശ്രമം നടത്തിയെങ്കിലും നോട്ടിങ്ഹാം പ്രതിരോധം ഭേദിക്കാനായില്ല. നിലവിൽ 51 പോയന്റുമായി നോട്ടിങ്ഹാം മൂന്നാംസ്ഥാനത്തും 47 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതുമാണ്.
Adjust Story Font
16