മാഞ്ചസ്റ്ററിന് ചുവപ്പടിച്ച് യുനൈറ്റഡ്; ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ സിറ്റിയുടെ കഷ്ട കാലം തുടരുന്നു. അഭിമാനപ്പോരാട്ടമായ മാഞ്ചസ്റ്റർ ഡെർബിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ 88 മിനുറ്റ് വരെ മുന്നിട്ടുനിന്ന സിറ്റിയെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് യുനൈറ്റഡ് തകർക്കുകയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ്, അമാദ് ഡയലോ എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്.
ഡെർബിയുടെ ആരവങ്ങളില്ലാതെ വരണ്ട രീതിയിലായിരുന്നു മത്സരം തുടങ്ങിയത്. ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. 38ാം മിനുറ്റിലാണ് എത്തിഹാദ് കാത്തിരുന്ന നിമിഷമെത്തിയത്. കോർണറിൽ നിന്നും അമാദ് ഡയലോയുടെ ശരീരത്തിൽ തട്ടിത്തെറിച്ച പന്ത് ജോസ്കോ ഗ്വാർഡിയോൾ യുനൈറ്റഡ് വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.
സിറ്റി ഗോൾമുഖത്തെ പരീക്ഷിക്കാനാകാതെ വിയർത്ത യുനൈറ്റഡിന് 74ാം മിനുറ്റിലാണ് ലക്ഷമമൊത്ത അവസരം കിട്ടിയത്. ഹോയ്ലണ്ട് നീട്ടിനൽകിയ പന്തിനായി ഓടിക്കയറിയ ബ്രൂണോ ഫെർണാണ്ടസ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ച് പാഴാക്കി.
സിറ്റി വിജയമുറപ്പിച്ചുനിൽക്കവേയാണ് 86ാം മിനുറ്റിൽ പ്രതിരോധ താരം മത്തേവൂസ് ന്യൂനസിന് അബദ്ധം സംഭവിക്കുന്നത്. ന്യൂനസിന്റെ അലക്ഷ്യമായ പാസ് അവസരം കാത്തുനിന്ന അമാദ് തട്ടിയെടുത്ത് സിറ്റി ബോക്സിലേക്ക് ഓടിക്കയറി. അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ റഫറി യുനൈറ്റഡിന് അനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുത്ത ബ്രൂണോക്ക് തെറ്റിയില്ല.
അധികം വൈകാതെ 90ാം മിനുറ്റിൽ സിറ്റിയുടെ ഹൃദയം പിളർന്ന് യുനൈറ്റഡിന്റെ രണ്ടാം ഗോളെത്തി. ലിസാൻട്രോ മാർട്ടിനസ് നീട്ടിനൽകിയ പന്തിനൊപ്പം സിറ്റി ബോക്സിലേക്ക് ഓടിക്കയറിയ അമാദ് അതിമനോഹരമായി പന്ത് സിറ്റി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
16 മത്സരങ്ങളിൽ നിന്നും 23 പോയന്റുള്ള യുനൈറ്റഡ് 13ാം സ്ഥാനത്തും 27 പോയന്റുള്ള സിറ്റി അഞ്ചാം സ്ഥാനത്തുമാണ്.
Adjust Story Font
16