ബ്രൂണോയുടെ ഗോളിന് കയ്‌സെഡോയുടെ തിരിച്ചടി; ചെൽസി-യുണൈറ്റഡ് പോരാട്ടം സമനിലയിൽ 1-1
മത്സരത്തിൽ ജയം നേടാനായില്ലെങ്കിലും പോയന്റ് ടേബിളിൽ ചെൽസി നാലാംസ്ഥാനത്തേക്കുയർന്നു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി ആവേശപോരാട്ടം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾവീതം നേടി(1-1). പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് (70) യുണൈറ്റഡിനായും മൊയ്‌സസ് കയിസെഡോ(74) ചെൽസിക്കായും വലകുലുക്കി. സമനിലയോടെ ചെൽസി ആർസനലിനെ മറികടന്ന് നാലാംസ്ഥാനത്തേക്കുയർന്നു.
യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോർഡിൽ അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളംനിറഞ്ഞു. ചെൽസിയും യുണൈറ്റഡും സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ രണ്ടുടീമും കരുതലോടെ കളിച്ചതോടെ ഗോൾ രഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മാർക്ക് കുക്കുറേയയേയും എൻസോ ഫെർണാണ്ടസിനേയും കളത്തിലിറക്കി ചെൽസി കളിയിൽ മുന്നേറി. മറുഭാഗത്ത് ജോഷ്വാ സിർക്‌സിയേയും അമാദ് ഡിയാലോയേയും എത്തിച്ച് ആതിഥേയരും ആക്രമണം ശക്തമാക്കി. ഒടുവിൽ 70ാം മിനിറ്റിൽ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോക്‌സിൽ റാസ്മസ് ഹോയ്‌ലണ്ടിനെ ഗോൾകീപ്പർ സാഞ്ചസ് വീഴ്ത്തിയതിനാണ് യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് അനായാസം ലക്ഷ്യംകണ്ടു. സീസണിലെ പോർച്ചുഗീസ് താരത്തിന്റെ ആദ്യഗോളാണിത്.
നാല് മിനിറ്റിനുള്ളിൽ ഗോൾതിരിച്ചടിച്ച് സന്ദർശകർ കളിയിലേക്ക് തിരിച്ചെത്തി. കോൾപാർമറിന്റെ കോർണർകിക്ക് ക്ലിയർ ചെയ്ത കസമിറോക്ക് പിഴച്ചു. നേരെ ചെന്നത് മാർക്ക് ചെയ്യാതെ നിന്ന കയ്‌സെഡോയുടെ സമീപം. മികച്ചൊരു വോളിയിലൂടെ ഇക്വഡോർ താരം വലകുലുക്കി. അവസാനമിനിറ്റുകളിൽ മികച്ച നീക്കങ്ങളുമായി യുണൈറ്റഡ് താരങ്ങൾ ചെൽസി ബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും വിജയഗോൾ നേടാനായില്ല. എറിക് ടെൻ ഹാഗിനെ പുറത്താക്കിയ ശേഷം താൽകാലിക പരിശീലകൻ നിസ്റ്റർ റൂയിക്ക് കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയത്.
Adjust Story Font
16