ആരാധകർ വീണ്ടും മനംനിറഞ്ഞുപാടി; ഗ്ലോറി ഗ്ലോറി യുനൈറ്റഡ്...
- Updated:
2024-05-26 07:07:52.0
വ്യവസായവിപ്ലവത്തിന്റെയും കാൽപന്തിന്റെയും പൈതൃകമുള്ള ഒരേ നഗരത്തിൽ നിന്നുള്ള രണ്ടുക്ലബുകൾ. ഒരു ടീം നേട്ടങ്ങളുടെ കൊടുമുടിയിലാണെങ്കിൽ മറ്റൊരു ടീം അപമാനത്തിന്റെ പാതാളത്തിലാണ് . മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ നാലുകിരീടങ്ങളുമായി പ്രീമിയർ ലീഗ് ചരിത്രത്തെന്നെ കീറിമുറിക്കുമ്പോൾ സീസണിൽ എട്ടാമതായി ഫിനിഷ് ചെയ്ത യുനൈറ്റഡ് തങ്ങളൊരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത കാലത്തിലൂടെയാണ് കടന്നുപോയിരുന്നത്. സിറ്റിയുടെ ആശാൻ പെപ് ഗ്വാർഡിയോള വലിയ തലപ്പൊക്കത്തിൽ നിൽക്കുമ്പോൾ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗ് ഇന്നല്ലെങ്കിൽ നാളെ പോകേണ്ടി വരുമെന്ന മനപ്രയാസത്തിലാണ്.
അങ്ങനെയാരു നേരത്താണ് എഫ്.എ കപ്പ് ഫൈനലിൽ ഇരുടീമുകളും തമ്മിൽ നേർക്കുനേർ വരുന്നത്. പോയവർഷം നടന്ന എഫ്.എ കപ്പ് ഫൈനലിൽ ഇരുവരും തമ്മിൽ പോരടിച്ചപ്പോൾ സിറ്റി കിരീടം പേരിലാക്കിയതുമാണ്. പന്തയക്കമ്പോളങ്ങളും പണ്ഡിറ്റുകളും യുനൈറ്റഡിനെ എഴുതിത്തള്ളി. മാഞ്ചസ്റ്റർ സിറ്റിക്ക് 83 ശതമാനം വരെ സാധ്യതകളാണ് പന്തയക്കമ്പോളങ്ങളിൽ കൽപ്പിക്കപ്പെട്ടിരുന്നത്. അത് സ്വാഭാവികവുമായിരുന്നു. കാരണം അവസാനം കളിച്ച നേരങ്ങളിലൊന്നും സിറ്റിക്ക് ഒരു നല്ല മത്സരം കൊടുക്കാൻ പോലും യുനൈറ്റഡിനായിരുന്നില്ല.
അങ്ങനെ മഹത്തായ വെംബ്ലിയിൽ ഫൈനൽ രാവൊരുങ്ങി. ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിയ പെപ്പിന് പൂട്ടിടാൻ ചില തന്ത്രങ്ങൾ ടെൻഹാഗ് കരുതിവെച്ചിരുന്നു. പൊസിഷനൻ ഫുട്ബോളിലെ അപ്പോസ്തലനായ പെപ്പിനെ വീഴ്ത്താൻ ഒളിപ്പോരുകൾ തന്നെ വേണമെന്ന് ടെൻഹാഗിനറിയാമായിരുന്നു. പെപ്പിന്റെ തന്നെ ആയുധമായ ‘ഫാൾസ് 9’ പൊസിഷനിലേക്ക് ബ്രൂണോ ഫെർണാണ്ടസിനെ ഇറക്കിവിട്ടതായിരുന്നു ഇതിൽ പ്രധാനം. കൈയ്യിലുള്ളതിൽ ഏറ്റവും വേഗതയേറിയ മാർകസ് റാഷ്ഫോഡിനെയും ഗാർണണാച്ചോയെയും കോബി മൈനോയെയും അഴിച്ചുവിട്ടതായിരുന്നു മറ്റൊന്ന്. സിറ്റി പിൻനിരയിലെ വേഗതക്ക് പേരുകേട്ട വാൽക്കറിനെ മാറ്റി നിർത്തി പൊസിഷൻ തെറ്റി കളിക്കാറുള്ള ജോസ്കോ ഗ്വാർഡിയോളിന്റെ വശം ലക്ഷ്യമിട്ടായിരുന്നു മുന്നേറ്റങ്ങൾ. പിൻ നിരയിൽ മാർട്ടിനസും വരാനേയും വാൻബിസാക്കയുമെല്ലാം കോട്ടകെട്ടിയതതോടെ ആർത്തലച്ചുവന്ന നീലക്കടലിരമ്പമെല്ലാം തട്ടിത്തെറിച്ചുപോയി. യുനൈറ്റഡ് ബോക്സിലേക്ക് കയറാനാകാതെ സിറ്റി ശരിക്കും നട്ടം തിരിഞ്ഞു. ലോങ് റേഞ്ചറുകളും ഏറെ തൊടുത്തുനോക്കി. ഒന്നും നടന്നില്ല. ആദ്യപകുതിയിൽ രണ്ടുഗോളിന് മുന്നിലെത്തിയ യുനൈറ്റഡിന് ശേഷിക്കുന്ന സമയങ്ങളിൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
മത്സരം അവസാനത്തോടടുക്കുന്തോറും ഗ്വാർഡിയോളയുടെ മുഖത്തെ ചുവപ്പ് കൂടി വന്നപ്പോൾ എറിക് ടെൻഹാഗ് നിഗൂഢമായി ചിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിൽ ചുവപ്പുനിറങ്ങളിലെത്തിയ യുനൈറ്റഡ് ആരാധകർ ഏറെക്കാലത്തിന് ശേഷം ഗ്ലോറി ഗ്ലോറി ചാന്റുകൾ പാടുമ്പോൾ മോഹനഷ്ടങ്ങളുടെ നീലാകാശത്ത് തലകുനിച്ചു നിൽക്കുകയായിരുന്നു സിറ്റി ആരാധകർ. അവസാനത്തെ വിസിലും മുഴങ്ങിയതോടെ പെപ് ഗ്വാർഡിയോള റഫറിക്ക് മുന്നിൽ പരാതികളുടെ കൂമ്പാരക്കെട്ടഴിക്കുമ്പോൾ മൈതാനത്തെ ആഘോഷങ്ങളെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു ടെൻഹാഗ്. അന്നേരം റാഷ്ഫോഡിന്റെ കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെ ഉറവ തടുത്തുനിർത്താനാകാതെ പുറത്തുചാടി. യുനൈറ്റഡിന്റെ ചുവന്ന രക്തമോടുന്ന അലക്സ് ഫെർഗൂസണടക്കമുള്ളവർ കാഴ്ചകളെല്ലാം മനം നിറയെ കണ്ടാണ് മടങ്ങിയത്. അതെ, മാഞ്ചസ്റ്റർ നഗരത്തിൽ മാഞ്ഞുതുടങ്ങിയിരുന്ന ചുവന്ന നിറക്കൂട്ടുകളെല്ലാം ഒരൊറ്റ രാത്രികൊണ്ട് വീണ്ടും തിരികെയെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള യുനൈറ്റഡ് ആരാധകർ ആ നിറക്കൂട്ടുകൾ വാരിയെറിഞ്ഞ് സന്തോഷം പങ്കിടുന്നു.
Adjust Story Font
16