റോമ കത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്
യൂറോപ്പ ലീഗ് സെമി ആദ്യ പാദത്തിൽ റോമയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 6-2 ന്റെ കനത്ത തോല്‍വിയാണ് മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ റോമ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. 2007ല്‍ 7-1ന്റെ പരാജയം റോമ ഏറ്റുവാങ്ങിയിരുന്നു.
ഒമ്പതാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു ലീഡ് നൽകിയത്. കവാനി നല്‍കിയ പാസിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. ബ്രൂണോയുടെ ഈ സീസണിലെ 25ആം ഗോളായിരുന്നു ഇത്. എന്നാല്‍ അഞ്ചു മിനുട്ടിനകം പെനാല്‍റ്റിയിലൂടെ റോമ സമനില കണ്ടെത്തി. പോഗ്ബയുടെ ഹാൻഡ്ബോൾ സമ്മാനിച്ച പെനാല്‍റ്റി പെലഗ്രിനി അനായാസമായി വലയിൽ എത്തിച്ചു. കൗണ്ടറിലൂടെ റോമ 34ആം മിനുട്ടിൽ ജെക്കോയിലൂടെ ലീഡും നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രൂണൊ ഫെർണാണ്ടസിന്റെ പാസിലൂടെ കവാനി യുണൈറ്റഡിന് സമനില കണ്ടെത്തി. 64ആം മിനുട്ടിൽ കവാനി വീണ്ടും വല കുലുക്കി. സ്കോർ 3-2. 70ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാല്‍റ്റിയിലൂടെ നാലാം ഗോളും നേടി. കവാനിയെ സ്മാളിംഗ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ബ്രൂണൊ ഫെർണാണ്ടസ് വലയിൽ എത്തിച്ചു. 5 മിനുട്ടുകൾക്ക് അകം യുണൈറ്റഡിന്റെ അഞ്ചാം ഗോളും പിറന്നു. ബ്രൂണോ നൽകിയ ക്രോസ് ഒരു സൂപ്പർ ഹെഡറിലൂടെ പോഗ്ബ വലയിൽ എത്തിച്ചു.
അടുത്തതായി പകരക്കാരനായെത്തിയ മേസൺ ഗ്രീൻവുഡിന്റെ ഊഴമായിരുന്നു. എഡിസൻ കവാനിയുടെ പാസിലൂടെയായിരുന്നു ഗ്രീൻവുഡിന്റെ ഗോൾ. രണ്ട് എവേ ഗോളുകൾ നേടാനായി എന്നതുമാത്രമാണ് റോമയുടെ ആശ്വാസ ഘടകം.
Adjust Story Font
16