'മാനെയുടെ അഭാവം കനത്ത പ്രഹരമായിരുന്നു' - സെനഗൽ കോച്ച് സിസെ
താരത്തിന്റെ അഭാവം സെനഗലിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചു
ദോഹ: പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ തല ഉയർത്തിയാണ് ഖത്തർ ലോകകപ്പിനോട് വിട പറയുന്നത്. ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ 3-0ത്തിനാണ് ആഫ്രിക്കൻ കരുത്തർ തോൽവി വഴങ്ങിയത്. സാദിയോ മാനെയെ അവസാന നിമിഷം പരിക്കിനെ തുടർന്ന് ഒഴിവാക്കേണ്ടി വന്നതിന്റെ ഞെട്ടലുമായാണ് സെനഗൽ ഖത്തറിലെത്തിയത്. എന്നിട്ടും ആദ്യ റൗണ്ട് കടന്ന് അവർ അവസാന 16ൽ എത്തി. മാനെയുടെ അഭാവം ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചെന്ന് പറയുകയാണ് പരിശീലകൻ അലിയു സിസെ.
'ടൂർണമെന്റിലുടനീളം മാനെയുടെ അഭാവം ഞങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. അത്രയും മികവുള്ള ഒരു താരത്തെ നഷ്ടമാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതേയുള്ളു.'
'ആഫ്രിക്കൻ ചാമ്പ്യൻമാരാകാൻ ഞങ്ങൾ വർഷങ്ങളുടെ കഠിനാധ്വാനമാണ് ചെയ്തത്. ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ടീമുകളിൽ ഒന്നിനോടാണ്. ആ വ്യത്യാസം നിങ്ങൾക്ക് കാണാനാകും. അവരുടെ ശരീരിക മികവും അവർക്ക് അനുകൂലമായി. അതിനൊപ്പം ഞങ്ങളുടെ പ്രകടനം ഒട്ടും മികച്ചതായിരുന്നില്ലെന്നും സമ്മതിക്കുന്നു'- സിസെ പറഞ്ഞു.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബയേൺ മ്യൂണിക്ക് താരമായ മാനെയ്ക്ക് ബുണ്ടസ് ലീഗ പോരാട്ടത്തിനിടെ പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു തുടക്കത്തിൽ പ്രചരിച്ച റിപ്പോർട്ട്. എന്നാൽ അവസാന ഘട്ടത്തിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നു. കാര്യമായി തന്നെ താരത്തിന്റെ അഭാവം ബാധിക്കുകയും ചെയ്തു.
Adjust Story Font
16