Quantcast

മാഴ്‌സലോക്ക് ഇലക്ഷൻ ഡ്യൂട്ടി; ചാമ്പ്യൻസ് ലീഗ് രണ്ടാംപാദം നഷ്ടമായേക്കും

ഡ്യൂട്ടിയിൽ നിന്ന് മാഴ്‌സലോക്ക് ഇളവ് നൽകണമെന്നഭ്യർത്ഥിച്ച് റയൽ മാഡ്രിഡ് തെരഞ്ഞെടുപ്പ് അധികൃതർക്ക് കത്തു നൽകും.

MediaOne Logo

André

  • Published:

    29 April 2021 7:32 AM GMT

മാഴ്‌സലോക്ക് ഇലക്ഷൻ ഡ്യൂട്ടി; ചാമ്പ്യൻസ് ലീഗ് രണ്ടാംപാദം നഷ്ടമായേക്കും
X

യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാംപാദ സെമി ഫൈനൽ മത്സരം ബ്രസീലിയൻ താരം മാഴ്‌സലോയ്ക്ക് നഷ്ടമാവാൻ സാധ്യത. മെയ് നാലിന് നടക്കുന്ന മാഡ്രിഡ് അസംബ്ലി തെരഞ്ഞെടുപ്പിൽ നിരീക്ഷകനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. ബ്രസീലിയൻ താരമായ മാഴ്‌സലോ 2011-ൽ സ്പാനിഷ് പൗരത്വം സ്വീകരിച്ചിരുന്നു. ഇലക്ടറൽ രജിസ്റ്ററിലുള്ള എല്ലാ സ്പാനിഷ് പൗരന്മാരും, തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെട്ടാൽ പോളിങ് സ്‌റ്റേഷനുകളിൽ ഡ്യൂട്ടി എടുക്കണമെന്നാണ് ചട്ടം.

മെയ് നാല് ചൊവ്വാഴ്ച പകൽ സമയത്താണ് മാഡ്രിഡിലെ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്. പിറ്റേന്ന് വൈകുന്നേരം എട്ട് മണിക്കാണ് ലണ്ടനിലെ സ്റ്റാംഫഡ് ബ്രിഡ്ജിൽ സെമി മത്സരം നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ടീം തലേന്ന് തന്നെ ലണ്ടനിലേക്ക് പുറപ്പെടുമെന്നതിനാൽ ഇലക്ഷൻ ഡ്യൂട്ടി എടുക്കേണ്ടി വന്നാൽ മാഴ്‌സലോക്ക് മത്സരം നഷ്ടമാവും. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ സെമിയിൽ റയലിന്റെ സമനില ഗോൾ പിറന്നത് മാഴ്‌സലോയുടെ ക്രോസിൽ നിന്നായിരുന്നു. മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്.

ഡ്യൂട്ടിയിൽ നിന്ന് മാഴ്‌സലോക്ക് ഇളവ് നൽകണമെന്നഭ്യർത്ഥിച്ച് റയൽ മാഡ്രിഡ് മാഡ്രിഡിലെ തെരഞ്ഞെടുപ്പ് അധികൃതർക്ക് കത്തു നൽകും. ഒഴിവാക്കാൻ പറ്റാത്തത്ര സങ്കീർണമായ സാഹചര്യങ്ങളിൽ മാത്രമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഇളവ് നൽകാവൂ എന്നാണ് ചട്ടം. 2019-ൽ ലാലിഗ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ലെവന്റെയുടെ റിസർവ് ഗോൾകീപ്പർ അയ്‌തൊർ ഫെർണാണ്ടസിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഇളവ് നൽകിയിരുന്നു. 2015-ൽ ഇനാകി വില്യംസിനും സമാന സാഹചര്യത്തിൽ ഇളവ് ലഭിച്ചു.

ഒന്നര പതിറ്റാണ്ടോളമായി ബ്രസീൽ ദേശീയ ടീമിന്റെ ഭാഗമായ മാഴ്‌സലോ 2007 മുതൽ റയൽ മാഡ്രിഡ് ക്ലബ്ബിൽ അംഗമാണ്. 2011-ൽ ഭാര്യ ക്ലാരിസ് ആൽവസിനും മക്കൾക്കുമൊപ്പം താരം സ്പാനിഷ് പൗരത്വം നേടി.

TAGS :

Next Story