80 മിനിറ്റിലും ചിത്രത്തിലില്ലാത്തയാൾ, ഒടുവിൽ രണ്ടുമിനിറ്റിൽ രണ്ടുഗോളുകൾ; തോൽവിയിലും ഹീറോയായി കിലിയൻ എംബാപ്പെ
എട്ട് ഗോളുകളുമായി ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള സുവർണ പാദുകവുമായാണ് എംബാപ്പെയുടെ മടക്കം
ദോഹ: കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയി കിലിയൻ എംബാപ്പെ. ഞൊടിയിടയിൽ രണ്ട് ഗോളുകൾ നേടിയ എംബാപ്പെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഫൈനലിലെ ഹാട്രിക്കടക്കം കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം. അർജന്റീനയുടെ ലോകകപ്പ് കിരീടത്തിലേക്കുള്ള ദൂരം കൂട്ടിയത്
കിലിയൻ എംബാപ്പയെന്ന തോൽക്കാൻ മനസ്സില്ലാത്ത ഫ്രഞ്ച് പോരാളിയാണ്. 80 മിനിട്ടിലും ചിത്രത്തിലില്ലാത്തയാൾ. സെക്കൻഡുകളുടെ വ്യത്യാസത്തിൽ അർജന്റീനയുടെ മേൽ രണ്ട് തവണ ഇടുത്തീയായി പതിച്ചു. ട്വിസ്റ്റുകൾ നിറഞ്ഞ ഫൈനലിൽ ഷൂട്ടൗട്ട് വരെ മത്സരം നീട്ടിയത് എംബാപ്പെയാണ്.
80 മിനിട്ട് എംബാപ്പയെ പൂട്ടാൻ അർജന്റീനിയൻ പ്രതിരോധനിരയ്ക്കായി. എന്നാൽ അവരുടെ കണ്ണ് വെട്ടിച്ച് അയാൾ ആ കെട്ട് പൊട്ടിച്ചു. ആദ്യം പെനാൽറ്റി ഗോൾ. അങ്കലാപ്പിലായ അർജന്റീനയെ സെക്കൻഡുകൾക്കുളളിൽ എംബാപ്പെ നിശബ്ദമാക്കി. മെയ്‌വഴക്കത്തിന് പ്രാധാന്യം നൽകിയുള്ള ഫിനിഷിങ്.
മെസിയുടെ ഗോളിൽ അധികസമയത്ത് ജയിച്ചുകയറിയെന്ന് അർജന്റീന കണക്കുകൂട്ടിയതാണ്. എന്നാൽ വീണ്ടും പെനാൽറ്റി വിധിച്ചു. അനായാസമായി അതും ഗോളാക്കി അർജന്റീനയുടെ നെഞ്ചിൽ തീകോരിയിട്ടു എംബാപ്പെ. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ മാത്രം ഹാട്രിക്കാണ് ആ ഗോളിലൂടെ പിറന്നത്. ഷൂട്ടൗട്ടിലും എംബാപ്പെ തന്റെ കിക്ക് വലയിലെത്തിച്ചു.
എട്ട് ഗോളുകളുമായി ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള സുവർണ പാദുകവുമായാണ് എംബാപ്പെയുടെ മടക്കം. 2018 ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ എംബാപ്പെ ഇരട്ടഗോൾ നേടിയിരുന്നു. ലോകകപ്പിലെ ആകെ ഗോളുകൾ 12. 23 വയസ്സ് മാത്രമുള്ള എംബാപ്പെ പി എസ്ജിയിൽ മെസിയുടെ സഹതാരമാണ്. മെസ്സി - റൊണാൾഡോ യുഗം അവസാനിക്കുന്ന ഘട്ടത്തിൽ ലോക ഫുട്‌ബോൾ ഇനി ഇയാൾക്ക് ചുറ്റും കറങ്ങുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. അത് ശരിവെയ്ക്കുന്നതായിരുന്നു അയാളുടെ പ്രകടനവും.
Adjust Story Font
16