Quantcast

പെനാൽറ്റി പുറത്തേക്കടിച്ച് കെയ്ൻ; പൊട്ടിച്ചിരിച്ച് എംബാപ്പെ, സമൂഹമാധ്യമങ്ങളിൽ വിമർശനം

പെനാൽറ്റി ഗോളാക്കിയിരുന്നുവെങ്കിൽ ഫ്രാൻസിനോട് ഇംഗ്ലണ്ടിന് സമനില പിടിക്കാനാകുമായിരുന്നു. എന്നാൽ സമ്മർദ്ദം അതിജീവിക്കാൻ കെയ്‌നായില്ല

MediaOne Logo

Sports Desk

  • Updated:

    2022-12-11 11:07:17.0

Published:

11 Dec 2022 11:03 AM GMT

പെനാൽറ്റി പുറത്തേക്കടിച്ച് കെയ്ൻ; പൊട്ടിച്ചിരിച്ച് എംബാപ്പെ, സമൂഹമാധ്യമങ്ങളിൽ വിമർശനം
X

ദോഹ: ഇംഗ്ലണ്ടിനെ ഫ്രാൻസ് തോൽപ്പിച്ച ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് പടയുടെ നായകൻ ഹാരി കെയ്ൻ പെനാൽറ്റി പുറത്തേക്കടിച്ചപ്പോൾ പൊട്ടിച്ചിരിച്ച് കിലിയൻ എംബാപ്പെ. 84ാം മിനുട്ടിൽ കെയ്ൻ പെനാൽറ്റിയെടുത്ത് പോസ്റ്റിന് മുകളിലൂടെ പോയപ്പോഴാണ് ഫ്രഞ്ച് ഫോർവേഡായ എംബാപ്പെ പൊട്ടിച്ചിരിച്ചത്. ഈ പെനാൽറ്റി ഗോളാക്കിയിരുന്നുവെങ്കിൽ ഫ്രാൻസിനോട് ഇംഗ്ലണ്ടിന് സമനില പിടിക്കാനാകുമായിരുന്നു. എന്നാൽ സമ്മർദ്ദം അതിജീവിക്കാൻ കെയ്‌നായില്ല. എംബാപ്പെയുടെ പൊട്ടിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും വിമർശനവുമായെത്തി. 2020 യൂറോ കപ്പിൽ സംഭവിച്ചതെന്താണെന്നും ഈ കുഞ്ഞ് ഇനിയും പക്വത നേടാനുണ്ടെന്നുമായിരുന്നു ഒരാൾ പറഞ്ഞത്. 2020ൽ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെ പെനാൽറ്റി പാഴാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്. ഫ്രാൻസിനായി ഷുവാമെനിയും ഒലിവർ ജെറൂദും ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ പെനാൽറ്റി ഗോളാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്. 81ാം മിനുറ്റിൽ ഇംഗ്ലീഷ് താരം മേസൺ മൗണ്ടിനെ തിയോ ഹെർണാൻഡസ് ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിന് 81ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഹാരികെയ്ൻ പാഴാക്കിയത്.

ആദ്യപകുതിയിൽ ഷുവാമെനിയുടെ മിന്നും ഗോളിലായിരുന്നു ഫ്രാൻസ് മുന്നിലെത്തിയത്. 17ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ പന്ത് ബോക്‌സിന് പുറത്തുനിന്ന് ഷുവാമെനി കിടിലൻ ഷോട്ടിലൂടെ ഗോൾവല മറികടക്കുകയായിരുന്നു. ഗോൾ മടക്കാൻ 21ാം മിനിറ്റിൽ സുവർണാവസരം ലഭിച്ചെങ്കിലും ഹാരി കെയ്ൻ അത് നഷ്ടപ്പെടുത്തി. 78ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ മനോഹരമായ ക്രോസിൽ തലവെച്ച ജെറൂദ് അനായസമായി വലകുലുക്കി. കഴിഞ്ഞ തവണ റഷ്യയിൽ ക്രൊയേഷ്യയോട് സെമിയിൽ തോൽക്കുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുൻപ് ക്വാർട്ടറിൽ പുറത്തായത്. ഫ്രാൻസിന്റെ ആറാം സെമി പ്രവേശമാണിത്.

മൂന്നാം ക്വാർട്ടർ ഫൈനലിൽ പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെയാണ് നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് സെമിഫൈനലിൽ നേരിടേണ്ടി വരിക.

Kylian Mbappe laughed after England captain Harry Kane missed a penalty in France's quarter-final win over England.

TAGS :

Next Story