പുകയ്ക്കാം... മെസ്സി, റൊണാൾഡോ ബീഡി; ഈ ഇന്ത്യക്കാരുടെ ഒരു കാര്യം!
കേരളത്തിലെ വിപണി പ്രതീക്ഷിച്ചാകണം കവറിൽ മലയാളത്തിലും റൊണാള്‍ഡോ ബീഡിയുടെ പേര് എഴുതിയിട്ടുണ്ട്.
കോവിഡ് കാലത്ത് യൂറോയും കോപ്പ അമേരിക്കയും ഫുട്‌ബോൾ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ആനന്ദം ചെറുതല്ല. മഹാമാരിക്കിടെയുള്ള മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ഏറ്റവും വലിയ 'മരുന്നായിരുന്നു' രണ്ടു കായിക മാമാങ്കങ്ങളും.
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ രണ്ട് ഇതിഹാസങ്ങൾ നിറഞ്ഞു നിന്ന ടൂർണമെന്റുകൾ കൂടിയായിരുന്നു ഇത്. കോപ്പയിൽ മെസ്സി കിരീടം നേടിയപ്പോൾ യൂറോയിലെ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു ക്രിസ്റ്റിയാനോ.
ഫുട്‌ബോൾ ലോകത്ത് മാത്രമല്ല, വിപണിയിലും ശതകോടികളാണ് ഇരുവരുടെയും മൂല്യം. രണ്ട് പേരും പരസ്യങ്ങൾക്ക് വാങ്ങുന്നത് മില്യൺ ഡോളറുകളും. എന്നാൽ രണ്ടു പേരുടെയും പേരിൽ നയാ പൈസ ചെലവില്ലാതെ ബീഡിയുണ്ടാക്കിയ രണ്ടു കമ്പനികളുണ്ട് ബംഗാളിൽ.
ഒന്ന്, മുർഷിദാബാദ് ധുലിയനിലെ ആരിഫ് ബീഡി ഫാക്ടറി, രണ്ടാമത്തേത് ബംഗാളിലെ തന്നെ ന്യൂ റൊണാൾഡോ ബീഡി ഫാക്ടറി. ആരിഫ് ഫാക്ടറിയുടേതാണ് മെസ്സി ബീഡി. ലയണൽ മെസ്സിയുടെ ചിത്ര സഹിതം, അർജന്റീനൻ ജഴ്‌സിയെ അനുസ്മരിപ്പിക്കും വിധം നീലയും വെള്ളയും നിറത്തിലാണ് ബീഡിയുടെ കവർ. മഞ്ഞ, മെറൂൺ കളറിൽ റൊണാൾഡോ ബീഡിയും. കേരളത്തിലെ വിപണി പ്രതീക്ഷിച്ചാകണം കവറിൽ ബംഗാളി ഭാഷയ്ക്ക് പുറമേ, മലയാളത്തിലും ബീഡിയുടെ പേര് എഴുതിയിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമ്മയാണ് മെസ്സി ബീഡിയുടെ ചിത്രങ്ങൾ പങ്കുവച്ചത്. മെസ്സിയുടെ ഇന്ത്യയിലെ ആദ്യത്തെ കരാർ എന്ന വാചകത്തോടെയാണ് അദ്ദേഹം ട്വീറ്റു ചെയ്തത്.
Adjust Story Font
16