ബാളൻ ഡോർ ചർച്ചകൾക്ക് ചൂടേറുന്നു; സാധ്യത മെസ്സിക്ക്
നിലവിൽ, 2021-ലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 34-കാരനായ അർജന്റീന സൂപ്പർ താരം. കോപ അമേരിക്കയ്ക്കു മുമ്പ് മെസ്സിയുടെ ബാളൻ ഡോർ സാധ്യത 33 ശതമാനം ആയിരുന്നെങ്കിൽ നിലവിൽ അത് 66 ശതമാനമാണ്
കോപ അമേരിക്ക അർജന്റീന സ്വന്തമാക്കിയതിനു പിന്നാലെ മികച്ച ഫുട്‌ബോളർക്കുള്ള ഈ വർഷത്തെ ബാളൻ ഡോർ പുരസ്‌കാരത്തെക്കുറിച്ചുള്ള ചർച്ചകൾ ഫുട്‌ബോൾലോകത്ത് സജീവമാകുന്നു. 28 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് അർജന്റീനയ്ക്ക് അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കാൻ മുന്നിൽനിന്ന ലയണൽ മെസ്സി, ബാളൻ ഡോർ സാധ്യതാ പട്ടികയിൽ മുന്നിലെത്തിയതോടെയാണ് ലോകഫുട്‌ബോളിലെ ഉന്നതമായ വ്യക്തിഗത പുരസ്‌കാരം വീണ്ടും ചർച്ചകളിൽ നിറയുന്നത്. മെസ്സിക്കു പുറമെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ, ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡവ്‌സ്‌കി, ഇറ്റാലിയൻ ഡിഫന്റർ ജോർജിയോ കെല്ലിനി, ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെ തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.
2020-21 ലീഗ് സീസണിൽ ടോപ് സ്‌കോററായിരുന്നിട്ടും ബാഴ്‌സലോണക്ക് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗും നേടാൻ കഴിയാതിരുന്നതോടെ മെസ്സിയുടെ ഏഴാം ബാളൻ ഡോർ സ്വപ്‌നങ്ങൾക്ക് മങ്ങലേറ്റിരുന്നു. ഈ പുരസ്‌കാരത്തിൽ മെസ്സിയുടെ നേർഎതിരാളിയായിരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ട്രോഫികളുടെ കാര്യത്തിൽ അത്ര നല്ല സീസൺ ആയിരുന്നില്ല കഴിഞ്ഞുപോയത്. ബാഴ്‌സക്ക് കോപ ദെൽ റേ എന്ന പോലെ കോപ ഇറ്റാലിയ മാത്രമാണ് യുവന്റസിന് നേടാനായത്. എന്നാൽ, കോപ അമേരിക്കയിലെ മിന്നും ഫോമും കിരീടധാരണവും മെസ്സിയുടെ സാധ്യതകൾ വർധിപ്പിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ടോപ് സ്‌കോറർ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവ മെസ്സിക്ക് ഗുണപ്രദമായി.
നിലവിൽ, 2021-ലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 34-കാരനായ അർജന്റീന സൂപ്പർ താരം. കോപ അമേരിക്കയ്ക്കു മുമ്പ് മെസ്സിയുടെ ബാളൻ ഡോർ സാധ്യത 33 ശതമാനം ആയിരുന്നെങ്കിൽ നിലവിൽ അത് 66 ശതമാനമാണെന്ന് ബെറ്റിങ് കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു.
വഴിത്തിരിവായത് യൂറോ, കോപ
ക്ലബ്ബ് സീസണിനു ശേഷം അന്താരാഷ്ട്ര ടൂർണമെന്റുകൾ ആരംഭിക്കുമ്പോൾ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ആയിരുന്നു സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. ഫ്രഞ്ച് ടീമിലെ ടോപ് സ്‌കോററും ചാമ്പ്യൻസ് ലീഗിൽ രണ്ടാമത്തെ ടോപ് സ്‌കോററുമായ താരം ഫ്രാൻസ് ദേശീയ ടീമിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണക്കെതിരെ ഹാട്രിക്കടക്കം രണ്ട് മത്സരങ്ങളിൽ നിന്ന് നാലു ഗോളും എംബാപ്പെ നേടി. എന്നാൽ, യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലന്റിനോട് ഷൂട്ടൗട്ടിൽ ഫ്രാൻസ് പുറത്തുപോയത് എംബാപ്പെയുടെ സാധ്യതകളെ സാരമായി ബാധിച്ചു. നിർണായകമായ കിക്ക് പാഴാക്കി ഫ്രാൻസിന് പുറത്തേക്കുള്ള വഴി തുറന്നതും എംബാപ്പെയായിരുന്നു.
കോവിഡ് കാരണം റദ്ദാക്കപ്പെട്ട 2020 ബാളൻ ഡോർ സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്ന റോബർട്ട് ലെവൻഡവ്‌സ്‌കിയാണ് ഇത്തവണ എംബാപ്പെയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ബുണ്ടസ് ലിഗയിലെ ടോപ് സ്‌കോറർ പദവിയും ലീഗ് കിരീടവുമായിരുന്നു പോളിഷ് താരത്തിന്റെ ബലം. യൂറോയിൽ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാൻ കഴിയാതിരുന്നതോടെ 32-കാരന്റെ സാധ്യതയും മങ്ങി. ചെൽസിയെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും സെമി, ഫൈനൽ മത്സരങ്ങളിൽ കളിയിലെ കേമനാവുകയും ചെയ്ത എൻഗോളോ കാന്റെയുടെ സാധ്യതയും ഫ്രാൻസിന്റെ യൂറോ തിരിച്ചടിയോടെ ദുർബലമായി. കെവിൻ ഡിബ്രുയ്‌നെ, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർക്ക് യൂറോ കപ്പ് നേടിയാൽ ബാളൻ ഡോർ സാധ്യതയുണ്ടായിരുന്നെങ്കിലും ബെൽജിയത്തിന് ക്വാർട്ടറിനും പോർച്ചുഗലിന് പ്രീക്വാർട്ടറിനും അപ്പുറം മുന്നേറാൻ കഴിഞ്ഞില്ല. സീരി എയിലും യൂറോ കപ്പിലും ടോപ് സ്‌കോററാണെങ്കിലും ടീമുകൾക്ക് കിരീടനേട്ടമില്ലാത്തത് അഞ്ചു തവണ ബാളൻ ഡോർ നേടിയ ക്രിസ്റ്റിയാനോക്ക് തിരിച്ചടിയായി.
നിലവിൽ ചാമ്പ്യൻസ് ലീഗും യൂറോ കപ്പും നേടിയ ഇറ്റാലിയൻ താരം ജോർജിഞ്ഞോ ആണ് മെസ്സിയുടെ ബാളൻ ഡോർ എതിരാളി. എന്നാൽ, ടീമുകൾ കിരീടങ്ങൾ നേടിയെങ്കിലും അവയിൽ വ്യക്തിപരമായി ജോർജിഞ്ഞോയുടെ സംഭാവന പരിമിതമായിരുന്നു.
മെസ്സിയുടെ വർഷം
2021 കലണ്ടർ വർഷത്തിൽ ക്ലബ്ബിനും രാജ്യത്തിനുമായി മെസ്സി 38 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. ഇതിൽ 33 ഗോൾ നേടുകയും 14 ഗോളുകൾക്ക് വഴിയൊരുക്കുയും ചെയ്തു. ക്ലബ്ബിനു വേണ്ടി 29 കളിയിൽ 28 ഗോളും 9 അസിസ്റ്റും മെസ്സി നേടിയപ്പോൾ അർജന്റീനക്കായി ഒമ്പത് കളിയിൽ അഞ്ച് വീതം ഗോളും അസിസ്റ്റും നേടി. കോപ അമേരിക്കയിൽ മാത്രം ഏഴ് മത്സരങ്ങളിൽ ഒമ്പത് ഗോളുകളിൽ മെസ്സി പങ്കാളിയായി. ജൂൺ 24-ന് 34-ാം ജന്മദിനം ആഘോഷിച്ച താരം കളിക്കുന്ന ഓരോ 73 മിനുട്ടിലും ഒരു ഗോൾനേട്ടത്തിൽ പങ്കാളിയാവുന്നു എന്നാണ് 2021-ലെ കണക്ക്.
ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ നൽകുന്ന ബാളൻ ഡോറിന് 2021-22 സീസൺ ആദ്യഘട്ടങ്ങളിലെ വ്യക്തിഗത മികവും പരിഗണിക്കുമെങ്കിലും മെസ്സിക്കു തന്നെയാണ് കൂടുതൽ സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്‌സലോണയുമായുള്ള കരാർ ജൂൺ 30-ന് അവസാനിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്.
Adjust Story Font
16