പരിശീലനത്തിന് പോക്കറ്റടിക്കാരും; ഇത് ആർടേറ്റ സ്റ്റൈൽ ട്രെയിനിങ്
ലണ്ടൻ: പ്രീമിയർ ലീഗിൽ പുതിയ സീസൺ തുടങ്ങാറായി. പോയ രണ്ടുവർഷവും മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അടിയറവ് വെച്ച ലീഗ് കിരീടം ഏത് വിധേനയും എമിറേറ്റ്സിലെത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് ആർസനൽ. പെപ് ഗാർഡിയോളയെന്ന ചാണക്യന്റെ കളരിയിൽ പഠിച്ചിറങ്ങുന്ന സിറ്റിയെ വെല്ലാൻ പരമാവധി പദ്ധതികൾ തന്നെ ആഴ്സനൽ കോച്ച് മിക്കൽ ആർടേറ്റ ഒരുക്കുന്നു. പ്രീ സീസണിന് മുന്നോടിയായി ആർടേറ്റ ടീമംഗങ്ങൾക്കായി ഒരുക്കിയ സ്പെഷ്യൽ ട്രെയിനിങ്ങാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
കഥ ഇങ്ങനെ: ആർസനൽ താരങ്ങളോടൊപ്പം ഡിന്നറിനായി ആർസനൽ കോച്ച് മിക്കൽ ആർടേറ്റ കുറച്ച് സ്പെഷ്യൽ അതിഥികളെയും വിളിച്ചു. അങ്ങനെ ഒരു ടേബിളിന് ചുറ്റുമിരുന്ന് താരങ്ങളും അതിഥികളുമെല്ലാം ഭക്ഷണവും കഴിച്ചു. അതിന് ശേഷം ആർടേറ്റ താരങ്ങളോടെല്ലാം പോക്കറ്റ് തപ്പിനോക്കാൻ പറയുന്നു. തങ്ങളുടെ വിലകൂടിയ പല സാധനങ്ങളും കാണാനില്ലെന്ന സത്യം താരങ്ങൾ അറിയുന്നത് അപ്പോൾ മാത്രമാണ്.
തങ്ങളോടൊപ്പം ഉണ്ണാനിരുന്ന സ്പെഷ്യൽ അതിഥികൾ കുപ്രസിദ്ധിയാർജിച്ച പോക്കറ്റടിക്കാരായിരുന്നെന്ന വിവരം താരങ്ങളെ അതിലും ഞെട്ടിച്ചു. മൈതാനത്ത് ഓരോ നിമിഷവും എത്രത്തോളം ജാഗ്രതയോടെ ഇരിക്കണമെന്ന് കളിക്കാരെ ഉണർത്താനായി കോച്ച് ആർടേറ്റ തന്നെയാണ് പ്രൊഫഷണൽ പോക്കറ്റടിക്കാരെ വെച്ച് ഇത്തരമൊരു ട്രെയ്നിങ് ഒരുക്കിയത്. കളിക്കളത്തിന് പുറത്തുള്ള ഇത്തരം ‘ട്രെയിനിങ്’ രീതികൾ ആർടേറ്റക്ക് പുതിയ സംഭവമല്ല.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ ഏറ്റവും മികച്ച കോച്ചുമാരുടെ ഇടയിലേക്ക് ആർടേറ്റ കസേര വലിച്ചിട്ടത് ഇതുപോലുള്ള ഒരുപാട് വിചിത്രമായ രീതികൾ കൊണ്ടുകൂടിയാണെന്നാണ് കാൽപന്ത് ലോകത്തെ സംസാരം.
Adjust Story Font
16