Quantcast

ഡ്യൂറന്റ് കപ്പിൽ മോഹൻ ബഗാൻ സെമിയിൽ; പഞ്ചാബ് എഫ്.സിയെ കീഴടക്കിയത് സഡൻഡെത്തിൽ

മുഴുവൻ സമയവും ഇരുടീമുകളും മൂന്ന് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

MediaOne Logo

Sports Desk

  • Published:

    23 Aug 2024 1:28 PM GMT

Mohun Bagan in Durant Cup semi-finals; Punjab won in sudden death
X

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ആവേശ പോരാട്ടത്തിൽ പഞ്ചാബ് എഫ്.സിയെ സഡെൻഡെത്തിൽ മറികടന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് സെമിയിൽ. മൂന്നാം ക്വാർട്ടർ പോരാട്ടത്തിലെ മുഴുവൻ സമയവും ഇരുടീമുകളും (3-3) സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യ അഞ്ച് കിക്കുകളിൽ ഇരുടീമുകളുടേയും ഓരോ ഷോട്ട് വീതം നഷ്ടമായതോടെ സഡൻഡെത്തിലേക്ക് നീങ്ങി. പഞ്ചാബ് താരം ഇവാൻ നൊവാസെലികിന്റെ വിജയമുറപ്പിക്കാനുള്ള അഞ്ചാം കിക്ക് പോസ്റ്റിൽ തട്ടി പുറത്ത് പോയതോടെയാണ് കൊൽക്കത്തൻ ക്ലബിന് വീണ്ടും ജീവൻ ലഭിച്ചത്. തുടർന്ന് സഡൻഡെത്തിലേക്ക് നീങ്ങിയ മത്സരത്തിൽ (6-5) ബഗാൻ സെമി പ്രവേശനമുറപ്പിച്ചു. ജെ.ആർ.ഡി ടാറ്റ സ്‌കോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടന്നത്.

നേരത്തെ ലൂക്കയുടെ പെനാൽറ്റിയിലൂടെ (17) പഞ്ചാബാണ് ആദ്യം സ്‌കോർ ചെയ്തത്. 44ാം മിനിറ്റിൽ സുഹൈലിലൂടെ ബഗാൻ സമനില പിടിച്ചതോടെ ആദ്യ പകുതി 1-1 സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതി വിസിൽ മുഴങ്ങി മൂന്നാം മിനിറ്റിൽതന്നെ മൻവീറിലൂടെ ബഗാൻ വീണ്ടും മുന്നിലെത്തി. 63ാം മിനിറ്റിൽ ഫിലിപ്പിലൂടെ പഞ്ചാബ് സമനില പിടിച്ചതോടെ വീണ്ടും കളി ആവേശകൊടുമുടിയിലെത്തി.

71ാം മിനിറ്റിൽ നോർബെർടോസിന്റെ മികച്ചൊരു ഗോളിലൂടെ മത്സരത്തിൽ ആദ്യമായി പഞ്ചാബ് മുന്നിലെത്തി(3-2). എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ കൊൽക്കത്തൻ ക്ലബ് നിരന്തരം എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. 79ാം മിനിറ്റിൽ കമ്മിങ്‌സിലൂടെ നിർണാക സമനിലയും കണ്ടെത്തി(3-3). രാത്രി നടക്കുന്ന നാലാം ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി വിജയികളാകും ബഗാന്റെ എതിരാളികൾ

TAGS :

Next Story