Quantcast

പെരുമയൊന്നും അവകാശപ്പെടാതെ എത്തി; വമ്പന്മാരെ വിറപ്പിച്ച് മൊറോക്കോ റോക്കിങ്

ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള മുന്നേറ്റം

MediaOne Logo

Web Desk

  • Published:

    2 Dec 2022 4:06 AM GMT

പെരുമയൊന്നും അവകാശപ്പെടാതെ എത്തി; വമ്പന്മാരെ വിറപ്പിച്ച് മൊറോക്കോ റോക്കിങ്
X

അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് മൊറോക്കോയുടെ വരവ്. പക്ഷേ കളത്തിൽ അവർ അമ്പരപ്പിക്കുകയാണ്. ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള മുന്നേറ്റം. നോക്കൗട്ടിലും ഒരു കൈ നോക്കാനാകും ഇനി മൊറോക്കോയിറങ്ങുക.

സ്പെയിന് തെക്ക്, ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ ഒരു നാടുണ്ട്. വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കൊ. അവിടെ ഒരുകൂട്ടം കാൽപന്താട്ടക്കാരുണ്ട്. ആരാധകർ അവരെ സ്നേഹത്തോടെ അറ്റ്ലസ് ലയൺസ് എന്നുവിളിച്ചു.

കാൽപന്തിലെ പെരുമയോ സമ്പന്നമായ ചരിത്രമോ പറയാനില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഒരു കിരീടം. അറബ് കപ്പിലെ ഒരു കിരീടനേട്ടം. 1970ലാണ് ആദ്യമായി അവർ ലോകവേദിയിൽ പന്തുതട്ടിയത്. ആദ്യ റൌണ്ടിൽ പുറത്താവുകയും ചെയ്തു. 1986 ലോകകപ്പിലെ രണ്ടാം റൌണ്ടാണ് മികച്ച നേട്ടം. 2010ന് ശേഷം അവരുടെ കാൽപന്തുകളിയിൽ ഒരു പുത്തൻ ഉണർവ് കണ്ടു. യൂറോപ്പിലെ വിവിധ ലീഗുകളിൽ കളിക്കുന്ന ഒരുപിടി താരങ്ങളും വന്നു. തൽഫലം 2012 അറബ് കപ്പ് മൊറോക്കോയിലെത്തി. 2018ലും 2020ലും ആഫ്രിക്കൻ നാഷൻസ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം. റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ. ഒപ്പം കരുത്തരായ കാനഡയും. ഖത്തറിൽ മൊറോക്കൊ പന്തുതട്ടിത്തുടങ്ങി. പ്രവചനങ്ങളിൽ വലുതായി മൊറോക്കൊയുടെ പേര് കണ്ടില്ല. പക്ഷേ കളത്തിൽ കണ്ടത് മറ്റൊന്നായിരുന്നു. ക്രൊയേഷ്യയെ തളച്ച് അവർ വരവറിയിച്ചു. ബെൽജിയത്തെ തറപറ്റിച്ച് വിജയകാഹളം മുഴക്കി. അനന്തരം കാനഡയ്ക്ക് മേൽ ഒരു അനായാസ ജയം. തോൽവിയറിഞ്ഞില്ല. ക്രൊയേഷ്യക്കും ബെൽജിയത്തിനുമെതിരെ ഗോൾ വഴങ്ങിയില്ല. കാനഡയ്ക്ക് നൽകിയത് ഒരു ഓൺ ഗോൾ.

മൊറോക്കൻ ഫുട്ബോളിന് ഒരു സുവർണ തലമുറയുണ്ടായിരുന്നു. 86ൽ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാർട്ടർ വരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവർ. ഇത് ഒരു രണ്ടാം വരവാണ്. അഷ്റഫ് ഹക്കീമി, ഹകിം സിയെച്ച്, യൂസഫ് എൻ നെസിരി അങ്ങനെ എണ്ണിപ്പറയാൻ നിരവധി പേരുകൾ. ലോകഫുട്ബോളിലെ വമ്പൻ പേരുകാരെ വെല്ലുവിളിക്കുന്നു മൊറോക്കൊ. അത്ഭുതം കാട്ടുമെന്ന് ആണയിടുന്നു.

TAGS :

Next Story