'മെസ്സിക്കെതിരെ കാര്യങ്ങൾ എളുപ്പം, റൊണാൾഡോയായിരുന്നു പ്രശ്‌നം'; പി.എസ്.ജിക്കെതിരെ വിജയിച്ച ശേഷം പരിഹാസവുമായി തോമസ് മുള്ളർ
ജർമ്മൻ വമ്പന്മാർക്കെതിരായ തന്റെ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്
മെസ്സി, തോമസ് മുള്ളർ, ക്രിസ്റ്റ്യാനോ റൊണാൾഡോ
മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പിഎസ്ജിയെ തോൽപ്പിച്ച ശേഷം മെസ്സിയെ പരിഹസിച്ച് ബയേൺ മ്യുണിക് നായകൻ തോമസ് മുള്ളർ. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തിയാണ് മുള്ളറുടെ പരിഹാസം. പി.എസ്.ജിക്കെതിരെയുള്ള മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
'റിസൽട്ടിന്റെ കാര്യത്തിൽ മെസ്സിക്കെതിരെ ഞങ്ങളെന്നും മികച്ച രീതിയിലാണ് കാര്യങ്ങൾ ചെയ്തത്. റയൽ മാഡ്രിഡിലുള്ള കാലത്ത് ക്ലബ് തലത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയായിരുന്നു പ്രശ്‌നം' മുള്ളർ പറഞ്ഞു.
ഇപ്പോഴത്തെ പരാജയത്തിൽ പരിഹസിച്ചെങ്കിലും ഡിസംബറിൽ നടന്ന ഖത്തർ ലോകകപ്പിലെ അർജൻറീനൻ വിജയത്തിൽ മുള്ളർ മെസ്സിയെ പുകഴ്ത്തി. 'മെസ്സിയുടെ ലോകകപ്പ് പ്രകടനത്തിൽ എനിക്കേറെ ആദരവുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനം വളരെ അത്ഭുതകരമായിരുന്നു. അദ്ദേഹം മുഴുവൻ ടീമിനെയും മുന്നോട്ട് നയിച്ചു. എന്നാൽ പി.എസ്.ജി പോലെയുള്ള ടീമിൽ കളിക്കുന്നത് എളുപ്പമല്ല. മികച്ച ടീം ബാലൻസ് ലഭിക്കാൻ വളരെ പ്രയാസമുണ്ട്'
വിജയകരമായി മുന്നേറിയിരുന്ന പാരീസ് സെന്റ് ജെർമെയ്നിനെതിരെ ബുധനാഴ്ച ബയേൺ 2-0 ന് വിജയിക്കുകയായിരുന്നു. ആദ്യ പാതിയിൽ ഒരു ഗോളിന് ടീം നേരത്തെ വിജയിച്ചിരുന്നു. ഇന്നലത്തെ മത്സരത്തോടെ മൊത്തത്തിൽ 3-0 ന് വിജയിച്ചു. ഇതോടെ ജർമ്മൻ വമ്പന്മാർക്കെതിരായ തന്റെ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്.
നേരെമറിച്ച്, റയൽ മാഡ്രിഡിനായി കളിക്കവേ ബയേണെതിരെ മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. എട്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അഞ്ചിലും റൊണാൾഡോയും സംഘവും ബയേണിനെ മറികടന്നു. സി.ആർ സെവൻ ഒമ്പത് ഗോളുകൾ നേടി. ഇവയെല്ലാം നോക്കൗട്ട് ഘട്ടത്തിലും മിക്കതും സെമി-ഫൈനലിലുമായിരുന്നു.
അലയൻസ് അരീനയിൽ നിന്ന് മെസ്സിയെയും കൂട്ടരെയും തോൽപ്പിച്ച ശേഷം മുള്ളർ ഓർമിപ്പിച്ചത് ഈ കണക്കുകളാണ്. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയെ അദ്ദേഹത്തിന്റെ നിത്യ എതിരാളിയായ റൊണാൾഡോയുടെ നേട്ടങ്ങളിലൂടെ കളിയാക്കുകയായിരുന്നു താരം.
യുവേഫ ചാമ്പ്യൻസ് ലീഗ് ലീഗിലെ ബയേണെതിരെയുള്ള പ്രീക്വാർട്ടർ തോൽവിയോടെ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരിക്കുകയാണ്. ക്വാർട്ടർ ഉറപ്പാക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന ലയണൽ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേൺ പ്രതിരോധം കടക്കാനായില്ല. 25ാം മിനിറ്റിൽ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും വിഫലമായി. ബയേൺ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. 37ആം മിനിറ്റിൽ ഗോൾ കീപ്പർ സോമറിന്റെ പിഴവ് മുതലാക്കി വിട്ടിൻഞ്ഞ ഷോട്ട് ഉതിർത്തെങ്കിലും ഡിലിറ്റ് സേവ് ചെയ്തു.
രണ്ടാം പകുതിയിൽ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ാം മിനിറ്റിൽ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. 61ാം മിനിറ്റിൽ പിഎസ്ജി പ്രതിരോധത്തെ കീഴ്‌പ്പെടുത്തി ബയേൺ കുതിച്ചു. ഗൊരെട്‌സ്‌ക- മുള്ളർ- ചൗപ്പോ മോട്ടിങ് കൂട്ടുകെട്ടിൽ ആദ്യ ഗോൾ. തുടർന്നങ്ങോട്ട് തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ നിരന്തര ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 89ാം മിനിറ്റിൽ സെർജ് ഗ്‌നാബ്രിയിലൂടെ രണ്ടാം ഗോൾ. അധിക സമയത്ത് സാദിയോ മാനേ വല കുലുക്കിയെങ്കിലും അതും ഓഫ്‌സൈഡായിരുന്നു.
We always do very well against Messi. Cristiano Ronaldo who was our problem when he was at Real Madrid:Thomas mulle
Adjust Story Font
16