യുനൈറ്റഡിന്റെ വിജയത്തിൽ നഷ്ടം നേരിട്ടത് ചെൽസിക്കും ന്യൂകാസിലിനും
ലണ്ടൻ: വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആത്മവിശ്വാസം തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് കീരീടം നേടിയതോടെ പണികിട്ടിയത് ചെൽസിക്കും ന്യൂകാസിലിനും. എഫ്.എ കപ്പ് വിജയത്തോടെ യുനൈറ്റഡ് യൂറോപ്പ ലീഗിൽ സ്ഥാനം ഉറപ്പിച്ചതോടെ പൊരുതിക്കയറി നേടിയ സ്ഥാനം ചെൽസിക്ക് നഷ്ടമാകും.
പ്രീമിയർ ലീഗിൽ ആദ്യ നാലുസ്ഥാനങ്ങളിലുള്ള സിറ്റി, ആർസനൽ, ലിവർപൂൾ, ആസ്റ്റൺവില്ല എന്നിവർ ചാമ്പ്യൻസ് ലീഗിലാണ് പന്തുതട്ടുക. അഞ്ചാംസ്ഥാനത്തുള്ള ടോട്ടൻഹാമിനൊപ്പം യുനൈറ്റഡ് യൂറോപ്പ ലീഗിലേക്ക് കയറുമ്പോൾ ആറാമതുള്ള ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗിലേക്ക് താണു. യൂറോപ്പ കോൺഫറൻസ് ലീഗിൽ ഇടംപിച്ച ന്യൂകാസിലിന് ചെൽസിയുടെ വരവോടെ യൂറോപ്പിലെ ഒരു ചാമ്പ്യൻഷിപ്പിലും കളിക്കാൻ കഴിയാതെയുമായി. സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എട്ടാമതായാണ് ഫിനിഷ് ചെയ്തിരുന്നത്.
എഫ്.എ കപ്പ് ഫൈനലിൽ പൊസിഷനിലും പാസിങ്ങിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നെങ്കിലും ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് യുനൈറ്റഡ് വിജയിച്ചുകയറുകയായിരുന്നു. അലഹാണ്ട്രോ ഗാർണാച്ചോ, കോബി മൈനോ എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്.
രണ്ടുഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തിലൂന്നി മത്സരം പൂർത്തിയാക്കാനായിരുന്നു യുനൈറ്റഡിന്റെ ശ്രമം. യുനൈറ്റഡ് പ്രതിരോധനിരയെ വെട്ടിച്ചുകയറാനുളള സിറ്റിയുടെ ശ്രമങ്ങളെല്ലാം പാഴായി. ഒടുവിൽ 87ാം മിനുറ്റിൽ ജെർമി ഡോകുവിലൂടെയായിരുന്നു സിറ്റിയുടെ തിരിച്ചടി. പെനൽറ്റി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ഷോട്ട് അളന്നെടുക്കുന്നതിൽ യുനൈറ്റഡ് ഗോൾകീപ്പർ ഒനാനക്ക് പിഴച്ചു.
സീസണിലുടനീളം മോശം പ്രകടനത്തിന് പഴികേണ്ട യുനൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗിന് ഏറെ ആശ്വാസം നൽകുന്നതാണ് എഫ്.എ കപ്പ് വിജയം.പ്രീമിയർ ലീഗിന് പിന്നാലെ എഫ്.എ കപ്പിലും മുത്തമിട്ട് രാജാക്കൻമാരാകാനുള്ള സിറ്റിയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നഗരവൈരികൾ നൽകിയത്.
Adjust Story Font
16