സൗദി നിക്ഷേപത്തിന് പിന്നാലെ പിഎസ്ജി സൂപ്പർ താരത്തെ നോട്ടമിട്ട് ന്യൂകാസിൽ യുണൈറ്റഡ്
ജനുവരി ട്രാൻസ്ഫറിൽ 200 ദശലക്ഷം യൂറോയെങ്കിലും താരങ്ങൾക്കായി ന്യൂകാസിൽ മുടക്കുമെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്
സൗദി അറേബ്യയിൽ നിന്ന് നിക്ഷേപമെത്തിയതിന് പിന്നാലെ പിഎസ്ജിയുടെ അർജന്റീനൻ സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ നോട്ടമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. 2024 വരെ ലീഗ് വൺ ക്ലബുമായി കരാറുള്ള താരമാണ് ഇക്കാര്‍ഡി. ഇന്റർമിലാനിൽ നിന്ന് 2019ലെ വേനൽക്കാല സീസണിലാണ് ഇക്കാർഡി ഫ്രഞ്ച് ക്ലബിലെത്തിയത്. ലയണൽ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെ താരം ഇറ്റലിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ട്രാൻസ്ഫർ വിപണിയിൽ 35 ദശലക്ഷം യൂറോയാണ് 28കാരന്റെ മൂല്യം.
മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന പിഎസ്ജി മുന്നേറ്റത്തിൽ കഴിഞ്ഞ മത്സരങ്ങളില്‍ ഇക്കാർഡിക്ക് ഇടം ലഭിച്ചിരുന്നില്ല. യുവന്റസ്, എ.സി മിലാൻ, എസി റോമ, ടോട്ടൻഹാം തുടങ്ങിയ വമ്പൻ ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ തേടി പ്രീമിയർ ലീഗ് ക്ലബിൽ നിന്ന് ഓഫർ വരുന്നത്. ബേൺലി താരം നിക് പോപെ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫോർവേഡ് ആന്തണി മാർഷ്യൽ തുടങ്ങിയവരെയും ന്യൂകാസിൽ നോട്ടമിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ജനുവരി ട്രാൻസ്ഫറിൽ 200 ദശലക്ഷം യൂറോയെങ്കിലും താരങ്ങൾക്കായി ന്യൂകാസിൽ മുടക്കുമെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നു വർഷത്തിൽ അമ്പത് മില്യൺ യൂറോ അടിസ്ഥാന സൗകര്യത്തിനായും അക്കാദമിക്കായും ചെലവഴിക്കും.
സ്വന്തമാക്കിയത് 2200 കോടി രൂപയ്ക്ക്
2200 കോടി ഇന്ത്യൻ രൂപയ്ക്കാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കിയത്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെൻറ് ജെയിംസ് പാർക്ക് ആണ് ന്യൂകാസിലിൻറെ ഹോം ഗ്രൗണ്ട്. പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ക്ലബ്ബ് ഇപ്പോൾ. ദ മാഗ്‌പൈസ്, ദ ടൂൺ എന്നീ വിളിപ്പേരുകളിലും ക്ലബ്ബ് അറിയപ്പെടുന്നുണ്ട്.
Adjust Story Font
16