ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം മേജർ കിരീടം; ഇംഗ്ലീഷ് ഫുട്‌ബോളിൽ അത്ഭുതപ്പെടുത്തുന്ന ന്യൂകാസിൽ
കരബാവോ കപ്പ് ഫൈനലിൽ ലിവർപൂളിനെയാണ് ന്യൂകാസിൽ തോൽപിച്ചത്.

ഇംഗ്ലണ്ടിലെ വിഖ്യാതമായ വെംബ്ലി സ്‌റ്റേഡം. കരബാവോ കപ്പിൽ ലിവർപൂൾ ന്യൂകാസിൽ പോരാട്ടം നിശ്ചിത 90 മിനിറ്റും കഴിഞ്ഞ് എട്ട് മിനിറ്റിന്റെ ഇഞ്ചുറി ടൈമിലേക്ക്. രണ്ട് ഗോളിന്റെ നിർണായക ലീഡിലാണ് ഈ സമയം ന്യൂകാസിൽ. ചരിത്ര വിജയത്തിനരികിൽ നിൽക്കെ വെള്ളയും കറുപ്പും പുതച്ച വെംബ്ലി ഗ്യാലറിയിലെ ഒരുഭാഗത്ത് അപ്പോൾ ആരാധകരുടെ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. എന്നാൽ 90+4ാം മിനിറ്റിൽ മത്സരത്തിൽ ലിവർപൂളിന്റെ മറുപടിയെത്തി. പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസയുടെ ക്ലിനിക്കൽ ഫിനിഷ്. മത്സരം ലാസ്റ്റ് മിനിറ്റ് ഡ്രാമയിലേക്ക്. അതുവരെ നിശബ്ദതയിലേക്ക് ആണ്ടുപോയ ചെമ്പട്ട് പുതച്ച വെംബ്ലിയിലെ ലിവർപൂൾ ആരാധകർ ആവേശകൊടുമുടിയിൽ. സ്റ്റേഡിയത്തിലെങ്ങും ശബ്ദമുഖരിതമായ അന്തരീക്ഷം.
ഇനിയും സമയം ബാക്കിയുണ്ടെന്നിരിക്കെ മത്സരത്തിലൊരു ലാസ്റ്റ് മിനിറ്റ് ത്രില്ലറുണ്ടാകുമോ. എത്രയോ മത്സരങ്ങളിൽ അവസാന വിസിലിന് മുൻപ് തിരിച്ചുവന്ന ചരിത്രമുള്ള ലിവർപൂളിൽ നിന്ന് ആരാധകർ മറ്റൊരു കംബാകാണ് കാത്തിരിക്കുന്നത്. സമനില ലക്ഷ്യമിട്ട് അവസാന മിനിറ്റുകളിൽ കോഡി ഗാക്‌പോയും ഡാർവിൻ ന്യൂനസും ഹാവി എലിയറ്റും കർട്ടിസ് ജോൺസുമടക്കമുള്ള ഫ്രഷ് ലെഗുകൾ ന്യൂകാസിൽ ബോക്‌സിലേക്ക് ഇരമ്പിയെത്തി. എന്നാൽ അതുവരെ പുലർത്തിയ ചെറുത്ത് നിൽപ്പ് അവസാന മിനിറ്റിൽ വിട്ടുകളയരുതെന്ന നിശ്ചയദാർഢ്യം കളത്തിലെ ആ 11 ന്യൂകാസിൽ താരങ്ങൾക്കുമുണ്ടായിരുന്നു. ഇതൊരു ചരിത്ര നിയോഗമാണെന്ന ബോധ്യം അവർക്ക് നന്നായറിയാം. ചെമ്പടയുടെ ഓരോ നീക്കങ്ങളേയും കൃത്യമായി പ്രതിരോധിച്ച ന്യൂകാസിൽ തങ്ങളുടെ ടെറിട്ടറിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന വാശിയിലായിരുന്നു. ഒടുവിൽ നീണ്ട 101ാം മിനിറ്റിൽ റഫറി ജോൺ ബ്രൂക്‌സ് ലോങ് അന്തിമ വിസിൽ മുഴക്കുമ്പോൾ വർത്തമാനകാല ഫുട്‌ബോളിലെ മനോഹര കാഴ്ചകൾക്കാണ് ഇംഗ്ലണ്ടിലെ കളിമുറ്റമായ വെംബ്ലി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
നീണ്ട 70 വർഷത്തിന് ശേഷമൊരു മേജർ ഡൊമസ്റ്റിക് കിരീടം. മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി 1955ൽ എഫ്എ കപ്പിൽ മുത്തമിട്ടതിന് ശേഷമൊരു ന്യൂകാസിൽ ഗ്ലോറി ഡേ. ഇതേ മൈതാനത്ത് തുടർച്ചയായി ഒൻപത് മത്സരങ്ങൾ തോറ്റതിന്റെ നിരാശയും തൽക്കാലം മറവിയിലേക്ക് പറഞ്ഞുവിടാം. 1969ൽ ഇന്റർ-സിറ്റീസ് ഫെയേഴ്‌സ് കപ്പ് സ്വന്തമാക്കിയ ശേഷം ന്യൂകാസിൽ നേടുന്ന പ്രധാന കിരീടമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഭൂതകാലത്തെ ആ ദു:ഖങ്ങൾ മറക്കുന്നതായിരുന്നു ഏഴ് പതിറ്റാണ്ടിന്റെ ആ കാത്തിരിപ്പിന് ശേഷമുള്ള ആ മനോഹരരാവ്. ഓരോ തവണയും സെന്റ് ജെയിംസ് പാർക്കിന്റെ പടികടന്നെത്തുന്ന ആരാധകർ ഒരിക്കലെങ്കിലും ആഗ്രഹിച്ചതായിരുന്നു ഇങ്ങനെയൊരു മുഹൂർത്തം. നിരന്തരം പരാജയപ്പെടുമ്പോഴും ദി ടൂൺ ആർമിയെന്ന ആരാധകകൂട്ടം ഒരിക്കൽപോലും തങ്ങളുടെ ടീമിനെ തള്ളിപറഞ്ഞില്ല. ഒറ്റപ്പെടുത്തിയില്ല. ഓരോ മത്സരത്തിലും തിങ്ങിനിറയുന്ന ഹോം ഗ്രൗണ്ട്. എവേ മൈതാനങ്ങളിൽ കളിക്കാർക്ക് ആവേശംപകരുന്ന ട്രാവലിംഗ് ഫാൻസ് എപ്പോഴുമെത്തി. ഉറക്കെ ചാന്റുകൾ മുഴക്കി കറുപ്പും വെളുപ്പും നിറത്തിലുള്ള ജഴ്‌സി ധരിച്ചെത്തുന്ന അവർ അണമുറയാത്ത സംഘമായി ഒപ്പമെത്തി. ഒടുവിൽ വെംബ്ലിയുടെ മുറ്റത്ത് ക്യാപ്റ്റൻ ബ്രൂണോ ഗിമെറസ് കിരീടമുയർത്തുമ്പോൾ ഏഴ് പതിറ്റാണ്ടിന് മുൻപത്തെ ആ മനോഹരകാലം കണ്ടറിഞ്ഞവരും പലരിൽ നിന്നുമായി കേട്ടറിഞ്ഞവരും ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ അവിടെയുണ്ടായിരുന്നു. കരുത്തരായ ലിവർപൂളിനെ മലർത്തിയടിച്ച് വെന്നികൊടിപാറിക്കുമ്പോൾ ന്യൂകാസിൽ നായകൻ ബ്രൂണോ ഗിമറസ് ഒരു നിമിഷം വികാരാധീനനായി. ഇതിഹാസ നായകരിലേക്കാണ് ഈ ബ്രസീലിയൻ നടന്നുകയറിയത്. സഹപ്രവർത്തകർക്കൊപ്പം കിരീടമേറ്റുവാങ്ങുമ്പോൾ ഒരു ജനതയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റി നടത്തിയ യാത്രയുടെ മനോഹര പര്യവസാനം അയാളുടെ മുഖത്ത് അപ്പോൾ തെളിഞ്ഞ് കാണാമായിരുന്നു.
2759 മത്സരങ്ങളുടെ ദൂരം. ആഭ്യന്തര ടൂർണമെന്റിൽ ഒരു കിരീടത്തിലേക്ക് ന്യൂകാസിൽ താണ്ടിയത് ഒരു മനുഷായിസിന്റെ കാലം. ഇതിനിടക്ക് ക്ലബിന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രതിസന്ധികൾ. നിലനിൽപ്പിന്റെ ഭീഷണി. എല്ലാം തരണം ചെയ്ത് അവർ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കുമ്പോൾ നിരവധി പേരാണ് ഇതിനായി അഹോരാത്രം പണിയെടുത്തത്. ആദ്യ പേരുകാരൻ പരിശീലകൻ എഡീ ഹോയാണ്. ഇംഗ്ലീഷുകാരൻ 2021ൽ പരിശീലക ചുമതലയേറ്റെടുക്കുമ്പോൾ സെന്റ് ജെയിംസ് പാർക്കിൽ കാര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല. പ്രീമിയർലീഗിൽ മിഡ് ടേബിൾ ടീം. ഒരുവേള റെലഗേഷൻ ഭീഷണി പോലും കൺമുന്നിൽ. മറ്റു ടീമുകളുമായി കോമ്പീറ്റ് ചെയ്യാനുള്ള പ്രധാന താരങ്ങളില്ല... എന്നാൽ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കൺസോഷ്യം ക്ലബ് ഏറ്റെടുത്തതോടെ ട്രാക്ക് മാറിയാണ് ക്ലബ് ഓടുന്നത്. പണമിറക്കി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച താരങ്ങളെയെത്തിച്ച് ഹോവ് ടീം ശക്തിപ്പെടുത്തി. മധ്യനിരയിലും മുന്നേറ്റത്തിലും യങ് ബ്ലെഡുകളെത്തി. മിഡ്‌ടേബിളിൽ ടീമിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യതനേടുന്നതിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് പിന്നീട് ആരാധകർ കണ്ടത്. എതിരാളികൾക്കെതിരെ മറു തന്ത്രമൊരുക്കുന്നതിലും ഇംഗ്ലീഷ് പരിശീലകൻ പലപ്പോഴും വിജയിച്ചു. വിജയങ്ങൾ ഓരോന്നായി നേടുമ്പോഴും കിരീടം അകലെയായിരുന്നു. ഈ സീസണിൽ മൂന്ന് തവണയാണ് മൈക്കിൽ ആർട്ടേറ്റയുടെ ആർസനലിനെ ന്യൂകാസിൽ വീഴ്ത്തിയത്. കരബാവോ കപ്പിന്റെ സെമിയിലെ രണ്ടുപാദത്തിലും എഡീ ഹോവിന്റെ തന്ത്രങ്ങളിൽ ഗണ്ണേഴ്‌സ് തലതാഴ്ത്തി മടങ്ങി. പ്രീമിയർ ലീഗിലും ആർസനലിനെ മുട്ടുകുത്തിക്കാനായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം എന്നിവർക്കെതിരെയും സീസണിൽ വിജയം സ്വന്തമാക്കി. ഏറ്റവുമൊടുവിൽ, 17 വർഷത്തിന് ശേഷം മേജർ ട്രോഫി നേടുന്ന ഇംഗ്ലീഷ് പരിശീലകൻ എന്ന അപൂർവ്വനേട്ടവും ഹോവിനെ തേടിയെത്തി.
ഗോളടിക്കാൻ അലക്‌സാണ്ടർ ഇസാക്. മികച്ച പിന്തുണയുമായി ആന്റണി ഗോൾഡനും ജേക്കബ് മർഫിയും. സീസണിൽ മിന്നുംഫോമിൽ കളിക്കുന്ന സ്വീഡിഷ് സ്‌ട്രൈക്കർ ഇസാക് പ്രീമിയർ ലീഗിൽ ഇതുവരെ 19 ഗോളുകളുമായി ഗോൾവേട്ടക്കാരിൽ മുന്നാമതാണ്. 2022ൽ റിയൽ സോസിഡാഡിൽ നിന്ന് ക്ലബ് റെക്കോർഡ് തുകയായ 63 മില്യൺ ചെലവഴിച്ചാണ് 25 കാരനെ ഇംഗ്ലീഷ് ക്ലബ് കൂടാരത്തിലെത്തിച്ചത്. നിലവിൽ ലോക ഫു്ടബോളിലെ മികച്ച സ്‌ട്രൈക്കറുടെ പട്ടികയിലേക്കാണ് താരം കസേരവലിച്ചിട്ടത്. മധ്യനിരയിയിലെ കരുത്തായി ബ്രൂണോ ഗിമെറസും ജോ ലിൻഡനും ടൊണാലിയും. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്ന ബ്രൂണോ-ജോ ലിൻഡൻ ബ്രസീലയൻ കോംബോ ന്യൂകാസിലിന്റെ വിജയത്തിന്റെ ചാലകശക്തിയാണ്. ലഭിച്ച അവസരങ്ങളിൽ അവസരത്തിനൊത്തുയരുന്ന കല്ലും വിൽസൻ, ജോ വില്ലോക്ക്. പ്രതിരോധ കോട്ടയിൽ കാവൽക്കാരായി ഡാൻ ബേണും ഫാബിയാൻ ഷീറും. ഈ ഇംഗ്ലീഷ്-സ്വിസ് കൂട്ടുകെട്ട് ഭേദിച്ച് വലയിൽപന്തെത്തിക്കാൻ എതിരാളികൾ നന്നേ പണിപ്പെടും. ലിവർപൂളിനെതിരെ കരബാവോ കപ്പിൽ ആദ്യ ഗോൾനേടിയും ഡാൻ ബേൺ ക്ലബിന്റെ രക്ഷക റോളിൽ അവതരിച്ചിരുന്നു. 32ാം വയസ്സിൽ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് താരത്തെ പരിഗണിച്ച് രണ്ട് ദിവസത്തിനകമാണ് ബേണിന്റെ ക്രൂഷ്വൽ ഗോൾ
lചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെ കരബാവോ കപ്പിലും ആർനെ സ്ലോട്ടിന്റെ സംഘത്തിന് കൈപൊള്ളിയ ദിനമായിരുന്നു ഇന്നലെ. ഡീഗോ ജോട്ടയെ മുൻനിർത്തിയുള്ള പാളിയ പരീക്ഷണം, ഏറെ വൈകിപ്പോയ ഫെഡറികോ കിയേസയുടേയും ഹാവി എലിയെറ്റിന്റേയും സബ്സ്റ്റിറ്റിയൂഷൻ, മിന്നുംഫോമിലുള്ള ഗോൾകീപ്പർ അലിസൻ ബെക്കറിനെ പുറത്തിരുത്തി കെല്ലഹറിനെ ഇറക്കിയുള്ള പരീക്ഷണം, ഡാൻ ബേണിനെ മാർക്ക് ചെയ്യാതെയുള്ള മാക് അലിസ്റ്ററിന്റെ വലിയ പിഴവ്...
ന്യൂകാസിൽ തന്ത്രങ്ങൾ ഓരോന്നായി വെംബ്ലി സ്റ്റേഡിയത്തിൽ നടപ്പിലാക്കുമ്പോൾ ലിവർപൂളിന് മുന്നിൽ അവസരങ്ങളുടെ ജാലകം ഓരോന്നായി കൊട്ടിയക്കപ്പെട്ടു. എഡി ഹോയുടെ ചിറകിലേറി സ്വപ്‌ന യാത്രയിലാണ് ഈ യങ് ടീം. ഇതൊരു തുടക്കം മാത്രമാണ്. ലക്ഷ്യങ്ങൾ ഇനിയും ഏറെയുണ്ട്. പ്രീമിയർലീഗിൽ ടോപ് ഫോറിലേക്ക് മുന്നേറി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണം. വൻമരങ്ങളെയെല്ലാം കടപുഴക്കി കുതിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് സീസണിൽ ബാക്കിവെച്ച അത്ഭുതങ്ങൾക്കായി കാത്തിരിക്കാം....
Adjust Story Font
16