വില്ലനായി വീണ്ടും പരിക്ക്; നെയ്മറിന് തിരിച്ചടി, ബാക്കി സീസൺ നഷ്ടമാകും
കഴിഞ്ഞ നാല് വർഷത്തിനിടെ നാലുതവണയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റ് സീസണ്‍ പൂര്‍ത്തിയാക്കാനാകാതെ പോയത്
പാരിസ്: സൂപ്പർ താരം നെയ്മറിന് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം ഒരു മത്സരത്തിനിടെ പരിക്കേറ്റ പി.എസ്.ജിയുടെ മുന്നേറ്റ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടക്കുന്നതിനാൽ നാലുമാസം വരെ നെയ്മറിനു പുറത്തിരിക്കേണ്ടി വരും.
കാലിൽ നിരന്തരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ദോഹയിലെ ആസ്‌പെറ്റാർ ആശുപത്രിയിലായിരിക്കും ശസ്തക്രിയയെന്ന് പി.എസ്.ജി മാനേജ്‌മെന്റ് അറിയിച്ചു. ശക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു വാർത്തകളോടുള്ള നെയ്മറിന്റെ പ്രതികരണം.
കഴിഞ്ഞ മാസം 19ന് നടന്ന ലില്ലെയ്‌ക്കെതിരായ ലീഗ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 51-ാം മിനിട്ടിൽ എതിർതാരവുമായി കുട്ടിയിടിച്ച് താരം മൈതാനത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ കളംവിടുകയും ചെയ്തു. പി.എസ്.ജി വിജയിച്ച മത്സരത്തിൽ താരം ഗോൾ സ്‌കോർ ചെയ്തിരുന്നു.
കാലിൽ പൊട്ടില്ലെന്നാണ് പി.എസ്.ജി നേരത്തെ അറിയിച്ചിരുന്നത്. ഉടൻ തന്നെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്‌മെന്റ്. എന്നാൽ, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ കർശനമായി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ നാലുതവണയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റത്. ഇതുമൂലം മിക്ക സീസണുകളും പൂർണമായി കളിക്കാനാകാറില്ല. 2017നുശേഷം ഒറ്റ സീസണിൽ മാത്രമാണ് താരം 20ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഇത്തവണ മികച്ച ഫോമിൽ തുടരുന്നതിനിടെയാണ് വില്ലനായി വീണ്ടും പരിക്കെത്തുന്നത്. ഇത്തവണ എല്ലാ ലീഗുകളിലുമായി 18 ഗോളും 14 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
Summary: PSG's Neymar ruled out for rest of the season as he undergoes surgery on ankle ligament injury
Adjust Story Font
16