Quantcast

പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു, രാജാവിന് നന്ദി: നെയ്മര്‍

'അദ്ദേഹം പോയി. ആ മാന്ത്രികത നിലനിൽക്കും. പെലെ അനശ്വരനാണ്'

MediaOne Logo

Web Desk

  • Published:

    30 Dec 2022 2:41 AM GMT

പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു, രാജാവിന് നന്ദി: നെയ്മര്‍
X

ഇതിഹാസതാരം പെലെയ്ക്ക് വേദനയോടെ വിടചൊല്ലി ഫുട്ബോള്‍‌ ലോകം. ബ്രസീല്‍ താരം നെയ്മര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പെലെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പെലെ ഫുട്‌ബോളിനെ കലയാക്കി മാറ്റിയെന്ന് നെയ്‌മർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു. എന്നാൽ ആ മനോഹരമായ വാചകം അപൂർണമാണ്. പെലെയ്ക്ക് മുമ്പ് ഫുട്ബോൾ ഒരു കായിക ഇനമായിരുന്നുവെന്ന് ഞാൻ പറയും. പെലെ ഫുട്ബോളിനെ കലയാക്കി, വിനോദമാക്കി മാറ്റി. ഫുട്ബോളിനും ബ്രസീലിനും അന്തസ്സ് ലഭിച്ചു. രാജാവിന് നന്ദി. അദ്ദേഹം പോയി. പക്ഷേ ആ മാന്ത്രികത നിലനിൽക്കും. പെലെ അനശ്വരനാണ്"

കുടലിലെ അർബുദത്തെ തുടർന്ന്​ ആരോഗ്യനില മോശമായതിനാൽ ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു 82കാരനായ പെലെ. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശരീരമാകെ നീർക്കെട്ടുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് 82കാരനായ പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൻകുടലിൽ ബാധിച്ചിരുന്ന അർബുദം വൃക്കകളിലേക്കും ഹൃദയത്തിലേക്കും വ്യാപിച്ചതോടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

കൊടി പിടിക്കാതെ വിമോചന നായകനായ പെലെ

ഒന്നല്ല മൂന്ന് തവണ ലോകകപ്പ് പെലെ ബ്രസീലിലെത്തിച്ചു. യൂൾറിമേ കപ്പ് അങ്ങനെ ബ്രസീലിന്‍റേത് മാത്രമായി. അവഗണനയിൽ നിന്ന് ദേശീയ ഹീറോയായി മാറിയ കഥയാണ് പെലെയുടേത്. കറുപ്പിനെ അകറ്റി നിർത്തിയ ലോകം പെലെയെ കറുത്തമുത്തെന്ന് വാഴ്ത്തി. തെരുവിൽ പന്തുതട്ടി നടന്ന ബാലൻ പതിനഞ്ചാം വയസില്‍ സാന്റോസിൽ എത്തിയതോടെ കാൽപന്തുകളിയുടെ തലവര മാറി. പന്തിന് മേലുള്ള പ്രഹരശേഷി, അതിൻറെ കൃത്യത, സഹതാരങ്ങൾ എങ്ങനെ ചലിക്കുമെന്ന് അതിവേഗം അളക്കാനുള്ള കഴിവ്. പെലെയെന്ന ഒറ്റപ്പേരിൻറെ മികവിൽ സാൻറോസ് ക്ലബ് ലോകം ചുറ്റി.

പതിനേഴാം വയസിൽ അർജന്റീനക്കെതിരെ ഗോളടിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവുമായി 1958ൽ സ്വീഡനിലെത്തുമ്പോള്‍ പ്രായം 18 തികഞ്ഞിട്ടില്ല. അന്ന് കിരീടം നേടിയതിന് പിന്നാലെ പെലെയെ ദേശീയ നിധിയായി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചു. യൂറോപ്പുകാർ റാഞ്ചാതിരിക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു അത്.

62ല്‍ ഒറ്റ മത്സരം മാത്രം കളിച്ച പെലെ. അത്തവണയും ലോകകിരീടം കാനറികൾക്ക്. 66ൽ കടുത്ത ടാക്ലിംഗുകളിൽ കുടുങ്ങി പെലെയും ബ്രസീലും ആദ്യ റൗണ്ടിൽ മടങ്ങി. ആ ക്ഷീണം അടുത്ത ലോകകപ്പ് നേടിയാണ് പെലെ തീർത്തത്. ബ്രസീലിനായി 92 മത്സരങ്ങള്‍, 77 ഗോളുകള്‍. പെലെയും ഗാരിഞ്ചയും ഒരുമിച്ച് പന്ത് തട്ടിയ ഒരു മത്സരം പോലും ബ്രസീല്‍ തോറ്റിട്ടില്ല.

1971ല്‍ യൂഗോസ്ലാവിയക്കെതിരായ മത്സരത്തോടെ പെലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ചു. ബ്രസീലിയന്‍ ക്ലബ് സാന്റോസിലാണ് തന്റെ നല്ല കാലം മുഴുവന്‍ പെലെ ചെലവിട്ടത്. അവസാന രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്മോസിലും കളിച്ചു. ഇരു ക്ലബുകള്‍ക്കുമായി 650 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ആകെ 1363 മത്സരങ്ങളില്‍ നിന്നായി 1281 ഗോളുകള്‍. പെലെയെ തേടിയെത്താത്ത പുരസ്കാരങ്ങളോ ബഹുമതികളോയില്ല. നൂറ്റാണ്ടിന്റെ താരം. കാൽപന്ത് കളത്തിൽ ആ നേട്ടങ്ങൾക്ക് പകരംവെക്കാനില്ല.

കൊടിപിടിക്കാതെ, സമരാഹ്വാനങ്ങളില്ലാതെ, വിപ്ലവത്തിനിറങ്ങാതെ വിമോചന നായകനായി പെലെ. ആഫ്രിക്കയില്‍, അമേരിക്കയില്‍ അടിമകളെ പോലെ ജീവിക്കേണ്ടിവന്ന കറുത്ത വര്‍ഗക്കാരന്‍റെ ദൈവമായി. ഓരോ നേട്ടങ്ങളും അയാള്‍ പോലുമറിയാതെ വിപ്ലവങ്ങളും നവോത്ഥാന പോരാട്ടങ്ങളുമായി. കറുത്തവനെ വെറുപ്പോടെ കണ്ട വെള്ളക്കാരന്‍ ആ കറുത്ത മുത്തിനെ ഒന്നുമ്മ വെയ്ക്കാന്‍ മത്സരിച്ചു. പെലെ ഫുട്ബോള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍ ലോകം അയാള്‍ക്ക് ഹൃദയത്തിലൊരു ഇടം നല്‍കി..



TAGS :

Next Story