തോറ്റ് തോറ്റ്.. ഒഡീഷയിലും വീണ് ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷക്ക് മുന്നിൽ വീണത്. ഒഡീഷക്കായി ജെറി മാവിഹ്‌മിംഗ്തംഗയും പെഡ്രോ മാർട്ടിനും വല കുലുക്കിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനായി ഹർമൻ ജോത് ഖബ്രയാണ് സ്കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞിരുന്നു.
ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ആദ്യം വലകുലുക്കിയത് ബ്ലാസ്റ്റേഴ്സാണ്. കളിയുടെ 35ാം മിനിറ്റില്‍ ലൂണ നീട്ടി നല്‍കിയ പന്തിനെ മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഹര്‍മന്‍ ജോത് ഖബ്ര ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ഒഡീഷയുടെ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ 53ാം മിനിറ്റില്‍ ഫലം കണ്ടു. ഒഡീഷക്കായി ജെറി മാവിഹ്‌മിംഗ്തംഗയാണ് ലക്ഷ്യം കണ്ടത്. പിന്നീട് തുടര്‍ച്ചയായി കൌണ്ടര്‍ അറ്റാക്കുകളിലൂടെ ഒഡീഷ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒഡീഷ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്സ് വലതുളച്ചു. 86ാം മിനിറ്റിൽ പെട്രോ മാര്‍ട്ടിനാണ് ഒഡീഷക്കായി സ്കോര്‍ ചെയ്തത്.
തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റാണ് ബ്ലാസ്റ്റേഴ്സസിന്‍റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകളോടെ ഒഡീഷ മൂന്നാം സ്ഥാനത്തേക്ക് കയറി.
Adjust Story Font
16