ഒന്നിനോടൊന്ന് പോരും; സമനില പിടിച്ചുവാങ്ങി കൊച്ചി
ആദ്യ പകുതിയിൽ ഗനി അഹമ്മദ് നിഗം നേടിയ ഗോളിൽ കാലിക്കറ്റ് മുന്നിട്ടുനിന്നു.
കാലിക്കറ്റ് എഫ്‌സിയെ അവരുടെ തട്ടകമായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഫോഴ്‌സ കൊച്ചി. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്ന് റൗണ്ട് മത്സരത്തിലാണ് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ടീം കൊച്ചി സമനില പിടിച്ചു വാങ്ങിയത്. ആദ്യ പകുതിയിൽ ഗനി അഹമ്മദ് നിഗം നേടിയ ഗോളിൽ കാലിക്കറ്റ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ സിയാണ്ട ഗുമ്പോയിലൂടെ കൊച്ചി സമനില പിടിച്ചു.
ബ്രിട്ടോ, ബെൽഫോർട്ട്, തോയ് സിംഗ് എന്നിവരെ മുന്നേറ്റ നിരയിൽ വിന്യസിച്ചാണ് കാലിക്കറ്റ് എഫ്സി കോച്ച് ആൻഡ്രൂ ഗിലാൻ കൊച്ചിക്കെതിരെ ടീമിനെ വിന്യസിച്ചത്. നായകൻ ജിജോ, ഗനി അഹമ്മദ് നിഗം, അഷറഫ് എന്നിവർ മധ്യനിരയിലും ഇറങ്ങി. മത്സരത്തിൻ്റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചുവെങ്കിലും ആരാധകരുടെ പിന്തുണയിൽ സ്വന്തം മൈതാനത്ത് കാലിക്കറ്റ് പതിയെ കളിയിലേക്ക് വന്നു.
ടൂർണമെൻ്റിൽ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഫോഴ്സ കൊച്ചി കൗണ്ടർ അറ്റാക്കുകൾക്കാണ് തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ വിദേശതാരങ്ങളായ പെപ്പെയും റിച്ചാർഡും അണിനിരന്ന കാലിക്കറ്റ് പ്രതിരോധം പിഴവൊന്നും വരുത്തിയില്ല.
ലോങ് റെയിഞ്ചർ
അർജുൻ ജയരാജിൻ്റെ നായകത്വത്തിൽ ഇറങ്ങിയ ഫോഴ്സ കൊച്ചി കാലിക്കറ്റ് ആക്രമണങ്ങളെ ചെറുത്തു കൊണ്ടിരിക്കെ, ഇടവേളയ്ക്ക് നാല് മിനിറ്റ് മാത്രം ശേഷിക്കെ കാലിക്കറ്റ് ലീഡ് നേടി. രണ്ട് എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗനി അഹമ്മദ് നിഗം പറത്തിയ ലോങ് റെയിഞ്ചർ കൊച്ചിയുടെ പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങി. മുഴുനീള ഡൈവിന് ശ്രമിച്ച ഗോൾ കീപ്പർ ഹജ്മലിന് അവസരമൊന്നും നൽകാതെ പന്ത് പോസ്റ്റിൻ്റെ മൂലയിൽ വിശ്രമിച്ചു (1-0). കഴിഞ്ഞ മത്സരത്തിൽ മലപ്പുറത്തിനെതിരെ ഇരട്ട ഗോൾ നേടിയിരുന്ന ഗനിക്ക് ഇതോടെ ടൂർണമെൻ്റിൽ മൂന്ന് ഗോളുകളായി. ആദ്യ പകുതി കാലികറ്റിൻ്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
തിരിച്ചടി
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ കൊച്ചിയും ലീഡ് വർധിപ്പിക്കാൻ കാലികറ്റും കിണഞ്ഞുശ്രമിച്ചതോടെ മത്സരം ആവേശകരമായി. എഴുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി സമനില നേടി. പകരക്കാരായി കളത്തിലെത്തിയ കമൽപ്രീത് സിംഗ് നൽകിയ ക്രോസ്സ് കൃത്യമായി ഫിനിഷ് ചെയ്ത് സിയാണ്ട ഗുമ്പോ യാണ് കൊച്ചിക്ക് സമനിലയൊരിക്കിയത് (1-1).
മൂന്ന് കളിയിൽ അഞ്ച് പോയൻ്റ് നേടിയ കാലിക്കറ്റ് എഫ്സി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇത്രയും കളികളിൽ നിന്ന് രണ്ട് പോയൻ്റ് മാത്രമുള്ള ഫോഴ്സ കൊച്ചി അഞ്ചാം സ്ഥാനത്താണ്. നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും.
Adjust Story Font
16