Quantcast

ഹോം സ്റ്റേഡിയത്തിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി; പ്രീമിയർ ലീഗിൽ ആദ്യം

നോമ്പുതുറയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചെൽസി ഫൗണ്ടേഷൻ മേധാവി സൈമൺ ടൈലർ

MediaOne Logo

Web Desk

  • Published:

    14 March 2023 7:09 AM GMT

chelsea ramadan
X

ലണ്ടൻ: റമദാനിൽ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിജിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്. മാർച്ച് 26നാണ് ഇഫ്താർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് ആരാധകർക്കായി നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.

'മാർച്ച് 26ന് ഞായറാഴ്ച, സ്റ്റാംഫോഡ് ബ്രിജ് സ്‌റ്റേഡിയത്തിന് സമീപം ചെൽസി ഫൗണ്ടേഷൻ തുറന്ന ഇഫ്താർ സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് സ്റ്റേഡിയത്തിൽ ഒരു ക്ലബ് ഒരുക്കുന്ന ആദ്യത്തെ നോമ്പുതുറയാണിത്'- തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ലണ്ടൻ ക്ലബ് അറിയിച്ചു.

ക്ലബ് ഭാരവാഹികൾ, ആരാധകർ, സ്‌കൂൾ വിദ്യാർത്ഥികൾ, പ്രാദേശിക പള്ളി ഭാരവാഹികൾ, ചെൽസിയുടെ മുസ്‌ലിം കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരെ ഇഫ്താറിലേക്ക് ക്ഷണിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ചാരിറ്റി സംഘടനയായ റമദാൻ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാകും ഇഫ്താർ.

സ്റ്റാംഫോഡ് ബ്രിജിൽ തുറന്ന ഇഫ്താർ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഫുട്‌ബോളിൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന ക്ലബാണ് ചെൽസി. നോ ഹെയ്റ്റ് കാംപയ്‌നാണ് റമദാനിൽ ക്ലബ് ആഗ്രഹിക്കുന്നത്. മത സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നത് ക്യാംപയിനിന്റെ മുഖ്യലക്ഷ്യമാണ്. മറ്റു മതാഘോഷങ്ങളും ഈ കലണ്ടർ വർഷം ആഘോഷിക്കും- പ്രസ്താവന വ്യക്തമാക്കി.

മാർച്ച് 26ലെ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചെൽസി ഫൗണ്ടേഷൻ മേധാവി സൈമൺ ടൈലർ പറഞ്ഞു. മതസഹിഷ്ണുത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റമദാനെയും മുസ്‌ലിം സമുദായത്തെയും അംഗീകരിച്ച് പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ലോകത്തെ ഏറ്റവും കടുപ്പമേറിയ ലീഗിൽ ഇതുവരെ ചെൽസിക്ക് ഫോമിലേക്ക് ഉയരാനായിട്ടില്ല. 26 കളികളിൽ 37 പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താമതാണ് ക്ലബ്. 27 കളിൽ 66 പോയിന്റുമായി ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും കളിയിൽനിന്ന് 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും.

Summary: On Sunday 26 March, Chelsea Foundation will host an Open Iftar at the side of the pitch at Stamford Bridge.





TAGS :

Next Story