കരാര്‍ അവസാനിച്ചു, മെസി ഇനി ഫ്രീ ഏജന്‍റ്; ബാഴ്സ വിടുമോ?
16 വര്‍ഷത്തിനിടക്ക് ഇതാദ്യമായി ലയണല്‍ മെസി ബാഴ്സലോണയുമായി കരാറില്ലാതെ ഫ്രീ ഏജന്‍റായിരിക്കുന്നു
2005ല്‍ ആദ്യമായി ബാഴ്സലോണയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്നത്തെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് വയസ് 18. 16 വര്‍ഷത്തിനിടക്ക് ഇതാദ്യമായി ലയണല്‍ മെസി ബാഴ്സലോണയുമായി കരാറില്ലാതെ ഫ്രീ ഏജന്‍റായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്ലബിനെതിരായ കോലാഹലങ്ങള്‍ക്കൊടുവില്‍ തന്നെ താനാക്കിയ ബാഴ്സയില്‍ നിന്നും പോകില്ലെന്ന് മെസി അറിയിച്ചു. ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു ചോദ്യത്തിനായുള്ള ഉത്തരത്തിനാണ്. മെസി ക്യാംപ് നൌ വിടുമോ?
ജൂണ്‍ 30ന് മുമ്പ് മെസിയുമായി വീണ്ടും കരാര്‍ ഒപ്പിടാന്‍ സാധിക്കുമെന്നായിരുന്നു ബാഴ്സ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് ഇതുവരെയും സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് മെസി ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്. വൈകാതെ തന്നെ മെസി ബാഴ്സയുമായി കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും ക്ലബിന്‍റെ ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയില്‍ മെസിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്നുള്ളതും വലിയ ചോദ്യമാണ്.
അര്‍ജന്‍റീനയില്‍ മെസിയുടെ സഹതാരമായ സെര്‍ജിയോ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്സലോണയിലേക്ക് എത്തിയ ഈ സാഹചര്യത്തില്‍ മെസി-അഗ്വേറോ-ഗ്രീസ്മാന്‍ ട്രയോ ബാഴ്സയുടെ അറ്റാക്കിങ് നയിക്കുന്നത് കാണാനായി കാത്തിരിക്കുന്ന ബാഴ്സ ആരാധകരുടെയും നെഞ്ചിടിപ്പ് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. എന്താവും മെസിയുടെ ഇനിയുള്ള ഭാവി? കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവുമോ ഈ അവസരം മെസി ഉപയോഗിക്കുക? അതോ ഹൃദയം കൊടുത്ത് കളിച്ച ക്ലബിനൊപ്പം തുടരുമോ?
ബാഴ്‌സ പ്രസിഡന്‍റ് ലപോര്‍തയും മെസിയുടെ പിതാവും തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ക്ക് പുറമെ, മികച്ച പുതിയ ടീമിനെ ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ബാഴ്‌സയില്‍ നിന്നുണ്ടാവണം എന്ന ഉറപ്പും മെസി ആരായുന്നു. 2020-21 സീസണില്‍ ബാഴ്‌സ കോപ്പ ഡെല്‍ റേ നേടിയിരുന്നു. എന്നാല്‍ ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും നിരാശയായിരുന്നു ഫലം.
ബാഴ്സയില്‍ നിന്നും പോവുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി ക്ലബുകള്‍ക്കാണ് മെസിയുമായി കരാര്‍ ഒപ്പിടാനുള്ള സാധ്യതകള്‍ കൂടുതല്‍. എന്നാല്‍ ഇതുവരെ അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ഇവരുമായി ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ബാഴ്സയുമായി മെസിക്കുള്ള ബന്ധം തന്നെയാണ് മറ്റൊരു കരാറിലേക്ക് അദ്ദേഹത്തെ ചെന്നെത്തിക്കാത്തതെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസി കളിച്ചിട്ടുള്ള ഏക സീനിയര്‍ ക്ലബാണ് ബാഴ്സലോണ എങ്കിലും ജൂനിയര്‍ ലെവലില്‍ നെവെല്‍സ് ഓള്‍ഡ് ബോയ്സിനായി സൂപ്പര്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ബാഴ്സ വിടേണ്ടിവന്നാല്‍ കൌമാരകാലത്ത് താന്‍ കളിച്ച ക്ലബിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നതായി തന്‍റെ ഇരുപത്തിയൊമ്പതാം വയസില്‍ അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് വയസ് മുപ്പത്തിനാല്. കരിയറിലെ മികച്ച ഫോമില്‍ തന്നെ ഇപ്പോഴും തുടരുന്ന സൂപ്പര്‍ താരം ബാഴ്സ വിടുമോ? ആ തീരുമാനത്തിനായി കാത്തിരിക്കാം...
Adjust Story Font
16