ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കാനില്ല; അൽനസ്‌റിന്റെ 1,000 കോടി ഓഫർ നിരസിച്ച് ഡെംബെലെ
2017ൽ 20-ാം വയസിലാണ് ഒസ്മാൻ ഡെംബെലെ ബാഴ്‌സയിലെത്തുന്നത്
ഒസ്‍മാന്‍ ഡെംബെലെ
മാഡ്രിഡ്: സൗദിയിൽനിന്നുള്ള വമ്പൻ ഓഫറിൽ നിലപാട് വ്യക്തമാക്കി ബാഴ്‌സയുടെ സൂപ്പർ താരം ഒസ്മാൻ ഡെംബെലെ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽനസ്‌റിനൊപ്പം തൽക്കാലം ചേരാനില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. 200 മില്യൻ യൂറോ(ഏകദേശം 1,824 കോടി രൂപ)യുടെ വമ്പൻ ഓഫറായിരുന്നു ക്ലബ് താരത്തിനുമുന്നിൽ നീട്ടിയത്.
ബാഴ്‌സയിൽ ഡെംബെലെയുള്ള ഭാവിയെ ചുറ്റിപ്പറ്റി ഉയർന്നിരുന്ന അനിശ്ചിതത്വ റിപ്പോർട്ടുകൾ മുതലെടുത്തായിരുന്നു താരത്തെ ക്ലബിലെത്തിക്കാൻ അൽനസ്ർ നീക്കംനടത്തിയത്. ഇതിന്റെ ഭാഗമായി താരത്തെ സമീപിക്കുകയും ചെയ്തു. അഞ്ചു വർഷത്തെ കരാറാണ് ക്ലബ് മുന്നിൽകണ്ടത്. ഒരു സീസണിന് 40 മില്യൻ യൂറോ(ഏകദേശം 364 കോടി രൂപ)യായിരുന്നു ശമ്പളം നിശ്ചയിച്ചിരുന്നത്.
എന്നാൽ, ബാഴ്‌സയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്ന് ഡെംബെലെ അൽനസ്‌റിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ഡെംബെലെയുടെ കരാർ നീട്ടാൻ ബാഴ്‌സയും ആലോചിക്കുന്നുണ്ട്.
2017ൽ 20-ാം വയസിലാണ് ഒസ്മാൻ ഡെംബെലെ സ്പാനിഷ് കരുത്തർക്കൊപ്പം ചേരുന്നത്. നെയ്മറിനെ പി.എസ്.ജിക്ക് വിറ്റതിതിനു പിന്നാലെയാണ് ബൊറൂസിയ ഡോർമുണ്ടിൽനിന്ന് ഡെംബെലെയെ സ്വന്തമാക്കുന്നത്. പലപ്പോഴും പരിക്ക് വില്ലനായി വന്ന കരിയറിൽ 185 മത്സരങ്ങളാണ് താരം ബാഴ്‌സ കുപ്പായത്തിൽ കളിച്ചത്. ആറു സീസണുകളിലായി 40 ഗോളുകളും നേടിയിട്ടുണ്ട് ഡെംബെലെ.
Summary: Barcelona superstar Ousmane Dembele rejects massive five-year contract worth €200 million from from Al-Nassr
Adjust Story Font
16