Quantcast

നോമ്പെടുത്ത് കളത്തിലിറങ്ങി, നോമ്പ് തുറന്ന് ഗോളുമടിച്ച് തിരിച്ച് കയറി; പോഗ്ബെക്ക് കൈയ്യടി

മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോഗ്ബ നോമ്പ് തുറക്കുന്ന ചിത്രം പങ്കുവെക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 May 2021 6:35 AM GMT

നോമ്പെടുത്ത് കളത്തിലിറങ്ങി, നോമ്പ് തുറന്ന് ഗോളുമടിച്ച് തിരിച്ച് കയറി; പോഗ്ബെക്ക് കൈയ്യടി
X

റമദാന്‍ മാസത്തിലെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ വ്യാഴാഴ്ച കളിക്കളത്തിലിറങ്ങിയത്. തിരിച്ചു കയറിയതാകട്ടെ നോമ്പും തുറന്ന് ഗോളുമടിച്ച ശേഷം. യൂറോപ്പ ലീഗിന്‍റെ ആദ്യ പാദ സെമിഫൈനല്‍ മത്സരമായിരുന്നു വ്യാഴാഴ്ച. എ.സി റോമയെ 6-2ന് തകര്‍ത്ത് വന്‍ വിജയമാണ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോഗ്ബ നോമ്പ് തുറക്കുന്ന ചിത്രം പങ്കുവെക്കുകയായിരുന്നു. മത്സരത്തിനിടയില്‍ പോഗ്ബ വെള്ളം കുടിച്ച് നോമ്പ് തുറക്കുന്ന ചിത്രമാണ് യുണൈറ്റഡ് പങ്കുവെച്ചത്.

Paul Labile Pogba was fasting for Ramadan on Thursday. He broke his fast drinking water during the game and ate dinner at full-time 🙏🥤

Posted by Manchester United on Friday, April 30, 2021



ബിടി സ്പോര്‍ട്സ് അവതാരക രെഷ്മിന്‍ ചൌധരി ഇങ്ങനെ ട്വീറ്റ് ചെയ്തു.

'പോഗ്ബ നോമ്പനുഷ്ടിച്ചുകൊണ്ടാണ് ഇന്നലെ കളിക്കാനിറങ്ങിയത്. എന്നിട്ടും മത്സര ശേഷം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് മാധ്യമങ്ങളെ കാണാന്‍ അദ്ദേഹമെത്തി. ഒരു പുഞ്ചിരിയോടെ മാധ്യമങ്ങളെ അഭിമുഖീകരിച്ച പോഗ്ബയോട് വ്രതവും മത്സരവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം മുകളിലേക്ക് നോക്കി, അല്ലാഹു സഹായിക്കുന്നു എന്ന് മറുപടി പറഞ്ഞു'

എ.സി റോമക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. എഡിന്‍സണ്‍ കവാനി, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മറ്റു ഗോളുകള്‍ സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-2 എന്ന നിലയില്‍ ആയിരുന്നു ഗോള്‍ നില. മത്സരത്തില്‍ ആദ്യത്തെ ഗോള്‍ നേടി കളിയില്‍ ലീഡ് സ്വന്തമാക്കിയത് യുണൈറ്റഡ് തന്നെയായിരുന്നു. ഒമ്പതാം മിനുട്ടില്‍ ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ ലീഡ് കുറിച്ചത്. കവാനി നല്‍കിയ പാസ് ബ്രൂണോ ഫെര്‍ണാണ്ടസ് ചിപ്പ് ചെയ്ത് വലയിലേക്ക് റോമയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തിലെ അഞ്ചാം ഗോളാണ് പോള്‍ പോഗ്ബ സ്വന്തമാക്കിയത്. ബ്രൂണോയുടെ പാസ് ഹെഡ്ഡര്‍ കണക്ട്ട ചെയ്ത മിഡ്ഫീല്‍ഡര്‍ പോഗ്ബ വല കുലുക്കുകയായിരുന്നു.

TAGS :

Next Story