പയ്യനാട് പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധം: നിയമനടപടിയുമായി മുന്നോട്ട്
മണിക്കൂറുകൾക്ക് മുമ്പേ ടിക്കറ്റുമായി പയ്യനാട് സ്റ്റേഡിയത്തിലെത്തിയിട്ടും പ്രവേശനം നൽകിയില്ലെന്നാണ് പരാതി
മഞ്ചേരി: സന്തോഷ് ട്രോഫിയുടെ സംഘാടന മികവ് അവകാശവാദങ്ങൾക്കെതിരെ ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവരുടെ കൂട്ടായ്മ. മണിക്കൂറുകൾക്ക് മുമ്പേ ടിക്കറ്റുമായി പയ്യനാട് സ്റ്റേഡിയത്തിലെത്തിയിട്ടും പ്രവേശനം നൽകിയില്ലെന്നാണ് പരാതി. ടിക്കറ്റ് റീഫണ്ടിനൊപ്പം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നുള്ളവർ ചേർന്ന് നിയമനടപടികൾ ആരംഭിച്ചു.
സന്തോഷ് ട്രോഫിയിൽ നിറഞ്ഞ് കവിഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ കാഴ്ച്ചകളാണ് ആഘോഷമായതും, ശ്രദ്ധിക്കപ്പെട്ടതും. അതേസമയം കേരളത്തിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിന് പുറത്തെകാഴ്ച്ച പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധമായിരുന്നു. ടിക്കറ്റെടുത്ത് കളി കാണാനെത്തിയവര്‍ക്ക് പൊലീസിന്റെ ലാത്തിപ്രയോഗം നേരിടേണ്ടി വന്നു. സ്റ്റേഡിയം നിറഞ്ഞെന്ന കാരണം പറഞ്ഞ് ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഓൺലൈനായും, വിവിധ ബാങ്കുകൾ മുഖേനയും, സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകൾ വഴിയുമായിരുന്നു മലപ്പുറം വേദിയായ സന്തോഷ് ട്രോഫി മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന . മലപ്പുറം ജില്ലയിൽ നിന്നുള്ളവർ മാത്രമല്ല ടിക്കറ്റെടുത്തതും കളി കാണാനെത്തിയതും,എല്ലാം മാറ്റിവെച്ച് കിലോ മീറ്ററുകൾ താണ്ടി ,കളി തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ സ്റ്റേഡിയത്തിലെത്തിയിട്ടും ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
ഇങ്ങനെ പ്രവേശനം ലഭിക്കാതെ മടങ്ങേണ്ടി വന്നവർ സംഘടിച്ച് നിയമനടപടിക്കൊരുങ്ങുകയാണ്. ടിക്കറ്റ് വില തിരിച്ച് നൽകുന്നതോടൊപ്പം നഷ്ടപരിഹാരം വേണമെന്നുമാണ് ഈ കൂട്ടായ്മയുടെ ആവശ്യം. വിഷയം പരാതിയായി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്നും കണക്കില്ലാതെ ടിക്കറ്റ് വിതരണം ചെയ്തതിലും അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
Adjust Story Font
16