Quantcast

കണക്കുകൾ സാക്ഷി: അഹങ്കാരമല്ല, കോൺഫിഡൻസാണ് ആ സിഗ്നൽ

MediaOne Logo

Sports Desk

  • Published:

    4 Dec 2024 8:50 AM GMT

pep
X

‘‘പെപ്.. നാളെത്തെ പ്രഭാതത്തോടെ നിങ്ങളെ ക്ലബ് പുറത്താക്കാൻ പോകുകയാണ്..’’

രണ്ട് ഗോളിന് മുന്നിൽ നിൽക്കുമ്പോൾ ആൻഫീൽഡിലെ ഗ്യാലറികൾ പെപ്പിന് നേരെ ചൊല്ലിയ വരികൾ ഇങ്ങനെയായിരുന്നു. പെപ് അസ്വസ്ഥനായില്ല. അലറി വിളിക്കുന്ന ഗ്യാലറിയിലേക്ക് തിരിഞ്ഞു​നിന്ന്ഫ പെപ് തന്റെ കൈകളിൽ ആറ് എന്ന അക്കം വിരിയിച്ചെടുത്തു. പ്രീമിയർ ലീഗ് പോലെ ഉയർന്ന മത്സരക്ഷമതയുള്ള ലീഗിൽ എട്ട് സീസണുകളിൽ ആറ് കിരീടങ്ങൾ ഞാൻ നേടിയിട്ടുണ്ടെന്ന ഒരു ഗംഭീര സ്റ്റേറ്റ്മെന്റ്. ഇതൊരു അഹങ്കാരമല്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും പെപ്പിന് അതിൽ അഹങ്കരിക്കാനുള്ള വകുപ്പുണ്ട് എന്നതാണ് ഉത്തരം.

പെപ് തന്റെ കരിയറിലെ ഏറ്റവും മോശം കാലഘത്തിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബർ 26ന് ശേഷം ഒരുമത്സരം പോലും വിജയിക്കാനായിട്ടില്ല. ടോട്ടനവും സ്​പോർട്ടിങ്ങും ലിവർപൂളുമെല്ലാം സിറ്റിയെ തരിപ്പണമാക്കിയിട്ടുണ്ട്.

‘‘ഇങ്ങനൊക്കെയായിട്ടും എന്തുകൊണ്ടാണ് നിങ്ങളെ ക്ലബ് പുറത്താക്കാത്തതെന്ന് ചിലർ ചോദിക്കുന്നു. പോയ എട്ട് വർഷമായി ഞാൻ ചെയ്തത് എന്താണെന്ന് ക്ലബിനറിയാമെന്ന് അവരോട് ഞാൻ പറയുന്നു’’. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്.എന്താണ് പെപ് പോയ എട്ട് വർഷങ്ങളിൽ ചെയ്തത്.. അത് വ്യക്തമാക്കുന്ന കൃത്യമായ ഡാറ്റകൾ നമുക്ക് മുന്നിലുണ്ട്.

2016 ലെ ഇംഗ്ലീഷ് സമ്മർ. വെറും 66 പോയന്റുമായി സീസണിൽ നാലാംസ്ഥാനക്കാരായാണ് മാഞ്ചസ്റ്റർ സിറ്റി സീസൺ ഫിനിഷ് ചെയ്തത്. കോർപറേറ്റ് ഘടനയുള്ള സിറ്റി മാനേജന്റ്മെന്റ് അതുൾകൊള്ളാൻ തയ്യാറായിരുന്നില്ല. അതോടെ കോച്ച് മാനുവൽ പെല്ലഗ്രീനിയുടെ ദിനങ്ങളും എണ്ണപ്പെട്ടു. പകരക്കാരനായി പ്രഖ്യാപിച്ചത് പെപ് ഗ്വാർഡിയോളയെന്ന തിളക്കമുള്ള പേര്. പക്ഷേ വിമർശനങ്ങളുമുണ്ടായിരുന്നു. പൊസിഷൻ ഫുട്ബോളും ടിക്കി ടാക്കയും പ്രയോഗിക്കാനുള്ള മണ്ണല്ല പ്രീമിയർ ലീഗ് എന്നാണ് പലരും വിധികുറിച്ചത്. ആദ്യ​ത്തെ സീസണിൽ പെപ്പിന്റെ സിറ്റി 78 പോയന്റുമായി സീസണിലെ മൂന്നാംസ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. പക്ഷേ തൊട്ടടുത്ത സീസണിൽ തന്നോട് നെറ്റി ചുളിച്ചവരെ​പ്പോലും അയാൾ ആരാധകരാക്കി മാറ്റി. പതിറ്റാണ്ടുകളുടെ ചരിത്രത്തിൽ മറ്റൊരു ടീമിനും സ്പർശിക്കാനാകാത്ത 100 പോയന്റെന്ന ഉയരത്തിലാണ് സിറ്റി സീസൺ അവസാനിപ്പിച്ചത്.

പെപ് വന്നതിന് ശേഷമുള്ള പ്രീമിയർ ലീഗ് റെക്കോർഡുകൾ പരിശോധിക്കാം. 13 മത്സരങ്ങൾ മാത്രം പിന്നിട്ട നടന്നുകൊണ്ടിരിക്കുന്ന സീസണിലെ കണക്കുകൾ ഇതിൽ ഉൾ​പ്പെടുത്തിയിട്ടില്ല. 2016 മുതൽ 2024 വരെയുള്ള എട്ടു സീസണുകളിലായി അഥവാ പെപ് ഇറയിൽ ലീഗിൽ ഏറ്റവുമധികം പോയന്റുകൾ നേടിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. 716 പോയന്റ്. അൽപമെങ്കിലും അവർക്ക് മത്സരം കൊടുത്ത ലിവർപൂൾ ആകെ നേടിയത് 657 പോയന്റാണ്. മൂന്നാമതുള്ള ആഴ്സണലിന് 567 പോയന്റും ​നാലാമതുള്ള ടോട്ടനത്തിന് 552 പോയന്റുമാണുള്ളത്. 549 പോയന്റുകൾ വീതമുള്ള ചെൽസി അഞ്ചാമതും മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാമതും നിൽക്കുന്നു.


അഥവാ ഓരോ സീസണിലും ശരാശരി 89.5 പോയന്റ് എന്ന അമ്പരപ്പിക്കുന്ന റെക്കോർഡാണ് പെപിന്റെ സിറ്റി നേടിയത്. ഇത്രയും കാലയളവിൽ സിറ്റി വിജയിച്ചത് 225 മത്സരങ്ങളാണ്. 196 മത്സരങ്ങൾ വിജയിച്ച ലിവർപൂൾ രണ്ടാമതും 171 പോയന്റുകൾ നേടിയ ആഴ്സണൽ മൂന്നാമതും നിൽക്കുന്നു.


പെപ് പ്രീമിയർ ലീഗിന്റെ നിലവാരം എത്രത്തോളം ഉയർത്തി എന്നതിന് സാക്ഷിയാകുന്ന മറ്റൊരു കണക്ക് കൂടിയുണ്ട്. പെപ് വരുന്നതിന് മുമ്പ് പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ചു തവണ മാത്രമേ ഒരു ടീം 90 പോയന്റ് പിന്നിട്ടിരുന്നുള്ളൂ. അതിൽ തന്നെ ഒരുതവണ 42 കളികളുള്ള സീസണിലാണ് ടീം 90 പോയന്റ് പിന്നിട്ടത്. എന്നാൽ പെപ് എട്ടുസീണിൽ നാലുതവണയും 90 പോയന്റ് പിന്നിട്ടു. 2021-22 സീസണിൽ ലിവർപൂൾ 92 പോയന്റും 2018-19 സീസണിൽ ലിവർപൂൾ 97 പോയന്റും എത്തിയിട്ടും കിരീടം നേടാനായില്ല. അതിനും ഒരുപോയന്റ് മുകളിലാണ് പെപ് രണ്ട് തവണയും സീസൺ അവസാനിപ്പിച്ചത്. പെപ്പിന് മുമ്പുള്ള കാലമാണെങ്കിൽ നിശ്ചയമായും ലിവർപൂൾ പ്രീമിയർ ലീഗ് നേടുമായിരുന്നു എന്ന് കണക്കുകൾ നമ്മോട് പറയുന്നുണ്ട്.

പെപ് വന്നതിന് ശേഷം സിറ്റി അടിച്ചുകൂട്ടിയത് 755 ഗോളുകളാണ്. അഥവാ ശരാശരി ഒരു മത്സരത്തിൽ 2.5 ഗോളുകൾ വീതം അടിച്ചു. രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ നേടിയത് 659 ഗോളുകൾ. അഥവാ സിറ്റിയേക്കാൾ 96 ഗോളുകളു​ടെ കുറവ്. ആഴ്സണൽ, ടോട്ടനം, ചെൽസി എന്നീടീമുകൾ മാത്രമാണ് ഈ കാലയളവിൽ 500ലധികം ഗോൾ നേടിയത്.

ബോൾ പൊസിഷന്റെയും പാസിങ്ങിന്റെയും കണക്കുകളും ലഭ്യമാണ്. പെപ് കാലഘട്ടത്തിൽ സിറ്റി തീർത്തത് 66.79 ശതമാനം പൊസിഷനും 184,204 പാസുകളുമാണ്. രണ്ടാമതുള്ളത് ലിവർപൂൾ തന്നെ. 62 ശതമാനം ബോൾ പൊസിഷനും 156,720 പാസുകളും അവരിട്ടു. ഗോളുകൾ കൺസീഡ് ചെ്തതി​ന്റെ കണക്കിലും പെപ്പിന്റെ സ്വാധീനം കാണാം. പെപ് വന്നതിന് ശേഷമുള്ള കാലയളവിൽ ക്ലീൻഷീറ്റുകളിലും സിറ്റി തന്നെയാണ് ഒന്നാമത്.


സിറ്റിയെന്ന ക്ലബിന്റെ റെക്കോർഡുകൾ പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഒരു നൂറ്റാണ്ട് കൊണ്ട് സിറ്റിയുണ്ടാക്കിയതിനെക്കാൾ കിരീടങ്ങളും പ്രതാപവും ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ പെപ് ക്ലബിലെത്തിച്ചു. സിറ്റി ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിലും യുവേഫ സൂപ്പർ കപ്പിലും ക്ലബ് ലോകകപ്പിലും തൊട്ടത് പെപ്പിന്റെ കാലത്താണ്.

പ്രീമിയർ ലീഗിൽ ​കോച്ചെന്ന നിലയിലുള്ള 300 മത്സരങ്ങൾ പൂർത്തിയാക്കിയതിന് പിന്നാ​ലെയുള്ള കണക്കുകളാണിത്.


ആദ്യത്തെ 300 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പെപ്പിനോളം റെക്കോർഡ് മറ്റാർക്കുമില്ല. പെപ് ആദ്യത്തെ 300 മത്സരങ്ങളിൽ നിന്നും 704 പോയന്റാണ് നേടിയത്. 634 പോയന്റുള്ള ഹോസെ മൗറീന്യോയാണ് രണ്ടാമത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ പരിശീലകരുടെ റെക്കോർഡുകൾ താരതമ്യം ചെയ്യുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. എങ്കിലും ​പെപ് പ്രീമിയർ ലീഗിൽ എത്രമാത്രം മേധാവിത്വം പുലർത്തി എന്നതിന് ഈ കണക്കുകൾ സാക്ഷി പറയുന്നു.

11 പോയന്റിന്റെ ക്ലിയർ ഡോമിനൻസുമായി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്താണ്. എങ്കിലും കോച്ച് അർനെ സ്ളോട്ട് പറഞ്ഞ വാക്കുകൾ സിറ്റിയുടെ ഈ ഡോമിനൻസിനെ അടിവരയിടുന്നു. ‘‘പെപ് ഇപ്പോൾ പോയന്റ് ടേബിളിൽ അടിയിലാകാം. പക്ഷേ പെപ് ഒരുപാടുതവണ നമുക്ക് മുന്നിൽ പലതും തെളിയിച്ചയാളാണ്. പ്രീമിയർ ലീഗ് നവംബറിൽ അവസാനിക്കുന്ന ഒന്നല്ല. പോയ സീസണിൽ ഫെബ്രുവരി വരെ ആഴ്സണിൽ എട്ടുപോയന്റുമായി ഒന്നാമതായിരുന്നു. വേറെ ഏതെങ്കിലും മാനേജർമാരാണെങ്കിൽ നമുക്ക് സഹതാപം തോന്നും. പക്ഷേ പെപ്പിനോട് അങ്ങനെ തോന്നേണ്ട ഒരു കാര്യവുമില്ല. പെപ് സിറ്റിയെ തിരിച്ചുകൊണ്ടുവരാൻ പ്രാപ്തിയുള്ളയാളാണ്’’.

TAGS :

Next Story