Quantcast

ഫിലിപ്പ് കുട്ടിന്യോ വീണ്ടും പ്രീമിയർ ലീഗ് ക്ലബ്ബിൽ

ലിവർപൂളിനു വേണ്ടി 152 മത്സരങ്ങളിൽ നിന്ന് 41 ഗോളും ബാഴ്‌സയ്ക്കായി 76 കളിയിൽ നിന്ന് 17 ഗോളും നേടിയ കുട്ടിന്യോയുടെ വരവോടെ ആസ്റ്റൻവില്ലയുടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും

MediaOne Logo

Web Desk

  • Published:

    7 Jan 2022 9:17 AM GMT

ഫിലിപ്പ് കുട്ടിന്യോ വീണ്ടും പ്രീമിയർ ലീഗ് ക്ലബ്ബിൽ
X

ബ്രസീൽ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിന്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക്. ബാഴ്‌സലോണ താരമായ കുട്ടിന്യോ വായ്പാടിസ്ഥാനത്തിലാണ് വില്ലയിലേക്ക് കൂടുമാറുന്നത്. താരം ഇന്ന് ഇംഗ്ലണ്ടിലെത്തുമെന്നും കരാർ നടപടികൾ പൂർത്തിയാക്കുമെന്നും വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2013 മുതൽ ആറു വർഷത്തോളം ലിവർപൂളിന്റെ പ്രധാന താരമായിരുന്ന കുട്ടിന്യോ 2018-ൽ കൂടുമാറി ബാഴ്‌സയിലെത്തിയെങ്കിലും സ്പാനിഷ് തട്ടകത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 2019-20 സീസണിൽ ബാഴ്‌സയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് പോയ താരത്തെ 2020-ൽ റൊണാൾഡ് കൂമൻ മാനേജറായി ചുമതലയേറ്റതിനു പിന്നാലെ ബാഴ്‌സ തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, പരമ്പരാഗത പത്താം നമ്പർ ശൈലിയിൽ കളിക്കുന്ന കുട്ടിന്യോക്ക് ബാഴ്‌സയോണയുടെ ശൈലിയോട് ഇണങ്ങിച്ചേരാൻ കഴിയാത്തതിനെ തുടർന്ന് ടീമിൽ സ്ഥിരമായ സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ലിവർപൂളിൽ തന്റെ സഹതാരമായിരുന്ന സ്റ്റീവൻ ജെറാഡിന്റെ ക്ഷണപ്രകാരമാണ്, ന്യൂകാസിൽ അടക്കമുള്ള ക്ലബ്ബുകളുടെ ഓഫർ നിരസിച്ച് കുട്ടിന്യോ ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നവംബറിലാണ് ജെറാഡ് വില്ലയുടെ പരിശീലകനായി ചുമതലയേറ്റത്. കുട്ടിന്യോയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ മറ്റ് ക്ലബ്ബുകൾ കൂടി രംഗത്തുള്ളതിനാൽ ഡീൽ നടക്കുമോ എന്നറിയില്ലെന്നും ഈയിടെ ജെറാഡ് പ്രതികരിച്ചിരുന്നു.

പ്രതിവർഷം 8.5 ദശലക്ഷം യൂറോ എന്ന കുട്ടിന്യോയുടെ ശമ്പളത്തിന്റെ സിംഹഭാഗവും നൽകാൻ ആസ്റ്റൻ വില്ല തയാറാവുന്നത് ബാഴ്‌സയ്ക്ക് ആശ്വാസമാവും. ഇതോടെ മാഞ്ചസ്റ്റർ സിറ്റി താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കാനാവശ്യമായ സാമ്പത്തിക ഭദ്രതയും മുൻ ലാലിഗ ചാമ്പ്യന്മാർക്കുണ്ടാകും.

ലിവർപൂളിനു വേണ്ടി 152 മത്സരങ്ങളിൽ നിന്ന് 41 ഗോളും ബാഴ്‌സയ്ക്കായി 76 കളിയിൽ നിന്ന് 17 ഗോളും നേടിയ കുട്ടിന്യോയുടെ വരവ് ആസ്റ്റൻ വില്ലയ്ക്ക് കരുത്താകും. 29-കാരന്റെ വരവോടെ മിഡ്ഫീൽഡ് ശക്തമാകുമെന്നും പോയിന്റ് ടേബിളിലെ ആദ്യ പത്തിനുള്ളിൽ ഫിനിഷ് ചെയ്യാൻ ടീമിനു കഴിയും എന്നുമാണ് ആരാധകരുടെ കണക്കുകൂട്ടൽ.

Brazilian midfielder Philip Coutinho returns to Premier League as Aston Villa bags his loan deal

TAGS :

Next Story