ഹാട്രിക്കടിച്ച് റാമോസ്, ആറാടി പോർച്ചുഗൽ; സ്വിസ് പടയെ 6-1 തകർത്തു
റൊണാൾഡോയുടെ പകരക്കാരനായ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു
ദോഹ: സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിൽ സ്വിസ് മടയിൽ പറങ്കിപ്പടയുടെ തേരോട്ടം, ആറു ഗോൾക്ക് പോർച്ചുഗൽ വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു. നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി.
ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയിരിക്കുന്നത്. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. 51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. സ്വിറ്റ്‌സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.
73ാം മിനുട്ടിൽ ജാവോ ഫെലിക്സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടിയുയർന്നു.
2008ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂർണമെൻറിൽ ആദ്യ ഇലവനിൽ റൊണാൾഡോയില്ലാതെ പോർച്ചുഗൽ ഇറങ്ങുന്നത്. പോർച്ചുഗൽ 4-3-3 ഫോർമാറ്റിലും സിസ് പട 4-2-3-1 ഫോർമാറ്റിലുമാണ് കളിക്കുന്നത്. ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30 മുതലാണ് മത്സരം.
29ാം മിനുട്ടിൽ സ്വിസ്‌സർലൻഡിന് ലഭിച്ച ഫ്രീകിക്ക് ഷാക്കിരിയാണെടുത്തത്. പക്ഷേ ഗോളി തട്ടിയകറ്റി.
പോർച്ചുഗൽ:
ഡിഗോ കോസ്റ്റ, ഡിഗോ ഡാലോട്ട്, റൂബെൻ ഡിയാസ്, പെപേ (ക്യാപ്റ്റൻ), റാഫേൽ ഗ്വറേറിയോ, ബെർണാഡോ സിൽവ, വില്യം കാർവൽഹോ, ഒടാവിയ, ബ്രൂണോ ഫെർണാണ്ടസ്, ജോ ഫെലിക്‌സ്, ഗോൺസാലോ റാമോസ്. കോച്ച് : ഫെർണാണ്ടോ സാന്റോസ്.
സ്വിറ്റ്‌സർലൻഡ്:
യാൻ സോമ്മെർ, എഡിമിൽസൺ ഫെർണാണ്ടസ്, മാന്വൽ അകൻഞ്ചി, റികാർഡോ റോഡിഗ്രസ്, ഫാബിയാൻ സാഞ്ചർ, റെമോ ഫ്രയിലെർ, ഗ്രാനിത് ഷാക്ക (ക്യാപ്റ്റൻ), ദിജിബ്രിൽ സോ, റൂബൻ വർഗാസ്, ഷർദാൻ ഷാഖിരി, ബ്രീൽ എംബോള. കോച്ച്: മുറാദ് യാകിൻ.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാർട്ടറിലേക്ക് പോർച്ചുഗൽ വന്നത്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരുന്നത്.
Adjust Story Font
16