പ്രീമിയർ ലീഗ്: ആദ്യമത്സരം ജയിച്ചുതുടങ്ങി വമ്പൻമാർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചിരിച്ചുതുടങ്ങി വമ്പൻ ക്ലബുകൾ. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയ ഇപ്സ്വിച്ച് ടൗണിനെ ലിവർപൂളും വോൾവ്സിനെ ആർസനലും തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ഇരു ടീമുകളുടെയും വിജയം.
പുതിയ കോച്ച് അർനെ സ്ളോട്ടിന്റെ ശിക്ഷണത്തിൽ പ്രീമിയർ ലീഗിൽ കളത്തിലിറങ്ങിയ ലിവർപൂളിന് ആദ്യ മത്സരത്തിൽ വലിയ ആശങ്കകളുണ്ടായിരുന്നില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിൽ നിന്ന ചെങ്കുപ്പായക്കാർക്കായി 60ാം മിനുറ്റിൽ ഡിയഗോ ജോട്ടയാണ് ആദ്യ ഗോൾ നേടിയത്. അഞ്ചുമിനുറ്റുകൾക്ക് ശേഷം മുഹമ്മദ് സലാഹ് ലീഡുയർത്തി.
പോയവർഷം ഇഞ്ചോടിഞ്ചിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുറച്ച ആർസനൽ സ്വന്തം കാണികൾക്ക് മുന്നിൽ ആധികാരികമായാണ് തുടങ്ങിയത്. 25ാം മിനുറ്റിൽ കൈൽ ഹാവർട്സിന്റെ ഗോളിൽ മുന്നിലെത്തിയ പീരങ്കിപ്പടക്കായി 74ാം മിനുറ്റിൽ സൂപ്പർ താരം ബുക്കായോ സാക്ക നിറയൊഴിച്ചു.
മറ്റുമത്സരങ്ങളിൽ ന്യൂകാസിൽ സൗതംപട്ണെ എതിരില്ലാത്ത ഒരു ഗോളിനും ബ്രൈറ്റൺ എവർട്ടണിനെ എതിരില്ലാത്ത മൂന്നുഗോളിനും തോൽപ്പിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് ബേൺമൗത്ത് മത്സരം ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
Adjust Story Font
16