ഇരട്ടഗോളും അസിസ്റ്റുമായി ഡിബ്രുയിനെ; പാലസ് കോട്ട തകർത്ത് സിറ്റി തേരോട്ടം
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പാലസിനെ അവരുടെ തട്ടകത്തിൽ തകർത്തത്.
ലണ്ടൻ: പ്രീമിയർ ലീഗ് അവസാനലാപ്പിൽ വിജയത്തോടെ കിരീട പ്രതീക്ഷ കാത്ത് മാഞ്ചസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ തകർത്തത്. ഇരട്ട ഗോളും അസിസ്റ്റുമായി കെവിൻഡിബ്രുയിനെ തിളങ്ങിയ മത്സരത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് പാലസിനെ അവരുടെ തട്ടകത്തിൽ കീഴടക്കിയത്. ഇതോടെ ആഴ്‌സനിലെ മറികടന്ന് സിറ്റി രണ്ടാം സ്ഥാനത്തേക്കുയർന്നു. 31 മത്സരങ്ങളിൽ ൭൦ പോയന്റാണ് സിറ്റിയുടെ നേട്ടം. തലപ്പത്തുള്ള ലിവർപൂളിനും ഇതേ പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇനിയുള്ള ഓരോ മത്സരവും നിർണായകമായ സിറ്റിയെ ഞെട്ടിച്ച് ക്രിസ്റ്റൽ മൂന്നാം മിനിറ്റിൽ പ്രഹരമേൽപ്പിച്ചു. ജീൻ ഫിലിപ്പെ മട്ടേറ്റയിലൂടെ മൂന്നാംമിനിറ്റിലാണ് ആതിഥേയർ ലീഡെടുത്തത്. നിലയുറപ്പിക്കും മുൻപെയുണ്ടായ ആഘാതത്തിൽ നിന്ന് പത്തുമിനിറ്റിന് ശേഷം ചാമ്പ്യൻക്ലബ് തിരിച്ചടിച്ചു. ബോക്‌സിന് പുറത്തുനിന്ന് ഉതിർത്ത അത്യുഗ്രൻ ലോങ് റെയിഞ്ചറിലൂടെ (13) കെവിൻ ഡിബ്രുയിനെയാണ് സിറ്റിയെ തിരിച്ചു കൊണ്ടുവന്നത്. ആദ്യപകുതിയിൽ അവസാനിച്ചിടത്തുനിന്ന് തുടങ്ങിയ പെപെ ഗ്വാർഡിയോളയും സംഘവും 47ാം മിനിറ്റിൽ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. 19കാരൻ റികോ ലിവിസിലൂടെയാണ് രണ്ടാം ഗോൾ നേടിയത്.
66ാം മിനിറ്റിൽ ഗ്രീലിഷ്-ഡിബ്രുയിനെ-ഹാളണ്ട് കൂട്ടുകെട്ടിൽ മൂന്നാമതും സിറ്റി ലക്ഷ്യംകണ്ടു. പന്തുമായി മുന്നേറിയ ജാക് ഗ്രീലിഷ് ഡിബ്രുയിനെയെ ലക്ഷ്യമാക്കി പാസ് നൽകി. ബബോക്‌സിൽ നിന്ന് ഹാളണ്ടിന് നൽകിയ കട്ട്പാസ് ക്ലോസ് റേഞ്ചിൽ നിന്ന് യുവതാരം കൃത്യം വലയിലെത്തിച്ചു. നാല് മിനിറ്റിന് ശേഷം നാലാം ഗോളും നേടി സിറ്റി മത്സരം സീൽചെയ്തു. ഇത്തവണ റോഡ്രിയുടെ അസിസ്റ്റിൽ ഡിബ്രുയിനെയായിരുന്നു വലകുലുക്കിയത്. 86ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ആശ്വാസഗോൾ നേടി. ജെഫി ഷുൽപിന്റെ അസിസ്റ്റിൽ ഒഡ്‌സോനെ എഡ്വാർഡാണ് രണ്ടാം ഗോൾ നേടിയത്.
Adjust Story Font
16