മെസ്സിക്കൊപ്പം ക്രിസ്റ്റ്യാനോ; എംബാപ്പെക്ക് പകരം പോർച്ചുഗീസ് ഇതിഹാസത്തെ നോട്ടമിട്ട് പിഎസ്ജി
ഖത്തർ നിക്ഷേപമിറക്കിയ ശേഷം അസാധ്യമെന്ന് തോന്നിയ സൈനിങ്ങുകൾ നടത്തിയ ക്ലബാണ് പിഎസ്ജി
ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണോൾഡോയും ഒരേ ടീമിൽ പന്തു തട്ടുമോ? അസാധ്യമെന്ന് തോന്നുന്ന ഒരു ലക്ഷ്യത്തിലേക്ക് കണ്ണെറിഞ്ഞിരിക്കുകയാണ് ഈയിടെ മെസ്സിയെ സ്വന്തമാക്കിയ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. 2022ൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് പകരം റൊണാൾഡോയെ ടീമിലെത്തിക്കാൻ പിഎസ്ജി ചരടുവലി ആരംഭിച്ചു കഴിഞ്ഞു. സ്പാനിഷ് മാധ്യമമായ എഎസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ സീസണിൽ പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ അവസാനിക്കുകയാണ്. അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് പോകാൻ ഫ്രഞ്ച് താരം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താരവുമായുള്ള കരാർ പിഎസ്ജി പുതുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ യുവന്റസ് താരമായ റൊണാൾഡോയുടെ കരാറും അടുത്ത സീസണോടെ അവസാനിക്കുകയാണ്.
ഖത്തർ സ്പോര്‍ട്സ് ഇന്‍വസ്റ്റ്മെെന്‍റ്സ് നിക്ഷേപമിറക്കിയ ശേഷം അസാധ്യമെന്ന് തോന്നിയ സൈനിങ്ങുകൾ നടത്തിയ ക്ലബാണ് പിഎസ്ജി. അതുകൊണ്ടു തന്നെ ക്രിസ്റ്റ്യാനോയുടെ സൈനിങ്ങിനെ കുറിച്ചുള്ള വാർത്തകൾ അത്രയെളുപ്പത്തിൽ തള്ളിക്കളയാനാവില്ലെന്ന് ഫുട്‌ബോൾ വിദഗ്ധർ കരുതുന്നു. ലോകഫുട്‌ബോളിലെ അതികായരായ മെസ്സി, ക്രിസ്റ്റിയാനോ, നെയ്മർ ത്രയത്തെ ക്ലബിൽ ഒന്നിച്ച് അവതരിപ്പിക്കാനുള്ള അസുലഭ അവസരത്തിനായാണ് പിഎസ്ജി വലയെറിയുന്നത്.
പിഎസ്ജിയുടെ നീക്കത്തെ കുറിച്ച് ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോർജ് മെൻഡെസ് ബോധവാനാണ് എന്നാണ് എഎസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം 37 വയസ്സ് തികയുന്ന ക്രിസ്റ്റ്യാനോക്ക് രണ്ടു വർഷത്തേക്കുള്ള വമ്പൻ ഓഫർ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16