മെസിയെ പി.എസ്.ജി വിടില്ല; കരാർ പുതുക്കുമെന്ന് റിപ്പോർട്ട്
ഏറ്റവും മികച്ച ഓഫറാണ് പി.എസ്.ജി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം
പാരിസ്: ബാഴ്‌സലോണയിലേക്ക് കൂടുമാറുന്നതായുള്ള വാർത്തകൾക്കിടെ സൂപ്പർ താരം ലയണൽ മെസിയെ നിലനിർത്താൻ നീക്കവുമായി പി.എസ്.ജി. താരത്തിന്റെ കരാർ പുതുക്കുമെന്നാണ് പുതിയ വിവരം. ടീമിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയതിന് പി.എസ്.ജി സസ്‌പെൻഷൻ നടപടികൾ സ്വീകരിച്ചതിനു പിന്നാലെയാണ് പുതിയ വാർത്ത.
'ദി ടൈംസ്' ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് ടീം തുടരുന്ന മോശം പ്രകടനത്തിനു പിന്നാലെയും മെസിയെ നിലനിർത്താനാണ് മാനേജ്‌മെന്റ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും മികച്ച ഓഫറാണ് ടീം മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇതോടൊപ്പം ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ സജ്ജമാക്കുമെന്ന് താരത്തിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. ഈ സീസണിന്റെ അവസാനത്തോടെ മെസി ഫ്രീ ഏജന്റാകാനിരിക്കെയാണ് പുതിയ തട്ടകത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
പി.എസ്.ജി സസ്‌പെൻഷനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് സൂപ്പർ താരം രംഗത്തെത്തിയിരുന്നു. സൗദിയാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ താരം വ്യക്തമാക്കി.
സാധാരണ പോലെ മത്സരത്തിനുശേഷം അവധിയാകുമെന്നാണ് താൻ കരുതിയതെന്ന് മെസി പറഞ്ഞു. യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. റദ്ദാക്കാൻ കഴിയുമായിരുന്നില്ല. നേരത്തെ റദ്ദാക്കി മാറ്റിനിശ്ചയിച്ച യാത്രയായിരുന്നു ഇത്. സഹതാരങ്ങളോട് മാപ്പുചോദിക്കുകയാണ്. ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേയ് മൂന്നിനാണ് പി.എസ്.ജിയുടെ അനുമതി ചോദിക്കാതെ ലയണൽ മെസി സൗദി സന്ദർശിച്ചത്. ഇതിനുപിന്നാലെ താരത്തെ രണ്ടാഴ്ചത്തേക്ക് ക്ലബ് സസ്പെൻഡ് ചെയ്തു. ലോറിയന്റിനെതിരെ നടന്ന മത്സരത്തിൽ 3-1ന് പി.എസ്.ജിയുടെ പരാജയത്തിനു പിന്നാലെയായിരുന്നു മെസിയുടെ സൗദിയാത്ര. സസ്പെൻഷൻ കാലയളവിൽ മെസിക്ക് ടീമിനായി കളിക്കാനും പരിശീലനത്തിനും വിലക്കുണ്ട്. പ്രതിഫലവും ലഭിക്കില്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു.
അതിനിടെ, താരത്തെ വിടാതെ പിന്തുടരുകയാണ് സൗദി ക്ലബ് അൽഹിലാൽ. വമ്പൻ തുക വാഗ്ദാനം ചെയ്താണ് താരത്തെ ക്ലബിലെത്തിക്കാൻ നീക്കം നടക്കുന്നത്. 150 കോടി റിയാൽ(ഏകദേശം 3200 കോടി രൂപ) പ്രതിവർഷ പ്രതിഫലമാണ് ക്ലബ് മെസിക്ക് ഓഫർ ചെയ്തിരിക്കുന്നത്. ചെയ്ത് സൗദിയിലെ അൽ ഹിലാൽ ക്ലബ്ബ്. പ്രതിവർഷം 22 കോടി ഡോളറിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു സൗദി ക്ലബായ അൽനസ്‌റിൽ ചേർന്നത്.
Summary: PSG offer Lionel Messi new contract offer amidst Barcelona rumours
Adjust Story Font
16